മുസ്ലീംപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; ഹിന്ദു മഹാസഭാ അധ്യക്ഷന്‍ ഹൈക്കോടതിയില്‍ – UKMALAYALEE

മുസ്ലീംപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; ഹിന്ദു മഹാസഭാ അധ്യക്ഷന്‍ ഹൈക്കോടതിയില്‍

Thursday 11 October 2018 2:13 AM UTC

 കൊച്ചി Oct 11: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍.

സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ശബരിമലയിലെ പോലെ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രവേശിപ്പിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി വന്നതിന് പിന്നാലെ കേരളമൊട്ടാകെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി അഖിലഭാരത് ഹിന്ദു മഹാസഭ രംഗത്തെത്തിയത്.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ നിയമപ്പോരാട്ടത്തിനൊരുങ്ങുകയാണ്.

മുസ്ലീം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഭരണഘടന അനുശാസിക്കുന്ന ആരാധന സ്വാതന്ത്യം അനുവധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് മുസ്ലീം സ്ത്രീസംഘടനയായ നിസ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ജമാഅത്തെ ഇസ്ലാമി, മുജാദിഹ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്.

മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ കെ, എ പി സുന്നികള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM