മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിനു നല്‍കരുത്, ദൃശ്യം കൈമാറുന്നതു തന്റെ അന്തസിനെ ബാധിക്കും
Wednesday 4 September 2019 5:58 AM UTC

കൊച്ചി Sept 4: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ ഇടപെടല്‍ ഹര്‍ജി. നിര്‍ണായകതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതി ദിലീപിനു നല്കരുതെന്നാവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായ നടി സുപ്രീം കോടതിയെ സമീപിച്ചത്.
ഇരയ്ക്കുവേണ്ടി പ്രോസിക്യൂഷന് അഭിഭാഷകനുണ്ടായിരിക്കേ, സ്വകാര്യഹര്‍ജി സ്വീകരിക്കണോയെന്ന കാര്യത്തില്‍ കോടതി സംസ്ഥാനസര്‍ക്കാരിന്റെ നിലപാടാരാഞ്ഞു.
ദിലീപിന് അനുകൂലമായി സര്‍ക്കാര്‍ നിലപാടെടുക്കുമോയെന്ന ആശങ്ക മൂലമാണു നടി സ്വകാര്യഹര്‍ജി സമര്‍പ്പിച്ചതെന്നാണു സൂചന.
പീഡനദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ദൃശ്യം കൈമാറുന്നതു തന്റെ അന്തസിനെ ബാധിക്കുമെന്നാണു നടിയുടെ വാദം. സ്വകാര്യതയ്ക്കു ഭംഗമുണ്ടാക്കുന്ന തെളിവുകള്‍ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധിയും സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിക്കു സമൂഹത്തിലുള്ള സ്വാധീനമുപയോഗിച്ച് തന്റെ വ്യക്തിത്വം കളങ്കപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൊടുത്താല്‍ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനിടയുണ്ട്.
മുദ്രവച്ച കവറില്‍, സ്വന്തം പേര് പരാമര്‍ശിക്കാതെയാണു നടിയുടെ ഹര്‍ജി. പേര് പരാമര്‍ശിക്കരുതെന്നു നടി ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ കോടതി രേഖയിലും ഉത്തരവിലുമെല്ലാം അഭിഭാഷകന്റെ പേരാകും ഉണ്ടാകുക. കോഴിക്കോട് സ്വദേശിയായ അഭിഭാഷകന് മുഖേനയാണു ഹര്‍ജി.
നേരത്തേ, ഹൈക്കോടതിയില്‍ ദിലീപിന് അനുകൂലമായ ചില നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു.
CLICK TO FOLLOW UKMALAYALEE.COM