യുവാവിനെ വെട്ടിക്കൊന്ന്‌ അരകിലോമീറ്റര്‍ അകലെ കാല്‍ വലിച്ചെറിഞ്ഞു: സി.സി.ടി.വി ദൃശ്യങ്ങൾ – UKMALAYALEE

യുവാവിനെ വെട്ടിക്കൊന്ന്‌ അരകിലോമീറ്റര്‍ അകലെ കാല്‍ വലിച്ചെറിഞ്ഞു: സി.സി.ടി.വി ദൃശ്യങ്ങൾ

Saturday 11 December 2021 11:55 PM UTC

പോത്തന്‍കോട്‌ (തിരുവനന്തപുരം) Dec 11: യുവാവിനെ വെട്ടിക്കൊന്ന ഗുണ്ടാസംഘം അറുത്തെടുത്തകാല്‍ അര കിലോമീറ്ററകലെ വലിച്ചെറിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വാവറമ്പലത്തിനു സമീപം കല്ലൂരിലാണു പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവം.

മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട്‌ കോളനിയില്‍ സുധീഷ്‌ (35) ആണു വെട്ടേറ്റ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടരയോടെയായയിരുന്നു സംഭവം. ഗുണ്ടാസംഘത്തെ കണ്ട്‌ സമീപത്തെ വീട്ടിലേക്ക്‌ ഓടിക്കയറിയ യുവാവിനെ ആ വീട്ടിലെ സ്‌ത്രീയുടേയും കുഞ്ഞിന്റെയും മുന്നിലിട്ട്‌ വെട്ടുകയായിരുന്നു. ഗുണ്ടാപ്പകയാണ്‌ ആക്രമണത്തിനുപിന്നിലെന്നാണു പോലീസ്‌ നിഗമനം.

മംഗലപുരം, ആറ്റിങ്ങല്‍ സ്‌റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ്‌ സുധീഷ്‌. അക്രമികളുടെ ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍ പതിഞ്ഞിട്ടുണ്ട്‌. തന്നെ ആക്രമിച്ചത്‌ കുപ്രസിദ്ധ ഗുണ്ടാ ഒട്ടകം രാജേഷും സംഘവും ആണെന്ന്‌ ആശുപത്രിയില്‍ പോകുന്നവഴി സുധീഷ്‌ പറഞ്ഞതായി പോലീസ്‌ പറയുന്നു.

ഓട്ടോയിലും ബൈക്കിലുമായി എത്തിയ പന്ത്രണ്ടംഗസംഘമാണ്‌ ആക്രമണം നടത്തിയത്‌. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്കു വലിച്ചെറിയുകയായിരുന്നു.

അക്രമികളെ കണ്ട്‌ സുധീഷ്‌ സമീപത്തെ വീട്ടിലേക്ക്‌ ഓടിക്കയറിയെങ്കിലും അക്രമികള്‍ വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. സ്‌ഥലത്തു നാടന്‍ ബോംബെറിഞ്ഞ്‌ ഭീകാരാന്തരീക്ഷം സൃഷ്‌ടിച്ചശേഷമായിരുന്നു ആക്രമണം.

ഈ വീട്ടിലെ സ്‌ത്രീയുടേയും കുഞ്ഞിന്റെയും നിലവിളികേട്ട്‌ ഓടിക്കൂടിയ പരിസരവാസികളെ വാളും മഴുവുമടങ്ങുന്ന ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയശേഷമാണ്‌ സുധീഷിനെ വീട്ടില്‍ കയറി വെട്ടിയത്‌.

കൈയും കാലുമില്ലാതൈ രക്‌തംവാര്‍ന്ന നിലയില്‍ തറയില്‍ പിടയുന്ന സുധീഷിനെ ഉടന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വതിയാണു സുധീഷിന്റെ ഭാര്യ. ആരാധിക മകള്‍. ഡി.ഐ.ജി. സഞ്‌ജയ്‌ കുമാര്‍ ഗുരുദിന്‍, റൂറല്‍ എസ്‌. പി: പി. കെ. മധു എന്നിവര്‍ സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി.

CLICK TO FOLLOW UKMALAYALEE.COM