മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ്‌ സെക്രട്ടറി രവീന്ദ്രനു വിളിയെത്തി; 27ന്‌ ഹാജരാകണം – UKMALAYALEE

മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ്‌ സെക്രട്ടറി രവീന്ദ്രനു വിളിയെത്തി; 27ന്‌ ഹാജരാകണം

Tuesday 24 November 2020 10:16 PM UTC

കൊച്ചി Nov 24: സ്വര്‍ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ ചോദ്യംചെയ്യലിനു ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) വീണ്ടും നോട്ടിസ്‌ നല്‍കി. 27-ന്‌ ഹാജരാകാനാണു നിര്‍ദേശം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം, ബിനാമി ഇടപാടുകളില്‍ സംശയനിഴലിലാണ്‌.

കഴിഞ്ഞ ആറിനു ഹാജരാകാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രനു കോവിഡ്‌ ബാധിച്ചതു തടസമായി. രോഗമുക്‌തനായതോടെയാണു വീണ്ടും നോട്ടീസ്‌ നല്‍കിയത്‌. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനൊപ്പം പല ഇടപാടുകളിലും രവീന്ദ്രന്‍ പങ്കാളിയാണെന്ന്‌ ഇ.ഡിക്കു വിവരം കിട്ടിയിരുന്നു.

ശിവശങ്കറിനെ കാണാനായി സെക്രട്ടേറിയറ്റിലെത്തിയ പല അവസരത്തിലും താന്‍ രവീന്ദ്രനെയും കണ്ടിരുന്നെന്നും യു.എ.ഇ. കോണ്‍സുലേറ്റ്‌ സംഘടിപ്പിച്ച ആഘോഷപാര്‍ട്ടികളില്‍ അദ്ദേഹം പങ്കെടുത്തതായും സ്വര്‍ണക്കടത്തുകേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുണ്ട്‌. സ്വപ്‌ന ഫോണില്‍ വിളിച്ചവരുടെ കൂട്ടത്തില്‍ രവീന്ദ്രനുമുണ്ട്‌. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ്‌ ഇ.ഡി. ചോദ്യംചെയ്യലിനൊരുങ്ങുന്നത്‌. വിസ സ്‌റ്റാമ്പിങ്ങുമായും സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്‌റ്റേഷനുമായും ബന്ധപ്പെട്ടു രവീന്ദ്രന്‍ വിളിച്ചിരുന്നെന്ന സ്വപ്‌നയുടെ മൊഴിയിലും വ്യക്‌തത വരുത്തും.

സ്വര്‍ണക്കടത്തിനെപ്പറ്റി ശിവശങ്കറിന്‌ അറിവുണ്ടായിരുന്നെന്നു കസ്‌റ്റംസിനും ഇ.ഡിക്കും സ്വപ്‌ന മൊഴി നല്‍കിയിരുന്നു. നയതന്ത്രബാഗേജ്‌ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ ഉന്നതന്‍ വിളിച്ചെന്ന കസ്‌റ്റംസിന്റെ വെളിപ്പെടുത്തലിനെപ്പറ്റിയും രവീന്ദ്രനോടു ചോദിച്ചറിയും.

ലൈഫിലെ 26 ലൈഫ്‌ പദ്ധതികളുടെ കരാറുകള്‍ രണ്ടു കമ്പനികള്‍ക്കാണു ലഭിച്ചത്‌. ടെന്‍ഡര്‍ നടപടി ആരംഭിക്കുന്നതിനു മുമ്പു ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്നാണ്‌ ഇ.ഡിയുടെ വിലയിരുത്തല്‍. സ്വപ്‌നയുടെ വാട്ട്‌സ്‌ആപ്പ്‌ ചാറ്റുകളില്‍നിന്ന്‌ ഇത്തരം വിവരങ്ങള്‍ ലഭിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM