മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10% സാമ്പത്തിക സംവരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം – UKMALAYALEE

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10% സാമ്പത്തിക സംവരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Tuesday 8 January 2019 3:12 AM UTC

ന്യുഡല്‍ഹി Jan 8: സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കും.

വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കുറഞ്ഞവര്‍ക്കാണ് സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം നല്‍കുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും.

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കും.

സാധാരണ ബുധനാഴ്ചകളില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിന് പകരം തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് സാമ്പത്തിക സംവരണത്തിന് അംഗീകാരം നല്‍കിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്ത് സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് നീക്കം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചരണ വിഷയങ്ങളിലൊന്നായി സാമ്പത്തിക സംവരണം ഉയര്‍ത്തിക്കാട്ടും. നാളെ തന്നെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും.

രാജ്യസഭായില്‍ ബില്‍ പാസാകാനിടയില്ല. അതിനാല്‍ 2019ല്‍ അധികാരത്തില്‍ വന്നാല്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന വാഗ്ദാനമായിരിക്കും ബി.ജെ.പി നല്‍കുക.

CLICK TO FOLLOW UKMALAYALEE.COM