യാക്കോബായ മെത്രാപ്പോലീത്തമാര്‍ അറസ്‌റ്റ് വരിച്ചു പിറവം വലിയ പള്ളി ജില്ലാ കലക്‌ടര്‍ ഏറ്റെടുത്തു – UKMALAYALEE

യാക്കോബായ മെത്രാപ്പോലീത്തമാര്‍ അറസ്‌റ്റ് വരിച്ചു പിറവം വലിയ പള്ളി ജില്ലാ കലക്‌ടര്‍ ഏറ്റെടുത്തു

Friday 27 September 2019 4:16 AM UTC

പിറവം Sept 27: യാക്കോബായ വിശ്വാസികളുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നിയന്ത്രണം എറണാകുളം ജില്ലാ കലക്‌ടര്‍ ഏറ്റെടുത്തു.

ഉച്ചയ്‌ക്ക്‌ ഒന്നേ മുക്കാലിനകം പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ അറസ്‌റ്റ്‌ ചെയ്‌തു നീക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലായിരുന്നു നടപടി.

ഓര്‍ത്തഡോക്‌സ്‌ വിഭാഗം നല്‍കിയ കോടതിയലക്ഷ്യക്കേസ്‌ പരിഗണിക്കുന്നതിനിടെ ഇന്നലെ രാവിലെ പത്തരയോടെയാണ്‌ കോടതി പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയത്‌.

കനത്ത പ്രതിഷേധം മറികടന്ന്‌ പള്ളിയിലെ പ്രധാന ഗേറ്റ്‌ മുറിച്ചുമാറ്റിയാണ്‌ കലക്‌ടര്‍ എസ്‌. സുഹാസും ആലുവ റൂറല്‍ എസ്‌.പി: കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘവും പള്ളിമുറ്റത്തു കയറിയത്‌.

ശക്‌തമായ എതിര്‍പ്പിനും മുദ്രാവാക്യം വിളികള്‍ക്കുമിടെ ചര്‍ച്ച നടത്തിയതിനു ശേഷമാണ്‌ അറസ്‌റ്റ്‌ നടപടികള്‍ ആരംഭിച്ചത്‌.
മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഇടവക മെത്രാപ്പോലീത്ത മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ്‌ ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, മെത്രാപ്പാലീത്താമാരായ സഖറിയാസ്‌ മോര്‍ പോളിക്കാര്‍പ്പസ്‌, മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, സഖറിയാസ്‌ മോര്‍ പോളിക്കാര്‍പ്പസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, മര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌ എന്നിവര്‍ അറസ്‌റ്റ്‌ വരിച്ചു. തുടര്‍ന്ന്‌ അമ്പതോളം വൈദികരെയും വിശ്വാസികളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തുനീക്കി.

പള്ളി ഏറ്റെടുത്തതായും തുടര്‍നടപടികള്‍ കോടതിയുടെ നിര്‍ദേശാനുസരണം സ്വീകരിക്കുമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു.
ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ പള്ളിയില്‍ പ്രവേശിച്ച്‌ ആരാധന നടത്താന്‍ പോലീസ്‌ സംരക്ഷണം അനുവദിച്ച്‌ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ ശക്‌തമായ പ്രതിഷേധമാണ്‌ യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ നടത്തിയത്‌.

ചൊവ്വാഴ്‌ച പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം എത്തിയെങ്കിലും യാക്കോബായ വിഭാഗം തടഞ്ഞു. തുടര്‍ന്ന്‌ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ഗേറ്റിനു മുമ്പില്‍ സമരം തുടങ്ങി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ ബുധനാഴ്‌ച രണ്ടു വിഭാഗത്തില്‍നിന്നുമുള്ള അറുപതിലേറെപ്പേര്‍ക്കു ജില്ലാ കലക്‌ടര്‍ പള്ളിയില്‍ പ്രവേശനാനുമതി നിഷേധിച്ചു.

CLICK TO FOLLOW UKMALAYALEE.COM