മോഹന്‍ ലാലിന്റെ കുവൈറ്റ് ആരാധിക നാദീയ ആദല്‍ നിര്യാതയായി – UKMALAYALEE

മോഹന്‍ ലാലിന്റെ കുവൈറ്റ് ആരാധിക നാദീയ ആദല്‍ നിര്യാതയായി

Tuesday 11 June 2019 2:12 AM UTC

കുവൈത്ത് സിറ്റി June 11: ആയിരക്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി മോഹന്‍ ലാല്‍ വേദിയില്‍നിന്നിറങ്ങി. നിറഞ്ഞ കണ്ണുകളോടെ അന്നു നാദീയ പറഞ്ഞു… ”പോ മോനേ ദിനേശാ…”. മോഹന്‍ ലാലിന്റെ കുെവെത്തിലെ ആരാധിക നാദീയ ആദല്‍(36) നിര്യാതയായി. ശ്വാസതടസത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ അല്‍ സബാ ആശുപത്രിയിലായിരുന്നു അന്ത്യം.

ജന്മനായുള്ള തകരാറുകളാണു കുെവെത്ത് സ്വദേശിനിയായ നാദീയയെ വീല്‍ചെയറിലാക്കിയത്. ജീവിതം മുഴുവന്‍ ആശുപത്രിയിലാണു ചെലവഴിച്ചത്. അവിടുത്തെ നഴ്‌സുമാരില്‍നിന്നാണു മോഹന്‍ ലാലിനെക്കുറിച്ച് അറിഞ്ഞത്.

അതോടെ അദ്ദേഹത്തിന്റെ ആരാധികയുമായി. ലാലേട്ടനെ കാണണമെന്നതായിരുന്നു നാദീയയുടെ ഏറ്റവും വലിയ ആഗ്രഹം. ഭിന്നശേഷിക്കാരിയായതിനാല്‍ യാത്ര അനുവദനീയമല്ലായിരുന്നു. തുടര്‍ന്നു മംഗളത്തിലൂടെയാണ് അവര്‍ ആഗ്രഹം പുറംലോകത്തെ അറിയിച്ചത്.

ഇതു തിരുവനന്തപുരം എക്പാര്‍ട്ടര്‍സ് അസോസിയേഷന്‍ മോഹന്‍ലാലിനെ അറിയിച്ചതോടെ കൂടിക്കാഴ്ചയ്ക്കു വഴിയൊരുങ്ങി. കഴിഞ്ഞ ജനുവരിയിലാണു ഒരു പരിപാടിക്കിടയില്‍ നാദീയയെ മോഹന്‍ലാല്‍ ആദരിച്ചത്.

ലാലേട്ടനോട് മലയാളത്തില്‍ സംസാരിച്ച് മനസ് നിറഞ്ഞാണ് അന്നു നാദീയ മടങ്ങിയത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാരാണു നാദീയയെ ശുശ്രൂഷിച്ചിരുന്നത്. അവരുടെ സഹായത്തോടെയാണു മലയാളം അടക്കമുള്ള ഭാഷകള്‍ പഠിച്ചത്.

CLICK TO FOLLOW UKMALAYALEE.COM