യുക്കെയിൽ ഒരാൾ മരണപെട്ടുകഴിഞ്ഞാൽ എന്തൊക്കെയാണ് ചെയ്യേണ്ടത്? – UKMALAYALEE

യുക്കെയിൽ ഒരാൾ മരണപെട്ടുകഴിഞ്ഞാൽ എന്തൊക്കെയാണ് ചെയ്യേണ്ടത്?

Thursday 20 May 2021 10:06 PM UTC

അജിത്‌ പാലിയത്ത്

മരണം എപ്പോഴും വാതിലിന് മറവിലുണ്ട്. എപ്പോള്‍ വേണമെങ്കിലും അവന്‍ വാതില്‍ തുറന്ന് അകത്തു കടക്കാം. രംഗബോധമില്ലാത്ത ഈ കോമാളി നമ്മളേറെ സ്നേഹിക്കുന്നവരെ നമ്മളില്‍ നിന്ന് വേർപ്പെടുത്തി കൊണ്ടേയിരിക്കും. അതൊരു പ്രകൃതി നിയമമാണ്.

“കാലമതിന്റെ കനത്ത കരംകൊണ്ട്, ലീലയായൊന്ന് പിടിച്ചു കുലുക്കിയാല്‍, പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ, പാദപപ്പൂക്കളാം താരകള്‍ കൂടിയും ‘ – എന്ന് കവി പറയുന്നത് മരണത്തിന്റെ അലംഘനീയമായ വിധികളെ സാക്ഷ്യപ്പെടുത്തുവാനാണ്.

അവര്‍ കടന്നു പോകുമ്പോള്‍ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റുക ഒപ്പം അവരുമായി ബന്ധപെട്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുകയെന്നതും പ്രിയപ്പെട്ടവരുടെ കടമയാണ്.

യുക്കെയിൽ ഒരാൾ മരണപെട്ടുകഴിഞ്ഞാൽ എന്തൊക്കയാണ് ചെയ്യേണ്ടത് എന്ന ചിന്തയുടെ ഭാഗമായി തയ്യാറാക്കിയ ഈ നീണ്ട കുറിപ്പ് യുക്കെ ഗവണ്മെന്റിന്റെ വിവിധ ജനസേവന വിഭാഗങ്ങളുടെ വിവിധ കുറിപ്പുകളില്‍ നിന്ന് ക്രോഡീകരിച്ചതാണ്.

ഇതൊരു കൈചൂണ്ടുപലകയായി മാത്രം കാണുവാന്‍ ശ്രമിക്കുക. കൂടുതല്‍ സംശയങ്ങള്‍ ബന്ധപ്പെട്ടവരുമായി സംസരിക്കേണ്ടതാണ്. ഒപ്പം ഇതില്‍ ഗവണ്മെന്റിന്റെ അല്ലാത്തതായി കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ദയവായി നിങ്ങളുടെ വിശ്വാസത്തില്‍ പരിശോധിക്കുക.

വീട്ടില്‍ മരണം സംഭവിച്ചാല്‍ ഉടനെ എന്തുചെയ്യണം?

മരണം വീട്ടില്‍ നടന്നാല്‍ ആ വ്യക്തിയുടെ GP-യെ എത്രയും വേഗം വിളിക്കണം. മരണം പ്രതീക്ഷിച്ചിരുന്നെങ്കിൽ, മരണകാരണം നൽകുന്ന സർട്ടിഫിക്കറ്റ് GP ഉടനെ നല്‍കും. മരണം അപ്രതീക്ഷിതമാണെങ്കില്‍ ഉടനെ 111 (NHS non-emergency number) വിളിച്ചു ഉപദേശം ചോദിക്കുക. ജി. പി. സര്‍ജറി തുറക്കുന്ന സമയത്തിന് പുറത്ത് മരണം സംഭവിക്കുകയാണെങ്കിൽ, പകരം 111 (NHS non-emergency number) വിളിക്കുക.

മരണകാരണത്തെക്കുറിച്ച് ഉറപ്പില്ലെങ്കിൽ ഡോക്ടർക്ക് സർട്ടിഫിക്കറ്റ് നൽകാൻ അനുവാദമില്ല. അങ്ങനെ വന്നാല്‍ Coroner-ക്ക് (Coroner- അസ്വാഭാവിക മരണങ്ങൾ അന്വേഷിക്കുന്ന ഗവണ്മെന്റ് അധികാരി) റിപ്പോർട്ട് ചെയ്യുകയും മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തേണ്ടതുമാണ്.

