
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14ന് വാറ്റ്ഫോർഡിൽ
Thursday 12 May 2022 8:04 PM UTC

അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി)
യുക്മ യുകെയിലെ മലയാളി നഴ്‌സുമാർക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന സംഘടനയാണ് യുക്മ നഴ്സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളിൽ യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ യുകെയിലെ നഴ്സുമാർക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
നഴ്സുമാരുടെ ശമ്പളവർദ്ദന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന നഴ്സുമാരുടെ പെർമനൻ്റ് റസിഡൻസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് പ്രാദേശിക എംപിമാർ മുഖാന്തിരം നിവേദനങ്ങൾ നല്കുവാൻ ഇക്കാര്യങ്ങളിൽ അനുകൂലമായ അഭിപ്രായം ഉണ്ടാക്കിയെടുക്കുവാനും യുക്മയ്ക്കും യു.എൻ എഫിനും സാധിച്ചിട്ടുണ്ട്. അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമായുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ത്യാഗോജ്വലമായ പോരാട്ടങ്ങൾ തുടരുകയുമാണ്.
യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14 ശനിയാഴ്ച വാറ്റ്ഫോർഡിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്യും. സിബി തോമസ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജോയിൻറ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീനാ സജീവ്, യുക്മ ലണ്ടൻ കോർഡിനേറ്ററും മുൻ യുഎൻ എഫ് കോർഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം, സണ്ണിമോൻ മത്തായി തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം 3 മണി വരെയായിരിക്കും നടക്കുന്നത്. നഴ്സിംഗ് മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന നഴ്സിംഗ് കരിയർ ഗൈഡൻസ് സെമിനാറിൽ എൻ എച്ച് എസ് ചീഫ് നഴ്സിംഗ് ഓഫീസർ ഡങ്കൻ ബർട്ടൻ, വെസ്റ്റ് ഹാർട്ട് ഹോസ്പിറ്റൽ ചീഫ് നഴ്സ് ഡയറക്ടർ ട്രെയ്സി കാർട്ടർ, സാജൻ സത്യൻ, മിനിജ ജോസഫ് തുടങ്ങിയവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം കൊടുക്കും.
കൊച്ചുകേരളത്തിന്റെ പ്രശസ്തി അഗോളതലത്തിൽ എത്തിച്ചതിൽ മലയാളി നഴ്സുമാർ വഹിച്ച പങ്ക് നിസ്തുലമാണ്. അവരുടെ അർപ്പണമനോഭാവവും, കഠിന പരിശ്രമവും കൊണ്ട് വിവിധ രാജൃങ്ങളിൽ തൊഴിൽ ചെയ്യാനും കുടിയേറുവനും സാധിച്ചിട്ടുണ്ട്. യുകെയിലെ ആരോഗൃമേഖലയിൽ മികച്ച പാടവമാണ് നമ്മുടെ നഴ്സുമാർ പുലർത്തുന്നത്.
നഴ്സുമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ യുക്മ എന്നും മുൻപന്തിയിലുണ്ട്. യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം (UNF) കെ സി എഫ് വാറ്റ്ഫോർഡുമായി ചേർന്നാണ് ഒരുക്കുന്ന നേഴ്സസ് ദിനാചരണവും സെമിനാറും ശനിയാഴ്ച (14-05-2022) 10AM മുതൽ 3PM വരെ വാറ്റ്ഫോർഡിൽ സംഘടിപ്പിച്ചിരിക്കുന്നത്.
പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വീജയത്തിലും ജോലിയിലും മുന്നേറാൻ സഹായകരമായ കാരൃങ്ങൾ ഉൾപ്പെടുത്തിയാണ് സെമിനാർ വിഭാവനം ചെയ്യ്തിരിക്കുന്നത്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് തോളോടു തോൾച്ചേർന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് യു എൻ എഫും കെ സി എഫും ശ്രമിക്കുന്നത്. ദയവായി മുൻകുർ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പു വരുത്തുക
ആതുരസേവന മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്സുമാർ. രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നവരുമാണ് നഴ്സുമാർ. നഴ്സുമാർ ഓരോരുത്തരും അവരവർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ വളരെ പ്രധാന പങ്കുവഹിക്കുന്നവരാണ്.
മൂന്നും നാലും അതിലധികവും വർഷങ്ങളിലെ പഠനകാലങ്ങളിൽ നേടുന്ന വിലമതിക്കാനാവാത്ത വിജ്ഞാനവും, പരിശീലനകാലങ്ങളിൽ നേടുന്ന അമൂല്ല്യമായ അറിവുകളും ലോകത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ പ്രാപ്തമായ രീതിയിൽ കൊണ്ടു പോകുവാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കുന്നു. അത് കുലീനമായ നഴ്സിംഗ് ജോലിയുടെ മാത്രം പ്രത്യേകതയാണത്.
കോവിഡിൻ്റെ ഭീതി ഒഴിഞ്ഞെങ്കിലും നഴ്സുമാരുടെ ജോലി വളരെയേറെ ഉത്തരവാദിത്വവും അപകടവും നിറഞ്ഞതാണ്. എന്നിരുന്നാലും രോഗികളിൽനിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സഹ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന നല്ല പ്രതികരണങ്ങൾ, മറ്റുള്ളവർക്കായി ചെയ്യുന്ന നല്ല പ്രവർത്തികൾ, അഭിമാനിക്കാൻ ഏറെയുണ്ട് ആരോഗ്യ ഖേലയിലെ മാലാഖമാർക്ക്.
എല്ലാ യു.കെ. മലയാളി നഴ്സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയുന്ന ഒരു വലിയ പ്ലാറ്റ്ഫോമാണ് യുക്മ നഴ്സസ് ഫോറം (യു.എൻ.എഫ്). പരിശീലനം, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ തുടങ്ങിയവയിലൂടെ നഴ്സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണൽ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എൻ.എഫ് പ്രവർത്തിക്കുന്നത്. യു കെയിലെ എല്ലാ മലയാളി നഴ്സുമാരും പ്രൊഫഷണൽ കാര്യങ്ങളിൽ പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എൻ.എഫുമായി ബന്ധപ്പെട്ടുകൊണ്ടു പ്രവർത്തിക്കാൻ യു എൻ എഫ് ദേശീയ സമിതി അഭ്യർത്ഥിക്കുന്നു.
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിൻറ് സെക്രട്ടറിയും യു എൻ എഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യൻ, പ്രസിഡൻ്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ എന്നിവർ അറിയിച്ചു.
കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- ജോർജ് തോമസ് – 07459518143. ബ്രോണിയ ടോമി – 07852112470. സിബു സ്കറിയ – 07886319232
CLICK TO FOLLOW UKMALAYALEE.COM