യുഎഇയുടെ സഹായം നിഷേധിച്ചതില്‍ പ്രവാസികള്‍ക്ക് ദേഷ്യം ; പ്രധാനമന്ത്രിയുടെ പേജിലും മലയാളികള്‍ കലിപ്പ് തീര്‍ത്തു….!!! – UKMALAYALEE

യുഎഇയുടെ സഹായം നിഷേധിച്ചതില്‍ പ്രവാസികള്‍ക്ക് ദേഷ്യം ; പ്രധാനമന്ത്രിയുടെ പേജിലും മലയാളികള്‍ കലിപ്പ് തീര്‍ത്തു….!!!

Friday 24 August 2018 1:10 PM UTC

ദുബായ് Aug 24: വന്‍ നാശനഷ്ടങ്ങളുമായി സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടാക്കി വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ജലപ്രളയത്തിന് പിന്നാലെ കിട്ടാവുന്ന സഹായവും മുടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രവാസികളുടെ രോഷം.

700 കോടി സഹായം നല്‍കാനുള്ള യുഎഇ സര്‍ക്കാരിന്റെ നീക്കം വിദേശനയം എന്ന തടസ്സവാദം ഉന്നയിച്ച് തടഞ്ഞിരിക്കുന്ന കേന്ദ്രസര്‍ക്കാരിനോടുള്ള അമര്‍ഷം സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് പലരും പ്രകടിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടേതെന്ന് കരുതുന്ന ഫേസ്ബുക്ക് പേജിലും മലയാളികള്‍ കലിപ്പ് തീര്‍ത്തിട്ടുണ്ട്.

അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഉദ്ധരിച്ച് പ്രവാസി വ്യവസായി എം.എ. യൂസഫലി നല്‍കിയ വിവരമാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിയമതടസ്സമുണ്ടെന്ന സൂചന കേന്ദ്രത്തില്‍ നിന്നും വരികയായിരുന്നു. ഇതോടെ ഇതില്‍ അവ്യക്തതയും ആശയക്കുഴപ്പവും വന്നു.

മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ഒഴികെ ഇന്ത്യയുടേയോ യുഎഇയുടേയോ യു.എ.ഇ.യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടേയോ ഔദ്യോഗികമായ ഒരു അറിയിപ്പും പുറത്തു വന്നിട്ടില്ലെങ്കിലും കേരളത്തോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമായാണ് പ്രവാസികള്‍ ഇതിനെ വിലയിരുത്തുന്നത്.

ഇനി 700 കോടി കിട്ടിയില്ലെങ്കില്‍ പോലും കേരളത്തെയും മലയാളികളെയുംകുറിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞ നല്ല വാക്കുകള്‍ തന്നെ 700 കോടിയുടെ മൂല്യമുള്ളതാണെന്നാണ് ചിലരുടെ അഭിപ്രായം.

സഹായം സ്വീകരിക്കാന്‍ ഇന്ത്യക്ക് മടിയെന്ന മട്ടില്‍ യു.എ.ഇ.യിലെ അറബ് ഇം ീഷ് മാധ്യമങ്ങളില്‍ പെട്ടെന്നുതന്നെ ഇന്ത്യയിലെ വിവാദം വാര്‍ത്തകളായി മാറുകയും ചെയ്തു. കേരളത്തിലെ ദുരിതത്തില്‍ വിദേശത്ത് നിന്നുള്ള സഹായം ഇന്ത്യ സ്വീകരിക്കുന്നില്ലെന്ന് തായ്‌ലന്റ് അംബാസഡറും ട്വീറ്റ് ചെയ്തിരുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം നല്‍കിയിട്ടുള്ള അദ്ദേഹത്തിന്റേത് എന്നു കരുതുന്ന പേജിലും മലയാളികളുടെ വിദ്വേഷ കമന്റുകളുടെ പ്രളയമാണ്. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും സംഘപരിവാറിനും എതിരേ പ്രതിഷേധം പുകയുകയാണ്.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയത്ക്കായി 3000 കോടിയും ശിവാജി പ്രതിമയ്ക്ക് 2000 കോടിയും വിദേശരാജ്യങ്ങളില്‍ പര്യടനത്തിനായി 2000 കോടിയും ചെലവഴിക്കുമ്പോള്‍ കേരളത്തിന് 500 കോടിയാണ് നല്‍കുന്നതെന്നും എന്താ കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്നുമാണ് മോഡിയുടെ പേജില്‍ വന്ന ഒരു കമന്റ്.

