മുറത്തില്‍ കൊത്തി പോലീസ്‌; സി.പി.ഐ. കട്ടക്കലിപ്പില്‍! – UKMALAYALEE

മുറത്തില്‍ കൊത്തി പോലീസ്‌; സി.പി.ഐ. കട്ടക്കലിപ്പില്‍!

Wednesday 24 July 2019 1:47 AM UTC

തിരുവനന്തപുരം July 24 : കൊത്തിക്കൊത്തി, പോലീസ്‌ ഒടുവില്‍ മുറത്തില്‍ കയറിക്കൊത്തി! പ്രതിഷേധപ്രകടനത്തിനിടെ സ്വന്തം എം.എല്‍.എയുടെ കൈ തല്ലിയൊടിക്കുകയും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്‌ത പോലീസിനെതിരേ സി.പി.ഐ. കട്ടക്കലിപ്പില്‍.മാധ്യമങ്ങള്‍ക്കു മുന്നില്‍ അമര്‍ഷം പ്രകടിപ്പിച്ചില്ലെങ്കിലും സി.പി.ഐ. മന്ത്രിമാരുടെ യോഗത്തില്‍ ആഭ്യന്തരവകുപ്പിനെതിരേ പൊട്ടിത്തെറിച്ച്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

യോഗത്തിനു പിന്നാലെ, മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാര്‍ട്ടിയുടെ പ്രതിഷേധമറിയിച്ചു. പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്നു നടക്കുന്ന മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനും യോഗത്തില്‍ ആലോചനയുണ്ടായി.

എന്നാല്‍, മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത്‌ പ്രതിഷേധമറിയിക്കുകയാണു വേണ്ടതെന്ന്‌ അഭിപ്രായമുയര്‍ന്നതോടെ ഈ നീക്കം ഉപേക്ഷിച്ചു.

സി.പി.ഐ. പ്രകടനത്തിനുനേരേ നടന്ന പോലീസ്‌ നടപടിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌, സംഭവം പരിശോധിക്കുമെന്നും മാര്‍ച്ചാകുമ്പോള്‍ ജലപീരങ്കി പ്രയോഗം ഉണ്ടാകുമെന്നുമൊക്കെയായിരുന്നു കാനത്തിന്റെ മറുപടി.

എന്നാല്‍, തൊട്ടുപിന്നാലെ എം.എന്‍. സ്‌മാരകത്തില്‍ ചേര്‍ന്ന സി.പി.ഐ. മന്ത്രിമാരുടെ യോഗത്തില്‍ പോലീസിനെതിരേ അദ്ദേഹം പൊട്ടിത്തെറിച്ചു. തുടര്‍ന്ന്‌, മുഖ്യമന്ത്രിയെ കണ്ട്‌ അതൃപ്‌തിയറിയിക്കാന്‍ മന്ത്രി ചന്ദ്രശേഖരനെ നിയോഗിച്ചു.

ചന്ദ്രശേഖരന്റെ സന്ദര്‍ശനത്തിനു ശേഷമാണ്‌ മുഖ്യമന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. എന്നാല്‍, സംഭവം ജില്ലാ കലക്‌ടര്‍ അന്വേഷിക്കുന്നതില്‍ സി.പി.ഐക്കു തൃപ്‌തിയില്ല. ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കും.

കുറ്റക്കാരായ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതുവരെ സമരം തുടരാനാണു സി.പി.ഐ. എറണാകുളം ജില്ലാനേതൃത്വത്തിനുള്ള നിര്‍ദേശം. ആവശ്യമെങ്കില്‍ സമരം സംസ്‌ഥാനതലത്തിലേക്കു വ്യാപിപ്പിക്കും.

CLICK TO FOLLOW UKMALAYALEE.COM