ആശുപത്രിയിലാണ് മരണം സംഭവിച്ചതെങ്കില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് ഉടനെ മാറ്റും. നമ്മളോട് ഫ്യൂണറല്‍ ഡയറക്ടർമാരെ ബന്ധപ്പെടുവാനും അവര്‍ ആവിശ്യപ്പെടും. ഹോസ്പിറ്റല്‍ ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒപ്പം മരണം രജിസ്റ്റര്‍ ചെയ്യാനുള്ള വിശദവിവരങ്ങള്‍ അടങ്ങിയ കുറിപ്പ് കൂടി നല്‍കും. ഇവിടെയും ചിലപ്പോള്‍ ഡോക്ടര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ സാധിക്കില്ല. അങ്ങനെവന്നാന്‍ മേല്പറഞ്ഞ പോലെ Coroner-ക്ക് റിപ്പോർട്ട് ചെയ്യും. വിദേശത്ത് മരണങ്ങൾ സംഭവിച്ചാൽ ആ രാജ്യത്തെ നിയമമനുസരിച്ച് അവിടെ ആദ്യം രജിസ്റ്റർ ചെയ്യണം. പിന്നീട് മരണം അവിടുള്ള ബ്രിട്ടീഷ് കോൺസുലേറ്റിൽ റിപ്പോർട്ട് ചെയ്യണം. അവർ Consulate Death Certificate നല്‍കും. അത് വെച്ച് യുകെയില്‍ മരണം രജിസ്റ്റർ ചെയ്യാൻ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. https://www.gov.uk/…/publications/coping-with-death-abroad

മരണം വിദേശത്ത്‌ സംഭവിക്കുകയും യുക്കെയിലേക്ക് കൊണ്ടുവരുകയും ചെയ്യണമെങ്കില്‍ ചിലവുള്ള കാര്യമാണ്. എങ്കിലും ചിലപ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് ഇവിടെ ഉപകാരപ്പെടുന്നതാണ്. അതിനായി അവരുമായി കോണ്ടാക്ട് ചെയ്യുക. മൃതദേഹം യുകെയില്‍ എത്തികഴിഞ്ഞാല്‍ Funeral നടക്കുന്ന സ്ഥലത്തെ Registrar of Births, Deaths and Marriages-ല്‍ അറിയിക്കേണ്ടതും ശവസംസ്കാരം നടക്കുന്നതിനു മുമ്പ് അവര്‍ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുകയും വേണം.

Cremation ആണ് നടത്തുന്നതെങ്കില്‍ Home Office -ന്‍റെ അനുമതി വേണം. സ്വാഭാവിക കാരണങ്ങളാലല്ല മരണം സംഭവിച്ചതെങ്കിൽ ആ ജില്ലയിലെ കൊറോണറെ ഇക്കാര്യം അറിയിക്കേണ്ടി വരും, ഒപ്പം അവര്‍ക്ക് അന്വേഷണം നടക്കേണ്ടതുമാണ്.

മരണം രജിസ്റ്റർ ചെയ്യുന്നത് എപ്രകാരമാണ്?

നിങ്ങളുടെ അടുത്തുള്ള ജനന, മരണ, വിവാഹ രജിസ്ട്രാർ ഓഫീസിലാണ് (Registrar of Births, Deaths and Marriages) മരണം രജിസ്റ്റർ ചെയ്യേണ്ടത്. നിങ്ങളുടെ സ്ഥലത്ത് ഇതെവിടെയാണെന്ന് കണ്ടുപിടിക്കാന്‍ ഈ ലിങ്കില്‍ നോക്കുക. https://www.gov.uk/register-offices വീട്ടിൽ വെച്ചാണ് മരണപ്പെട്ടതെങ്കിൽ അവർ താമസിച്ചിരുന്ന ജില്ലയുടെ (യുക്കെയില്‍ 309 ജില്ലകളുണ്ട് ) രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. മരണം ആശുപത്രിയിലോ നഴ്സിംഗ് ഹോമിലോ ആണ് നടന്നതെങ്കില്‍ ആശുപത്രിയോ നഴ്സിംഗ്-ഹോമോ സ്ഥിതിചെയ്യുന്ന ജില്ലയുടെ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ചില സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിലും വെയിൽസിലും, നിങ്ങൾക്ക് മറ്റൊരു രജിസ്ട്രാർ ഓഫീസില്‍ മരണം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിന്റെ വിശദാംശങ്ങൾ കൃത്യമായ ഓഫീസിലേക്ക് അവർ കൈമാറിക്കൊള്ളും. അഞ്ച് ദിവസത്തിനുള്ളിലാണ് മരണം രജിസ്റ്റർ ചെയ്യേണ്ടത്. എന്നാല്‍ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രജിസ്ട്രേഷൻ ഒമ്പത് ദിവസം വരെ വൈകാം. കാരണം വ്യക്തിയുടെ മരണം അസ്വാഭിക മരണമായികണ്ട് കൊറോണർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ, കൊറോണറുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. മനപൂര്‍വ്വം മരണം രജിസ്റ്റർ ചെയ്യാതിരിക്കുന്നത് ക്രിമിനൽ കുറ്റമാണ് എന്നോർക്കണം.

മരണം ആർക്ക് രജിസ്റ്റർ ചെയ്യാം.? ( ഇത് മുൻ‌ഗണന ക്രമത്തിൽ ആണ് ).

മരണത്തിൽ പങ്കെടുത്ത ബന്ധു. വ്യക്തിയുടെ അവസാന സമയത്ത് ഉണ്ടായിരുന്ന ബന്ധു. മരണം നടന്ന ജില്ലയിൽ താമസിക്കുന്ന ബന്ധു. മരണസമയത്ത് ഉണ്ടായിരുന്ന മറ്റാരെങ്കിലും. മരണത്തെക്കുറിച്ച് അറിയുന്ന മരണം നടന്ന കെട്ടിടത്തിന്റെ ഉടമയോ താമസിക്കുന്ന ആളോ. ശവസംസ്കാരം ക്രമീകരിക്കുന്ന വ്യക്തി (funeral director അല്ല). ഇതല്ലാത്ത മറ്റാർക്കും മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം നിയമപ്രകാരം അനുവദിക്കുന്നില്ല.

രജിസ്റ്റർ ചെയ്യാൻ എന്തൊക്കോ രേഖകള്‍ ആവിശ്യമാണ്?

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒപ്പം സാധ്യമെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, NHS നമ്പര്‍, കൌണ്‍സില്‍ ബില്‍, പാസ്പോര്‍ട്ട്, വിവാഹ / സിവിൽ പാർട്ണർഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, താമസസ്ഥല വിലാസത്തിന്റെ തെളിവ് (proof of address (eg: utility bill)) എന്നിവ കൊണ്ടുപോകുന്നത് അഭികാമ്യമാണ്.

രജിസ്ട്രാറിനോട് എന്തൊക്കെയാണ് പറയേണ്ടത്?

വ്യക്തിയുടെ മുഴുവൻ പേര്, വ്യക്തിയുടെ ജനന തീയതിയും സ്ഥലവും, മരണ തീയതിയും സ്ഥലവും, അവരുടെ അവസാന വിലാസം, വ്യക്തിയുടെ അവസാന ജോലി, വ്യക്തിക്ക് പെൻഷനോ മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളോ ലഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍(State Pension or any other benefits).

ഇതോടൊപ്പം തന്നെ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തിയുടെ spouse അല്ലെങ്കിൽ civil partner-റുടെ മുഴുവൻ പേര്, അവരുടെ ജനനത്തീയതി, ജോലി, ആ വ്യക്തി ഇപ്പോഴും വിവാഹിതയോ വിവാഹിതനോ ആണെങ്കിൽ, അവരുടെ ഭർത്താവിന്റെയോ ഭാര്യയുടെയോ ജനനത്തീയതിയുടേയും വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കേണ്ടതാണ്.

രജിസ്റ്റർ ഓഫീസ്സില്‍ നിന്ന് ലഭിക്കുന്ന രേഖകള്‍ എന്താണ്?

മരണം രജിസ്റ്റർ ചെയ്തുകഴിയുമ്പോള്‍ രജിസ്ട്രാർ ദഹിപ്പിക്കാനോ സംസ്കരിക്കാനോ (cremation or burial ) ഉള്ള അനുമതിപത്രം, ഗ്രീന്‍ ഫോം (Green Form) നല്‍കും (certificate for burial or cremation). ഇതാണ് ഫ്യൂണറൽ ഡയറക്ടർമാർക്ക് നൽകേണ്ടത്. ഇത് സൌജന്യമാണ്. ശവസംസ്കാരം അല്ലെങ്കില്‍ ദഹനം നടന്നുകഴിഞ്ഞാൽ അവരുടെ ഓഫീസ് ഈ ഫോമിന്റെ ഒരു ഭാഗം രജിസ്ട്രാർക്ക് അയച്ചുകൊടുക്കും. ഒരു Coroner പോസ്റ്റ്‌മോർട്ട പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ സംസ്കരിക്കുവാന്‍ ഗ്രീന്‍ ഫോമിന് പകരം Coroner നല്‍കുന്ന അംഗീകൃത രേഖ ശവസംസ്ക്കാര ഡയറക്ടർ ഓഫീസ് ശേഖരിച്ചു കൊള്ളും. അടുത്തത്‌ മരണ സർട്ടിഫിക്കറ്റ് (certified copy of the death certificate) അതായത് രജിസ്റ്ററിൽ രജിസ്ട്രാർ ചേർത്ത എൻ‌ട്രിയുടെ പകര്‍പ്പ്. മരണമടഞ്ഞ വ്യക്തിയുടെ പണം, സ്വത്ത് എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, വിൽപത്രം തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്യാൻ ഈ Death certificate copy ആവശ്യമാണ്. അതുകൊണ്ട് സർട്ടിഫിക്കറ്റിന്റെ നിരവധി പകർപ്പുകൾ ആവശ്യമായി വരും.

മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ ജനറൽ രജിസ്റ്റർ ഓഫീസിൽ നിന്ന് ലഭിക്കും. മിക്ക സ്ഥാപനങ്ങളും ഈ കോപ്പികള്‍ പരിശോധിച്ചു തിരിച്ചു നല്‍കും. ആയതുകൊണ്ട് നാലോ അഞ്ചോ പകര്‍പ്പുകള്‍ മതിയാകും. ഇതിന്റെ വിശദാംശങ്ങൾ‌ https://www.gov.uk/order-copy-birth-death-marriage… ലിങ്കില്‍ ലഭ്യമാണ്. സർ‌ട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പികൾ‌ സാധാരണയായി നിയമ, സാമ്പത്തിക, ഇൻ‌ഷുറൻ‌സ് കമ്പനികൾ‌ സ്വീകരിക്കില്ല മാത്രമല്ല ഇത് പകർ‌പ്പവകാശ ലംഘനവുമാണ്. രജിസ്ട്രേഷന്‍ കഴിയുമ്പോൾ വ്യക്തിയുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യാൻ Department for Work and Pensions (DWP) (Northern Ireland the Social Security ഏജൻസി) ഓഫീസിലേക്ക് അയയ്ക്കുന്നതിനുള്ള ഒരു ഫോമും രജിസ്ട്രാർ നിങ്ങൾക്ക് നൽകും. Certificate of notification or registration of death (BD8 or white form) എന്നാ ഫോം ആണിത്.

എന്നാല്‍ Tell Us Once service ഉപയോഗിച്ചാല്‍ ഇതിന്റെ ആവിശ്യമില്ല. https://www.gov.uk/…/organisations-you-need-to-contact… . ഇവര്‍ സർക്കാർ ഏജൻസികളായ പാസ്‌പോർട്ട് സർവീസ്, DVLA തുടങ്ങിയ സ്ഥലങ്ങളില്‍ മരണം റിപ്പോർട്ട് ചെയ്യാൻ നിങ്ങളെ സഹായിക്കും. ഇതിനായി മരണം രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന് മാത്രം. മരണം സംഭവിച്ചാല്‍ ഗവണ്മെന്റിലെ വിവിധ വകുപ്പുകളില്‍ അറിയിക്കേണ്ടതാണ്.

ശവസംസ്‌കാര ക്രമീകരണങ്ങള്‍ എങ്ങനെ ചെയ്യാം?

മരണപ്പെട്ട വ്യക്തിയുമായി അടുത്ത ആർക്കും ശവസംസ്കാരം ക്രമീകരിക്കാം. അത് പള്ളി സെമിത്തേരി വഴിയോ ലോക്കല്‍ അതോറിറ്റി സെമിത്തേരി വഴിയോ സ്വകാര്യ ഭൂമിയിലോ ചെയ്യാവുന്നതാണ്. സ്വകാര്യ ഭൂമിയിൽ (ഗാര്‍ഡന്‍ സ്ഥലത്ത് ) അടക്കം ചെയ്യുന്നത് തടയാൻ നിയമമൊന്നുമില്ലെങ്കിലും ഇത് ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ പ്രാദേശിക അതോറിറ്റിയെ ബന്ധപ്പെട്ട് ശവസംസ്കാരം നിയമാനുസൃതമാണെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. യുക്കെയില്‍ Cremation (incineration) അല്ലെങ്കില്‍ Burial (അടക്കം) ചെയ്യുന്നതിനുള്ള ആവറേജ് ചെലവ് യഥാക്രമം £4,000, £5,000 ആണ്. Funeral director-മാര്‍ക്ക് ഇത് ബിസിനസ്‌ ആണ്. ആയതുകൊണ്ട് രണ്ട് മൂന്ന് സ്ഥലങ്ങളില്‍ നിന്നുള്ള നിരക്കുകള്‍ (quote) എടുക്കുക.

ഓര്‍ക്കുക കൂടുതല്‍ പണം കൊടുത്തു എന്നത്കൊണ്ട്‌ മികച്ച ശവസംസ്‌കാര ക്രമീകരണം ലഭിക്കണം എന്നൊന്നില്ല. അടുത്ത ബന്ധുക്കള്‍ക്ക് ഉണ്ടാകാവുന്ന അനാവശ്യ ശവസംസ്‌കാര ചിലവുകള്‍ കുറയ്ക്കാനും ഇതെല്ലാം വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.

ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് പരിശോധിക്കുക https://www.moneyadviceservice.org.uk/…/how-much-does-a…മരണപ്പെട്ട വ്യക്തിക്ക് അവർ ആഗ്രഹിക്കുന്ന ശവസംസ്കാര രീതി വേണമെന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവാം, ‘ Will ‘ എഴുതിയിട്ടുണ്ടാവാം.

എങ്കിലും ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ബന്ധുക്കൾക്ക് നിയമപരമായ ബാധ്യതയില്ല. ചില സന്ദർഭങ്ങളിൽ, വിദേശത്ത് സംസ്കരിക്കാന്‍ ബന്ധുക്കൾ ആഗ്രഹിച്ചേക്കാം. ഇതിന് പ്രത്യേക ശവസംസ്ക്കാര ഡയറക്ടറുടെ (specialist funeral director) സഹായവും കൊറോണറുടെ (Coroner) അനുമതിയും ആവശ്യമാണ്.

ശവസംസ്കാരം സംഘടിപ്പിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കിൽ, local authority അല്ലെങ്കില്‍ health authority ലളിതമായ ശവസംസ്കാരം നടത്തും. പിന്നീട് ഇതിന്റെ ചെലവ് മരണപ്പെട്ട വ്യക്തിയുടെ സ്വത്തില്‍ (estate) നിന്ന് ഈടാക്കും. അത് പര്യാപ്തമായില്ലെങ്കില്‍ അധികാരികൾക്ക് പങ്കാളിയില്‍ നിന്നോ സിവിൽ പാര്‍ട്ണറില്‍ നിന്നോ ശവസംസ്ക്കാരച്ചെലവ് വീണ്ടെടുക്കാൻ കഴിയും.

ശവസംസ്‌കാര ഡയറക്ടർമാർ?

ശവസംസ്കാരങ്ങള്‍ സംഘടിപ്പിക്കുക സാധാരണയായി ഫ്യൂണറല്‍ ഡയറക്ടർമാരാണ്. ഇവരെ അണ്ടര്‍ട്ടേക്കര്‍ (undertaker) എന്നും പറയാറുണ്ട്‌. ഫ്യൂണറല്‍ സംഘടിപ്പിക്കുന്നവരാണ് ഇതിനുള്ള പണം കണ്ടെത്തേണ്ടത്‌. ചിലപ്പോള്‍ മരണപ്പെട്ട വ്യക്തി ഇതിനുള്ള പണം കൊടുത്തിട്ടുണ്ടാവും (funeral plan). അത് ഉണ്ടോ എന്ന് അറിയുന്നത് നല്ലതാണ്. നല്ലൊരു ശതമാനം ബ്രിട്ടീഷ്‌കാര്‍ക്കും ഇങ്ങനെയൊന്നുണ്ട്. മലയാളി സമൂഹം ഇങ്ങനെയൊരു രീതി പിന്തുടരുന്നത് നല്ലതാണ്. മരണശേഷം മറ്റുള്ളവര്‍ക്ക് ബാധ്യതകള്‍ ഉണ്ടാക്കാതിരിക്കാന്‍ ഇത് സഹായിക്കും എന്ന് ഓര്‍ക്കുക. ഗവണ്മെന്റില്‍ നിന്ന് ‘മരണ ഗ്രാന്‍റ് ‘ എന്നൊന്നില്ല.

എന്നാല്‍ കുറഞ്ഞ വരുമാന സഹായം (Low income benefit) ലഭിക്കുന്ന വ്യക്തികള്‍ക്ക് ചെറിയൊരു സാമ്പത്തിക സഹായം ലഭിക്കും. ശവസംസ്ക്കാര ഡയറക്ടറുടെ സഹായമില്ലാതെയും നിങ്ങൾക്ക് ശവസംസ്കാരം ക്രമീകരിക്കാം. ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉപദേശത്തിനും മാർഗ്ഗനിർദ്ദേശത്തിനും നിങ്ങളുടെ പ്രാദേശിക അതോറിറ്റിയുടെ സെമിത്തേരി, ശ്മശാന വകുപ്പുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് പരിശോധിക്കാവുന്നതാണ് https://www.moneyadviceservice.org.uk/…/arranging-a… or https://www.leicester.gov.uk/…/advice-on-arranging-a…

ഏത് തരം ശവപ്പെട്ടി? (Coffin or Casket)

ശവപെട്ടികള്‍ രണ്ടുതരത്തിലാണുള്ളത്. Coffin അല്ലെങ്കില്‍ Casket. Casket ചതുരാകൃതിയിലാണ്, Coffin മുകളിൽ വീതിയും കാലുകളുടെ ഭാഗം ഇടുങ്ങിയതുമാണ്. Coffin ന് £200 മുതല്‍ £10,000 വരെ വരാം . Casket വില തുടക്കം (പ്രത്യേകിച്ച് വിജാഗിരി ഉള്ളത് (hinge)) തന്നെ £1,500 മുതല്‍ ആവാം. അതുകൊണ്ട് ശവപെട്ടികള്‍ വാങ്ങുമ്പോള്‍ വില, അത് ഉണ്ടാക്കിയിരിക്കുന്ന വസ്തു എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ചില പെട്ടികള്‍ Cremation (incineration) ചെയ്യുവാനോ Burial (അടക്കം) ചെയ്യുവാനോ ചില സ്ഥലങ്ങളില്‍ അനുവദിക്കില്ല എന്നത് ശ്രദ്ധിക്കണം. ആയതിനാല്‍ പെട്ടി വാങ്ങുന്നതിന് മുന്‍പ് ബന്ധപെട്ട അധികാരികളോട് വിവരങ്ങള്‍ തിരക്കേണ്ടതാണ്. പെട്ടികള്‍ funeral director മാരുടെ കയ്യില്‍ നിന്ന് തന്നെ വാങ്ങണം എന്നൊന്നില്ല. അവരുടേത് വിലക്കൂടുതല്‍ തന്നെയായിരിക്കും. നിങ്ങള്‍ക്ക് പുറത്ത് നിന്ന് വാങ്ങാം. അത് വഴി നല്ലൊരു തുക ലാഭിക്കാന്‍ സാധിക്കും.

മൃതദേഹം എംബാം (embalm) ചെയ്യേണ്ടത് എപ്പെഴെല്ലാം?

എംബാമിംഗ് ചെയ്യുന്നത് മൃതശരീരം മോശമാകുന്നത് തടയുവാന്‍ വേണ്ടിയാണ്. പ്രത്യേകിച്ച് ആ വ്യക്തി ആക്സിഡന്റ് അല്ലെങ്കിൽ സാരമായ ചില അസുഖത്തെ തുടര്‍ന്നാണ്‌ മരിച്ചതെങ്കില്‍ ശരീരം മറ്റുള്ളവര്‍ക്ക് കാണുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് embalming ആവശ്യമായി വന്നേക്കാം. ഇതില്ലാതെയും ശരീരം നന്നായിരിക്കുവാന്‍ funeral director മാര്‍ക്ക് ചില പൊടികൈകള്‍ ഉണ്ട് എന്ന് വായിച്ചതോര്‍ക്കുന്നു. അതെന്താണെന്ന് അറിയുവാന്‍ അവരുമായി സംസാരിക്കുക. Embalming ചെയ്‌താല്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. മൃതശരീരത്തില്‍ കെമിക്കലുകള്‍ ഉള്ളതുകൊണ്ട് ചില സ്ഥലങ്ങളില്‍ എംബാം ചെയ്ത ശരീരങ്ങള്‍ സ്വീകരിക്കില്ല. ഒരു ശരീരം എംബാം ചെയ്യുന്നതിന് മുമ്പ്, മരണകാരണത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഡോക്ടർ പൂർത്തിയാക്കിയിരിക്കണം, മരണം രജിസ്റ്റർ ചെയ്തിരിക്കണം.

അവയവദാന സമ്മതപത്രം ഉണ്ടെങ്കില്‍ ചെയ്യേണ്ടത് ?

മരണപ്പെട്ടയാളുടെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ അവര്‍ പേര് NHS Organ Donor Register-ല്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും അടുത്ത ബന്ധുക്കളോട് അനുവാദം ചോദിക്കുകയും അവരുടെ സമ്മതപത്രം ഒപ്പിട്ട് വാങ്ങുകയും ചെയ്യും. മിക്ക ആളുകളും അവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുന്ന സാഹചര്യങ്ങളിൽ മരിക്കുന്നില്ല. യുകെയിൽ മരിക്കുന്ന 100 പേരിൽ ഒരാൾക്ക് മാത്രമേ സാധാരണയായി ദാതാക്കളാകാൻ കഴിയൂ. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലോ അത്യാഹിത വിഭാഗത്തിലോ (intensive care unit or emergency department) മരിച്ചവരാണ് ദാതാക്കൾ.

മെഡിക്കല്‍ പഠനത്തിനായി ശരീരം നല്‍കുവാന്‍ താല്പര്യമുണ്ടെങ്കില്‍ അതിനുള്ള സമ്മതപത്രം മരണത്തിനു മുന്‍പുതന്നെ പൂരിപ്പിച്ചു നല്‍കേണ്ടതാണ്. ഇത് അടുത്തുള്ള മെഡിക്കല്‍ സ്കൂളില്‍ നിന്ന് ലഭ്യമാണ്. ഇതിന്റെ പകര്‍പ്പ് നിങ്ങളുടെ ഒസ്യത്തിന് (Will) ഒപ്പം വെക്കുകയും അടുത്ത ബന്ധുക്കളോടും കൂട്ടുകാരോടും, GP യോടും പറഞ്ഞിരിക്കുകയും വേണം. ശരീരം സ്വീകരിക്കുകയാണെങ്കില്‍ അവര്‍ തന്നെ പിന്നീട് cremation അല്ലെങ്കില്‍ burial ചെയ്യുന്നതായിരിക്കും. ( മരണപ്പെട്ടവരുടെ എല്ലാ ശരീരവും പഠനയോഗ്യമല്ല എന്നോര്‍ക്കുക ) നല്ലൊരുശതമാനം അവയവദാനവും വന്നുകൊണ്ടിരിക്കുന്നത് വ്യക്തി വെന്റിലേറ്ററിൽ മരണപ്പെട്ടു കഴിയുമ്പോഴാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിങ്ങൾക്ക് NHS Organ Donor രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് പരിശോധിക്കാവുന്നതാണ് https://www.organdonation.nhs.uk/register-your-decision/

മരണപ്പെട്ട വ്യക്തിയുടെ പേരിൽ വരുന്ന അനാവശ്യമായ കത്തുകൾ നിർത്തലാക്കാൻ Mailing Preference Service (MPS) , The Bereavement Register എന്നിവയിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
https://www.mpsonline.org.uk/consumer/register https://www.thebereavementregister.org.uk/ ഇത് സൗജന്യ സര്‍വീസാണ് എന്ന് വിശ്വസിക്കുന്നു.

