മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം; ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി – UKMALAYALEE

മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം; ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി

Tuesday 4 February 2020 4:55 AM UTC

കണ്ണൂര്‍ Feb 4: പ്രസംഗത്തിനിടയില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ കപ്പൂച്ചിന്‍ സഭയിലെ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി. കണ്ണൂര്‍ എസ്.പിക്ക് മുമ്പാകെ പഴയങ്ങാടി സ്വദേശി ബി. തന്‍വീര്‍ അഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തന്‍വീര്‍ പരാതി നല്‍കിയത്.

ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലീങ്ങളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയെന്നതാണ് പ്രസ്തുത പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ലോകത്താകെ മുസ്ലീങ്ങളെ കൊല്ലുന്നത് മുസ്ലീങ്ങളാണെന്ന പ്രസംഗം തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളില്‍ മുസ്ലീം വിരോധം ഉണ്ടാക്കാനും മുസ്ലീങ്ങളെ വെറുക്കാന്‍ ആഹ്വാനം ചെയ്യുന്നതുമാണ്.

നാടിന്റെ ഐക്യം തകര്‍ക്കാന്‍ നോക്കിയ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തന്‍വീര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

ടിപ്പു സുല്‍ത്താന്‍ മലബാറില്‍ വന്ന് ക്രിസ്ത്യാനികളെ കൊന്നൊടുക്കിയെന്നും ബോംബെയില്‍ ക്രിസ്ത്യാനികള്‍ നിലനില്‍ക്കുന്നത് ശിവസേന ഉള്ളത് കൊണ്ടാണെന്നും തുടങ്ങിയ വിദ്വേഷ പ്രസ്താവനകളാണ് ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയത്. സംഭവം വിവാദമായപ്പോള്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM