മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്ന് കേന്ദ്രമന്ത്രി; ഡി.എന്‍.എ തെളിവ് വേണം – UKMALAYALEE

മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്ന് കേന്ദ്രമന്ത്രി; ഡി.എന്‍.എ തെളിവ് വേണം

Tuesday 12 March 2019 3:10 AM UTC

ന്യൂഡല്‍ഹി March 12: രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ഗാന്ധി എന്ന് പേരുള്ള ബ്രാഹ്മണനാകുമെന്ന് അനന്ത് കുമാര്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ തെളിവ് കൊണ്ടുവരാന്‍ സാധിക്കുമോ എന്നും ഹെഗ്‌ഡെ ചോദിച്ചു.

രാഹുല്‍ ഗാന്ധി സങ്കര സന്താനമാണെന്ന് നേരത്തെ അധിക്ഷേപിച്ച നേതാവാണ് അനന്ത് കുമാര്‍. കൂടാതെ മുസ്ലീങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഭരണഘടനയ്ക്കും എതിരെ നിരന്തരം പ്രസ്താവന നടത്താറുള്ള നേതാവാണ് ഹെഗ്‌ഡെ.

ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈ വെട്ടണമെന്നായിരുന്നു ഇയാള്‍ ഒടുവില്‍ നടത്തിയ വിവാദ പ്രസ്താവന. താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ തേജോ മഹല്‍ എന്ന ശിവക്ഷേത്രമാണെന്നും മതേതരം എന്ന വാക്ക് ഉള്‍പ്പെടുന്നതിനാല്‍ ഭരണഘടന തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുള്ള നേതാവാണ് അനന്ത് കുമാര്‍.

നിരന്തരം വര്‍ഗീയതയും സ്ത്രീ വിരുദ്ധതയും പ്രസംഗിക്കുന്ന അനന്ത് കുമാര്‍ കേന്ദ്രമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

മന്ത്രിയുടെ ഭാഷ നിയന്ത്രിക്കണമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ആവശ്യപ്പെട്ടിരുന്നു.

CLICK TO FOLLOW UKMALAYALEE.COM