മുസ്ലീങ്ങള്‍ക്കും തമിഴ് അഭയാര്‍ത്ഥികള്‍ക്കും എന്തുകൊണ്ട് പൗരത്വം നല്‍കാന്‍ പാടില്ല: ശ്രീജിത്ത് പണിക്കര്‍ – UKMALAYALEE

മുസ്ലീങ്ങള്‍ക്കും തമിഴ് അഭയാര്‍ത്ഥികള്‍ക്കും എന്തുകൊണ്ട് പൗരത്വം നല്‍കാന്‍ പാടില്ല: ശ്രീജിത്ത് പണിക്കര്‍

Friday 7 February 2020 6:11 AM UTC

Feb 7: പാകിസ്താനിലെ അഹമ്മദിയാസിനും റൊഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്കും എന്തുകൊണ്ട് പൗരത്വം നല്‍കാന്‍ പാടില്ല?; ചരിത്ര പശ്ചാത്തലത്തില്‍ കാരണങ്ങള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍.

2011 ഡിസംബര്‍ 29ലെ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ (എസ്.ഒ.പി) പ്രകാരമാണ് ഒരാള്‍ക്ക് പൗരത്വം നല്‍കണോ, അഭയാര്‍ത്ഥിയാണോ എന്നൊക്കെ തീരുമാനിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയുടെ പശ്ചത്താലത്തില്‍ പ്രതിഷേധങ്ങളും സമരം നടക്കുമ്പോള്‍ പാകിസ്താനില്‍ നിന്നും അയാര്‍ത്ഥികളായി എത്തിയ അഹമ്മദിയാസിനും മ്യാന്‍മറില്‍ നിന്നുള്ള റൊഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കാന്‍ പാടില്ല എന്ന് കാരണങ്ങള്‍ നിരത്തി വാദിക്കുകയാണ് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനും സമൂഹിക വിമര്‍ശകനുമായ ശ്രീജിത്ത് പണിക്കര്‍.

ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര കരാറുകളിലൊന്നും ഇന്ത്യ ഒപ്പു വച്ചിട്ടില്ല. ഇന്ത്യയുടെ അതിര്‍ത്തികള്‍ എല്ലാം അരിപ്പപോലെയാണ്. എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും കടന്നുവരാം. അത് വലിയ ബാധ്യത വരുത്തും. സുരക്ഷ ഭീഷണിയുണ്ടാക്കും. ഓരോ കേസും പ്രത്യേകമായാണ് പരിഗണിക്കുക എന്നാണ് നെഹ്‌റുവിന്റെ കാലത്ത് വ്യക്തമാക്കിയത്.

പൗരത്വം നിശ്ചയിക്കാന്‍ ഇന്ത്യയില്‍ ആകെ ഒരു നിയമമാണുളളത്. 2011 ഡിസംബര്‍ 29ലെ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ (എസ്.ഒ.പി) പ്രകാരമാണ് ഒരാള്‍ക്ക് പൗരത്വം നല്‍കണോ, അഭയാര്‍ത്ഥിയാണോ എന്നൊക്കെ തീരുമാനിക്കുന്നത്.

ലോകമെമ്പാടും അഹമ്മദിയാസ് എന്നാല്‍ ഇസ്ലാം മതത്തില്‍ പെടുന്നവരാണ്. എന്നാല്‍ പാകിസ്താനിലും അഹമ്മദിയാസ് ഇസ്ലാം മതത്തില്‍ പെടുന്നവരായിരുന്നുവെങ്കിലും 1974ലെ ഭരണഘടനാ ഭേദഗതിയോടെ അവരെ മുസ്ലീം ഇതര വിഭാഗത്തില്‍ പെടുത്തി. അതുവരെ അറിയപ്പെടുന്ന മുസ്ലീം ആയിരുന്ന അവര്‍ അന്നു മുതല്‍ മുസ്ലീം അല്ലാതായി.

ഇന്ത്യ പിന്തുടരുന്ന കരാര്‍ നെഹ്‌റു ഒപ്പുവച്ച ലിയാഖത്ത് കരാര്‍ ആണ്. ഈ കരാര്‍ ഒപ്പുവച്ച ബാധ്യത മാത്രമേ ഇന്ത്യയ്ക്കുള്ളൂ. അന്ന് അഹമ്മദിയാസ് ഇസ്ലാം മത വിഭാഗമായിരുന്നു. അതിനു ശേഷമുണ്ടായ വര്‍ഗീകരണത്തെ അംഗീകരിക്കാന്‍ ആരും ഇന്ത്യയോട് ആവശ്യപ്പെടില്ല.

അതിനു കാല്‍ നൂറ്റാണ്ടിനു ശേഷമാണ് അവര്‍ മുസ്ലീം അല്ലാതായി മാറിയത്. അഹമ്മദിയാസിനെ പാകിസ്താന്‍ പൗരനായി അംഗീകരിക്കണമെങ്കില്‍ നോണ്‍-മുസ്ലീം എന്ന മതവിഭാഗത്തിലെ ഉള്‍പ്പെടുത്തു. നോണ്‍-മുസ്ലീം എന്നൊരു മതമില്ല. അത്തരമൊരു യാത്രാ രേഖയുമായി ഇന്ത്യയിലേക്ക് വരുന്ന അവര്‍ക്ക് ആറു മതവിഭാഗങ്ങള്‍ക്കായി കൊണ്ടുവന്ന നിയമം ബാധകമാകുന്നില്ല.

പഴയ രേഖ ഉപയോഗിച്ചാണ് അവര്‍ എത്തുന്നതെങ്കില്‍ അതില്‍ അവര്‍ ഇസ്ലാം എന്നായിരിക്കും ചേര്‍ത്തിരിക്കുക. ഇസ്ലാം ആകുമ്പോള്‍ അവര്‍ പാകിസ്താനിലെ ഭൂരിപക്ഷ വിഭാഗമായി. അവരെ മതപീഡനം നേരിടുന്ന മതന്യുനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

1940കളില്‍ പാകിസ്താനില്‍ ശക്തമായിരുന്ന അഹമ്മദിയാസ് മൂവ്‌മെന്റ് ഇവരുടെ സംഭാവനയാണ്. ലഹോര്‍ റെസലൂഷ്യന്‍ ഡ്രാഫ്ട് ചെയ്തിരിക്കുന്നത് അഹമ്മദിയാസ് ആണ്. ‘നമ്മുക്ക് മതാടിസ്ഥാനത്തില്‍ ഒരു പ്രത്യേക രാഷ്ട്രം വേണം’ എന്ന ആശയംമുന്നോട്ടുവച്ചത് അവരാണ്.

അഹമ്മദിയ മിലീഷ്യ എന്ന പേരില്‍ സ്വന്തമായി സൈനിക യൂണിറ്റുമുണ്ടാക്കി. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയതോടെ അവര്‍ ഈ സൈനിക യൂണിറ്റിന്റെ പേര് പുനസംഘടിപ്പിച്ചു.

ഫുര്‍ഖാന്‍ ഫോഴ്‌സ് എന്നാക്കി. കശ്മീരിനെ മോചിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 2011ലെ എസ്.ഒ.പിയില്‍ പറയുന്ന പ്രധാന കാര്യം, ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ , ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ പൗരത്വം ലഭിക്കില്ല. അതുകൊണ്ടുതന്നെ ഇവര്‍ സ്വാഭാവികമായും പുറത്താക്കപ്പെടും.

രണ്ടാമതായി, റൊഹിന്‍ഗ്യന്‍ മുസ്ലീങ്ങളാണ്. മ്യാന്‍മറില്‍ 25ലക്ഷത്തില്‍പരം വരുന്ന മുസ്ലീങ്ങളില്‍ നാലു ലക്ഷത്തോളമുണ്ട് റൊഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍. റൊഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ മ്യാന്‍മറില്‍ നേരിടുന്നത് മതപീഡനമല്ല. റൊഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ മുഴുവന്‍ വന്നിരിക്കുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്നും അവര്‍ തങ്ങളുടെ പൗരന്മാരല്ലെന്നും തിരിച്ചു ബംഗ്ലാദേശിലേക്കു പോകണമെന്നുമാണ് മ്യാന്‍മറിന്റെ നിലപാട്.

റൊഹിഗ്യന്‍ മുസ്ലീമിന്റെ ചരിത്രവും അത്ര നല്ലതല്ല. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇത്രയേറെ മുസ്ലീം രാജ്യങ്ങള്‍ ഉണ്ടായിട്ടും ഒരു രാജ്യം പോലും റൊഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. കാരണം സുരക്ഷാ ഭീഷണി തന്നെ.

സൗദി അറേബ്യയും തായ്‌ലാന്‍ഡും ഇന്തോനീഷ്യയുമൊന്നും ഇവര്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ഇവര്‍ ഉള്‍പ്പെട്ട അയഭാര്‍ത്ഥി ബോട്ട് തീരത്തേക്ക് അടുക്കാതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് തുരത്തുകയാണ്. ദേശീയ സുരക്ഷാ ഭീഷണി എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നതാണ്.

റൊഹിന്‍ഗ്യന്‍സിന് ആര്‍സ (ആറക്കന്‍ റൊഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി) എന്ന പേരില്‍ ഒരു സൈനിക യൂണിറ്റ് ഉണ്ടായിരുന്നു. ധാതു സമ്പുഷ്ടമായ റെക്കൈയ്ന്‍ മേഖലയെ സ്വതന്ത്രമാക്കി കൈവശം വയ്ക്കാന്‍ അവര്‍ ആര്‍സ എന്ന പേരില്‍ യൂണിറ്റുണ്ടാക്കി.

രണ്ടാം യൂപിഎയുടെ കാലത്ത് മ്യാന്‍മറിലെ പോലീസുമായി ഏറ്റുമുട്ടി വലിയ നഷ്ടം വരുത്തിവച്ചു. അന്നത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അവിടെ പോയി ആ രാജ്യത്തിനുണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ ഒരു മില്യണ്‍ യു.എസ് ഡോളര്‍ ധനസഹായം അനുവദിച്ചു.

2014ല്‍ അധികാരമേറ്റ ശേഷം അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മ്യാന്‍മറില്‍ പോയി. ആ സമയം ഈ റൊഹിന്‍ഗ്യകള്‍ കലാപമുണ്ടാക്കി പോലീസുകാരെ വധിച്ചു. 2018ല്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം റെക്കൈയ്ന്‍ സ്‌റ്റേറ്റില്‍ ഹിന്ദു സമുദായത്തില്‍ പെട്ട നൂറോളം സ്ത്രീകളെ കൊന്നൊടുക്കി. നാലു വലിയ കുഴികളെടുത്ത് മൂടി.

ആ റൊഹിന്‍ഗ്യകള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കണമെന്നാണ് ചിലര്‍ വാദിക്കുന്നത്.

ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ ഒരു മതവിഭാഗമല്ല. ഭാഷപരമാണ്. ശ്രീലങ്കയില്‍ ആഭ്യന്തര കലാപമുണ്ടായ സമയത്ത് ഇന്ത്യയിലേക്ക് കടന്നവരാണ്. ഐക്യരാഷ്ട്ര സംഘടന കൊണ്ടുവന്ന ‘ന്യൂയോര്‍ക്ക് റെസല്യൂഷന്‍’ പ്രകാരം അഭയാര്‍ത്ഥികളായി വന്നിട്ടുള്ള എല്ലാവരേയും അവരുടെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന് സഹായം നല്‍കുമെന്നാണ്. അതില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.

1983 മുതല്‍ ഇപ്പോള്‍ വരെ ഇന്ത്യയില്‍ 107 ക്യാംപുകളിലായി ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴ്‌വംശജര്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഇവരെ തിരിച്ചു കൊണ്ടുവിടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.

2018ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെ അഭയാര്‍ത്ഥികളെ തിരിച്ചുസ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള ശ്രീലങ്കയുടെ സ്ഥാനപതിയും ഇവരെ തിരിച്ചുകൊണ്ടുപോകാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. മോഡി സര്‍ക്കാര്‍ വന്നശേഷം ശ്രീങ്കയില്‍ 50,000 വീടുകള്‍ വച്ചുകൊടുത്തു.

മുന്‍പ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊന്ന ചരിത്രമുള്ളവരാണ്. അവരുടെ രാജ്യത്ത് വലിയ ആഭ്യന്തര യുദ്ധം നയിച്ചവരാണ്. അവരെ തിരിച്ചുസ്വീകരിക്കാന്‍ അവരുടെ രാജ്യം തയ്യാറാകുമ്പോള്‍, അവര്‍ക്ക് ഇവിടെ പൗരത്വം കൊടുക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാകണമെന്നാണോ പ്രതിഷേധക്കാര്‍ പറയുന്നത്?

അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച് ഒരു ആക്ട് ഉണ്ട്.

‘പ്രിന്‍സിപ്പല്‍ ഓഫ് നോണ്‍ റിഫൗള്‍മെന്റ്’- ഒരു അഭയാര്‍ത്ഥി അയാളുടെ നാട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ അയാളെ അവിടെ സ്വീകരിക്കുമോ അതോ പീഡനമേല്‍ക്കുമോ എന്നറിയുന്നതിനു ലോകമെമ്പാടും നടത്തുന്ന പരിശോധനയാണിത്.

പീഡനമേല്‍ക്കില്ലെങ്കില്‍ അവരെ തിരിച്ചക്കുന്നത് സുരക്ഷിതമാണ്. തമിഴ് വംശജരെ സ്വീകരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ അവരെ വിടണ്ട എന്നു പറയുന്നവരുടെ ശ്രീലങ്കന്‍ പ്രേമമൊക്കെ മനസ്സിലാകും. -ശ്രീജിത്ത് പണിക്കര്‍ വ്യക്തമാക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM