യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന എന്‍.വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് – UKMALAYALEE

യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന എന്‍.വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Thursday 14 November 2019 6:42 AM UTC

തിരുവനന്തപുരം Nov 14: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്റ്.

യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനുകൂടി താത്പര്യമുള്ള എന്‍.വാസുവാണ് പുതിയ ബോര്‍ഡ് പ്രസിഡന്റ്. നാളെ അദ്ദേഹം സ്ഥാനമേല്‍ക്കും. സിപിഐ പ്രതിനിധിയായി സംസ്ഥാനകൗണ്‍സില്‍ അംഗം അഡ്വ കെ.എസ്.രവിയും ബോര്‍ഡില്‍ എത്തും.

എന്‍.എസ്. എസ്. നിരന്തരം സര്‍ക്കാര്‍ വിരുദ്ധനിലപാടുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഏറെക്കാലമായി മുന്നാക്ക വിഭാഗം കൈയാളിയിരുന്ന പ്രസിഡന്റ് പദവിയില്‍ പുതിയ സമുദായ സമവാക്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ഇപ്പോഴത്തെ പ്രസിഡന്റ് എ.പദ്കുമാറിന്റേയും അംഗം കെ.പി.ശങ്കരദാസിന്റേയും കാലാവധി നാളെ അവസാനിക്കും.

യുവതീപ്രവേശനത്തില്‍ സര്‍ക്കാരുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും പലപ്പോഴും കലഹിച്ചിരുന്ന പദ്മകുമാര്‍ കോടതിവിധി വരുന്ന അതേദിവസം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിരമിക്കുകയാണ്.

കോടതിവിധി എന്തായാലും അത് നടപ്പാക്കാനുള്ള ബാദ്ധ്യത പുതിയ പ്രസിഡന്റിനും സര്‍ക്കാരിനുമാകും. യുവതീ പ്രവേശനം വേണം എന്ന് ശക്തമായി വാദിച്ചിരുന്നയാളാണ് മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കൂടിയായ എന്‍. വാസു. ചാനല്‍ ചര്‍ച്ചകളിലും മറ്റും സര്‍ക്കാരിനും പണറായിക്കും വേണ്ടി ശക്തമായി വാദിച്ച മികച്ച നിയമ വിദഗധന്‍കൂടിയാണ് എന്‍. വാസു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ ക്ഷേത്രം അടച്ചിട്ട തന്ത്രിയുടെ നിലപാടില്‍ ദേവസ്വം കമ്മീഷണര്‍ എന്ന നിലയില്‍ എന്‍ വാസു വിശദീകരണം ചോദിച്ചത് വന്‍ വിവാദം ആയിരുന്നു.

തന്ത്രിയുടെ നടപടി തെറ്റാണെന്നും ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് തന്ത്രി ശബരിമല നട അടച്ചതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

ദേവസ്വം കമ്മീഷ്ണര്‍ സ്ഥാനത്തിന് പുറമെ മന്ത്രിയായിരുന്ന പി.കെ ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറി, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും എന്‍. വാസു വഹിച്ചിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM