‘മുസ്ലിം പള്ളികളില്‍ സ്‌ത്രീപ്രവേശം അനുവദിക്കാന്‍ ധൈര്യമുണ്ടോ?’ – UKMALAYALEE

‘മുസ്ലിം പള്ളികളില്‍ സ്‌ത്രീപ്രവേശം അനുവദിക്കാന്‍ ധൈര്യമുണ്ടോ?’

Monday 1 October 2018 12:39 AM UTC

ന്യൂഡല്‍ഹി Oct 1: മുസ്ലിം പള്ളികളില്‍ സ്‌ത്രീകള്‍ക്കു പുരുഷന്‍മാര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാമെന്ന്‌ ഉത്തരവിടാന്‍ സുപ്രീം കോടതി ധൈര്യം കാട്ടുമോയെന്നു റിട്ട. ജസ്‌റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജു.

അതോ കോടതിയുടെ ധൈര്യം ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമേയുള്ളോയെന്നും സുപ്രീം കോടതി മുന്‍ ജഡ്‌ജികൂടിയായ കട്‌ജു ചോദിച്ചു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി കാട്ടിയ അമിതാവേശം ഭാവിയില്‍ ജഡ്‌ജിമാര്‍ക്കു ബാധ്യതയാകുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീപ്രവേശം അനുവദിച്ചതിലൂടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടിരിക്കുകയാണു കോടതി. ഇതു ജഡ്‌ജിമാരുടെ തലയ്‌ക്കുമേല്‍ ഡെമോക്ലീസിന്റെ വാളാകും.

ഇന്ത്യ ഒരു ബഹുസ്വരരാഷ്‌ട്രമാണ്‌. രാജ്യത്തെ ആയിരക്കണക്കിന്‌ ആരാധനാലയങ്ങളില്‍ ഓരോന്നിനും അതിന്റേതായ ആചാരാനുഷ്‌ഠാനങ്ങളുണ്ട്‌.

കോടതികള്‍ അത്തരം കാര്യങ്ങളില്‍നിന്നു പരമാവധി വിട്ടുനില്‍ക്കുകയാണു വേണ്ടത്‌. മതം വിശ്വാസത്തിന്റെ പ്രശ്‌നമാണ്‌. ഓരോ വിഭാഗത്തിനും അവരവരുടേതായ ആചാരനിഷ്‌ഠകള്‍ തീരുമാനിക്കാം.

രാജ്യത്തെ ബഹുഭൂരിപക്ഷം മുസ്ലിം പള്ളികളിലും സ്‌ത്രീകള്‍ക്കു പ്രവേശനമില്ല. ഡല്‍ഹിയിലെ ജമാ മസ്‌ജിദ്‌ പോലെ വിരലിലെണ്ണാവുന്നവ മാത്രമാണ്‌ അപവാദം.

എന്നാല്‍, അവിടങ്ങളിലും സ്‌ത്രീകള്‍ക്കു പുരുഷന്‍മാര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ല; അതിനായി പ്രത്യേകം ഇടമുണ്ട്‌.

ശബരിമല വിധിന്യായത്തിലെ വിയോജനക്കുറിപ്പിലൂടെ ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര കാട്ടിയ സമചിത്തത ഭൂരിപക്ഷ ബെഞ്ച്‌ കാട്ടിയില്ലെന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ടെന്നും കട്‌ജു വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു.

CLICK TO FOLLOW UKMALAYALEE.COM