മോഡി കുടുംബത്തില്‍ നിന്നോ ബിജെിയുടെ ഓഫീസില്‍ നിന്നോ ബിജെപി പാര്‍ട്ടിയില്‍ നിന്നോ അല്ല പണം ചോദിക്കുന്നതെന്നും ഞങ്ങള്‍ നല്‍കിയ നികുതിപ്പണമാണ് ചോദിക്കുന്നതെന്നും ബിജെപി എന്നാല്‍ തലയില്ലാത്തവന്മാര്‍ എന്നാണ് കരുതുന്നതെന്നുമാണ് ഒരെണ്ണം.

കഴിയുന്നെങ്കില്‍ കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യു. അല്ലെങ്കില്‍ മലയാളികള്‍ നിങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പേജിലെ മറ്റൊരു കമന്റ്.

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതില്‍ അങ്ങേയ്ക്ക് നന്ദി. പ്രളയം ഒരുപാട് ബുദ്ധിമുട്ടിച്ചെങ്കിലും ജാതിയും രാഷ്ട്രീയവും മതവും മറന്ന് ആവശ്യമുള്ളിടത്തെല്ലാം ഞങ്ങള്‍ ആദ്യംമുതല്‍ കൈകോര്‍ത്തു കൊണ്ട് ഓടിയെത്തി.

ഞങ്ങള്‍ക്ക് ്കഴിയാവുന്ന എല്ലാ സ്രോതസുകളേയും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. പ്രളയബാധിത പ്രദേശത്ത് എത്തിക്കേണ്ട അത്യാവശ്യ കാര്യങ്ങളായ ഭക്ഷണവും വസ്ത്രവും മരുന്നുകളും എല്ലാം എത്തിച്ചു.

കേരളത്തെ ഞങ്ങള്‍ക്ക തിരികെ കൊണ്ടുവരണം. കൊണ്ടുവരിക തന്നെ ചെയ്യും. കരകയറാന്‍ നഷ്ടം സംഭവിച്ചവര്‍ക്ക് വേണ്ടതെല്ലാം എത്തിക്കുക തന്നെ ചെയ്യുമെന്നും ഒരു കമന്റില്‍ പറയുന്നു.

കേന്ദ്രം വിദേശപണം സ്വീകരിക്കുന്നതിന് എതിര് നില്‍ക്കുന്നു എന്ന പ്രചരണത്തില്‍ പ്രമുഖ രാഷ്ട്രീയക്കാരും ശക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. വിദേശപണം സ്വീകരിക്കുന്ന രീതിയില്‍ നിയമം മാറ്റിയെഴുതണമെന്ന് എകെ ആന്റണി പറഞ്ഞു.

അതേസമയം നയം ബിജെപി സര്‍ക്കാര്‍ കൊണ്ടുവരികയായിരുന്നില്ല. 2016 ലെ നാഷണല്‍ ഡിസാസ്റ്റര്‍ പോളിസി പ്രകാരം വിദേശഫണ്ട് സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് നേരത്തേ കേന്ദ്രം നല്‍കിയ മറുപടി.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മന്‍മോഹന്‍സിംഗിന്റെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം എന്‍ഡിഎ സര്‍ക്കാര്‍ പിന്തുടരുകയായിരുന്നു. പ്രകൃതിദുരന്തം നേരിടാനുള്ള ശേഷി നമ്മുടെ രാജ്യത്തിന് ഉണ്ടെന്ന് പറഞ്ഞായിരുന്നു അന്ന് നയം കൊണ്ടുവന്നത്.

CLICK TO FOLLOW UKMALAYALEE.COM