മോഹന്‍ലാലിന്റെ ഇടപെടല്‍: ഷെയ്‌ന്‍ നിഗം വിവാദം കെട്ടടങ്ങുന്നു – UKMALAYALEE

മോഹന്‍ലാലിന്റെ ഇടപെടല്‍: ഷെയ്‌ന്‍ നിഗം വിവാദം കെട്ടടങ്ങുന്നു

Monday 2 December 2019 4:59 AM UTC

കൊച്ചി Dec 2 : നടന്‍ ഷെയ്‌ന്‍ നിഗവുമായി ബന്ധപ്പെട്ടു മലയാളസിനിമയിലുണ്ടായ വിവാദം മോഹന്‍ലാലിന്റെ ഇടപെടലോടെ കെട്ടടങ്ങുന്നു. നിര്‍മാതാക്കളുടെ വിലക്കില്‍ വിയോജിപ്പ്‌ രേഖപ്പെടുത്തി

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ മോഹന്‍ലാല്‍ രംഗത്തുവന്നതോടെയാണു പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത്‌. വിലക്ക്‌ എന്നത്‌ പഴയപ്രയോഗമാണെന്ന നിലപാടാണ്‌ അമ്മ തുടക്കത്തിലേ കൈക്കൊണ്ടത്‌.

ഇതിനു യുവനിരയിലെ നടന്മാര്‍ രഹസ്യപിന്തുണ നല്‍കിയതോടെ ലംഘിച്ച കരാറുകള്‍ തിരുത്തിവന്നാല്‍ ഷെയ്‌ന്‍ നിഗത്തിന്‌ അഭിനയിക്കാന്‍ വഴിതുറക്കുമെന്ന്‌ ഉറപ്പായി. അതിനാല്‍ യുവതാരങ്ങളാരും സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.

സിദ്ധിഖ്‌ സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ പൊള്ളാച്ചിയിലായതിനാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ ഔദ്യോഗിക യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ലാലിന്റെ ഇടപെടല്‍ ഉണ്ടായതോടെ ഷെയ്‌ന്‍ നിഗം ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്തും.

തുടര്‍ന്ന്‌ വിവാദത്തിലായ വെയില്‍, കുര്‍ബാനി സിനിമകളില്‍ സഹകരിക്കുക എന്നതാണ്‌ പ്രശ്‌നപരിഹാരത്തിനുള്ള പോംവഴിയെന്നാണ്‌ വിലയിരുത്തല്‍.

കരാര്‍ ലംഘന വിവാദം സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിലേക്കും സിനിമാ വ്യവസായത്തിന്റെ മറവില്‍ നടക്കുന്ന ഹവാല ഇടപാടുകളിലേക്കും ചര്‍ച്ചകളായി വളര്‍ന്നത്‌ മലയാള സിനിമാ ലോകത്തെ അസ്വസ്‌ഥമാക്കിയിട്ടുണ്ട്‌.

തുടര്‍ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതാണ്‌ എല്ലാവര്‍ക്കും നല്ലതെന്ന സൂചന നല്‍കി യുവതാര നിര പൊതുവേ പ്രശ്‌നത്തില്‍ മൗനം അവലംബിച്ചിരിക്കുകയാണ്‌.

ഷെയ്‌ന്‍ നിഗം കൊളുത്തിവിട്ട വിവാദം മലയാള സിനിമയുടെ കാണാപ്പുറങ്ങളിലേക്ക്‌ തിരിഞ്ഞപ്പോള്‍ തര്‍ക്കം നിര്‍മ്മാതാക്കളും സാങ്കേതികവിദഗ്‌ധരും തമ്മില്‍ നേര്‍ക്കുനേരായതും ശ്രദ്ധേയമായി.

സിനിമയിലെ വിവേചനങ്ങള്‍ വ്യക്‌തമാക്കി പ്രമുഖര്‍ ഷെയ്‌ന്‍ നിഗത്തെ അനുകൂലിച്ചും എതിര്‍ത്തും വന്നതോടെ വിഷയം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. സംശയത്തിന്റെ പുകമറയില്‍ ഈ വ്യവസായത്തെ നിര്‍ത്തരുതെന്ന ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്റെ പ്രതികരണം നിര്‍മാതാക്കളുടെ സംഘടനയായ പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷനു നേരെയാണ്‌.

നടന്‍ കരാര്‍ ലംഘനം നടത്തിയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ്‌ നടനെ സംശയനിഴലില്‍ നിര്‍ത്തിക്കൊണ്ട്‌ നിര്‍മ്മാതാക്കള്‍ സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ ആരോപണങ്ങള്‍ ഉന്നയിച്ചത്‌.

തെളിവു തന്നാല്‍ നടപടിയെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചതോടെ സിനിമാ ലൊക്കേഷനുകളില്‍ അപ്രതീക്ഷിത പരിശോധനകള്‍ അരങ്ങേറുമോ എന്ന ആശങ്കയിലാണ്‌ ഈ രംഗത്തെ പലരും. അത്‌ സിനിമയുടെ ചിത്രീകരണ അന്തരീക്ഷം തകര്‍ക്കുമെന്നാണ്‌ ഇവരുടെ വാദം.

CLICK TO FOLLOW UKMALAYALEE.COM