മരണ സഹായധനം ആര്‍ക്കൊക്കെ ലഭിക്കും? (Bereavement Support Payment)

നിങ്ങളുടെ ഭർത്താവ് , ഭാര്യ , സിവില്‍ പാർട്ണർ മരണപ്പെട്ടുകഴിഞ്ഞാൽ ഗവണ്മെന്റിൽ നിന്നും മരണ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ കഴിഞ്ഞേക്കും. നിങ്ങൾക്ക് എന്തെങ്കിലും സമ്പാദ്യമുണ്ടെങ്കിലോ ജോലി ചെയ്യുകയാണെങ്കിലോ എത്ര വരുമാനം ഉണ്ട് എന്നതും പ്രശ്നമല്ല. എന്നാൽ ചില നിബന്ധകൾ ഉണ്ട് .

1. അപേക്ഷിക്കുന്ന വ്യക്തി സംസ്ഥാന പെൻഷൻ പ്രായത്തിനുള്ളിൽ ആയിരിക്കണം.

2 ഒരു വർഷത്തിന്റെ 25 ആഴ്ചയെങ്കിലും നാഷണല്‍ ഇന്‍ഷൂറന്‍സ് കൊടുത്തിരുന്നിരിക്കണം.

3 ജോലിസ്ഥലത്തെ അപകടം അല്ലെങ്കിൽ ജോലി മൂലമുണ്ടായ ഒരു രോഗം കാരണമായിട്ടാവണം മരണപ്പെട്ടത്.

https://www.gov.uk/bereavement-support-payment

എത്ര മരണ സഹായധനം ലഭിക്കും?

കുട്ടികളില്ലെങ്കിൽ £2,500 lump sum പിന്നെ 18 മാസം £100 വീതം. കുട്ടികളുണ്ടെങ്കിൽ £3,500 lump sum പിന്നെ 18 മാസം £350 വീതം. ഈ സഹായധനത്തിന് നികുതി നല്‍കേണ്ടതില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളെ ഈ സഹായധനം സാധാരണയായി ബാധിക്കുകയില്ല.

മരണ സഹായധനത്തിന് എവിടെ / എപ്പോള്‍ അപേക്ഷിക്കാം?

വ്യക്തി മരിച്ച് 3 മാസത്തിനുള്ളിൽ അപേക്ഷിക്കണം. 3 മാസത്തിനുശേഷം, DWP നിങ്ങളുടെ അപേക്ഷ വൈകിയതായി കണക്കാക്കും. വൈകിയ മാസങ്ങളുടെ പ്രതിമാസ സഹായധനം നഷ്‌ടപ്പെടും. 12 മാസത്തിനുശേഷമാണ് അപേക്ഷ കൊടുക്കുന്നതെങ്കില്‍ lump sum ധാനം ലഭിക്കുകയില്ല. ഇതിന്റെ അപേക്ഷ ഈ ലിങ്കില്‍ ലഭ്യമാണ്. https://www.gov.uk/…/bereavement-support-payment-claim…

കഴിയുമെങ്കിൽ അപേക്ഷയുടെ പകര്‍പ്പ് എടുത്ത് വെക്കുക. ഇത് തപാൽ വഴിയാണ് അയയ്ക്കുന്നതെങ്കിൽ നിങ്ങൾ അപേക്ഷ നല്‍കിയതിന്റെ തെളിവിനായി രസീതുകള്‍ സൂക്ഷിക്കുക.

മരിച്ചയാളുടെ ഒസ്യത്ത് (Will) അഥവാ വില്‍പത്രം?

ഒരു വിൽപത്രം എഴുതാതെ ആരെങ്കിലും മരിക്കുമ്പോൾ, അവരുടെ എസ്റ്റേറ്റുമായി ഇടപെടുന്നത് സങ്കീർണ്ണമാകും. ( Estate എന്നത് മരിച്ച വ്യക്തിയുടെ പണം, ഷെയറുകള്‍, വസ്തുവകകള്‍, സ്വകാര്യ സ്വത്തുക്കള്‍ (കാര്‍, ആഭരണങ്ങള്‍.. തുടങ്ങിയവ ) എന്നിവയാണ് ) ചിലപ്പോള്‍ ഇതിന് വളരെ സമയമോ മാസങ്ങളോ വർഷങ്ങളോ എടുക്കാം.

പലരും അത് കൈകാര്യം ചെയ്യാന്‍ സോളിസിറ്റർമാരെ ഉപയോഗിക്കുന്നു. എസ്റ്റേറ്റ് ചെറുതായാലും വലുതായാലും ആയിരക്കണക്കിന് പൗണ്ട് ഇതിനായി ചിലവാകും. എന്നാല്‍ വളരെ ചെലവ് കുറച്ച് നിങ്ങൾക്ക് ലളിതമായി എസ്റ്റേറ്റ് സ്വയം ക്രമീകരിക്കാം. ഈ ലേഖനത്തിൽ ഇത് സ്വയം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശം ഉൾപ്പെടുന്നു, ഒരു എസ്റ്റേറ്റിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്, നിങ്ങൾക്ക് ഒരു സ്പെഷ്യലിസ്റ്റ് ആവശ്യമുണ്ടോ എന്നുള്ള കാര്യങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്. ഒപ്പം വില്‍പത്രം ഇല്ലെങ്കില്‍ എന്തുചെയ്യണം എന്നതും ഈ ലിങ്ക് പരിശോധിക്കുക https://www.moneyadviceservice.org.uk/…/sorting-out-the… or https://www.nidirect.gov.uk/arti…/what-do-if-there-no-will

മരണശേഷം നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിന് എന്ത് സംഭവിക്കും?

ഐഡന്റിറ്റി മോഷണം തടയുന്നതിന്, മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ മൂന്ന് പ്രധാന ക്രെഡിറ്റ് റെഫറന്‍സ് സ്ഥാപനങ്ങളിലേക്ക് അയയ്ക്കുക( TransUnion, Equifax and Experian). മരിച്ച വ്യക്തിയുടെ ഫയലിലേക്ക് ഏജൻസികൾ ഇതിന്റെ കുറിപ്പ് ചേർക്കും. തട്ടിപ്പുകാർ മരിച്ചവരുടെ പേരിൽ ക്രെഡിറ്റ് നേടുന്നതിനായി മരണപ്പെട്ടയാളുടെ വിശദാംശങ്ങൾ മോഷ്ടിക്കുന്നതിൽ നിന്ന് തടയുന്നതിനാണിത്. കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്ക് പരിശോധിക്കുക https://www.equifax.co.uk/…/death-and-credit-reports.html

വ്യക്തിയുടെ മരണശേഷം അത് മറ്റ് ആരെയെല്ലാം അറിയിക്കണം, മറ്റ് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം?

ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കുക (മരണപ്പെട്ടയാളാണ് ഇൻഷുറൻസ് പോളിസിയിൽ ആദ്യം പേരുനൽകിയതെങ്കിൽ, Spouse ഇപ്പോഴും ഇൻഷ്വർ ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എത്രയും വേഗം ബന്ധപ്പെടുക), ബാങ്ക് അക്കൌണ്ട് , ക്രെഡിറ്റ് ഏജന്‍സികള്‍ തുടങ്ങിയവയെ അറിയിക്കുക. ഡ്രൈവിംഗ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുക, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട്‌ ക്ലോസ് ചെയ്യുക, സോഷ്യല്‍ മീഡിയ ആക്കൌണ്ട് നിര്‍ത്തലാക്കുകയോ ഓര്‍മ്മയായി നിലനിര്‍ത്തുകയോ ചെയ്യുക, ഇമെയില്‍ അക്കൌണ്ടുകള്‍ എന്ത് ചെയ്യണമെന്ന് ഓര്‍ക്കുക. ഇതെല്ലാം ഐഡന്റിറ്റി മോഷണം തടയുന്നതിന് വേണ്ടിയാണെന്ന് ഓര്‍ക്കണം. ഇതിലെ പല കാര്യങ്ങള്‍ക്കും മരണ സെര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ വേണമെന്ന് ഓര്‍ക്കണം.

പ്രത്യേക കുറിപ്പ്

മേല്‍പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യുക്കെ ഗവണ്മെന്റിന്റെ വിവിധ ജനസേവന വിഭാഗങ്ങളുടെ വിവിധ കുറിപ്പുകളില്‍ നിന്നും മറ്റ് ജനസേവന വിഭാഗങ്ങളായ ഇന്‍ഷുറന്‍സ് കമ്പനികള്‍ , ക്രെഡിറ്റ്‌ റെഫറന്‍സ് ഏജന്‍സികള്‍ , ഫ്യൂണറല്‍ കമ്പനികള്‍ തുടങ്ങിയവയിലുള്ള കുറിപ്പുകള്‍ ക്രോഡീകരിച്ചതാണ്. ഇതൊരു ചൂണ്ടുപലകയായി മാത്രം കാണുവാന്‍ ശ്രമിക്കുക.

CLICK TO FOLLOW UKMALAYALEE.COM