മീ ടൂ! കന്യാസ്ത്രീകളെ എങ്ങനെ വീഴിക്കാമെന്ന ചിന്തയാണ് മിക്ക വൈദികര്‍ക്കും: സിസ്റ്റര്‍ ലൂസി
Friday 11 January 2019 1:47 AM UTC
മാനന്തവാടി Jan 11: കത്തോലിക്കാ സഭയിലെ പൗരോഹിത്യ മേല്‍ക്കോയ്മയ്ക്കെതിരേ പോരാടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ “മീ ടൂ” വെളിപ്പെടുത്തല്‍. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ വൈദികര്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് അവര്‍ മംഗളത്തോടു പറഞ്ഞു.
“എന്നെ കുഴിയില്‍ വീഴിക്കാന്‍ പല തവണ ശ്രമമുണ്ടായി. കെണിയില്‍പ്പെടാതെ രക്ഷപ്പെട്ടതിനാലാണു വൈദികര്‍ നടത്തുന്ന ലൈംഗികചൂഷണത്തിനെതിരായി ശക്തമായി പ്രതികരിക്കാന്‍ സാധിക്കുന്നത്”- ഏതെങ്കിലും വൈദികരുടെ പേര് വെളിപ്പെടുത്താതെ സിസ്റ്റര്‍ ലൂസി പറഞ്ഞു.
കന്യാസ്ത്രീകളെ കാണുമ്പോള്‍ എങ്ങനെ വീഴിക്കാമെന്ന ചിന്തയോടെ പല വിധത്തിലാണ് മിക്ക വൈദികരും ഇടപെടുന്നത്. ഇതില്‍ വീണുപോകുന്ന കന്യാസ്ത്രീകളുണ്ട്.
ഒത്തിരി വൈദികരുടെയും ഇരകളാക്കപ്പെട്ട കന്യാസ്ത്രീകളുടെയും കഥകള്‍ അറിയാം. മിക്ക വൈദികരും ഒരു പരിധി വരെ തെറ്റായാണു ജീവിക്കുന്നത്.
ആണും പെണ്ണുമുള്ളിടത്തോളം ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ബ്രഹ്മചര്യം പാലിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇനിയുള്ള കാലം കത്തോലിക്കാ സഭയില്‍ വൈദികര്‍ ഒറ്റയ്ക്കു നില്ക്കുന്ന സാഹചര്യം മാറണം, കല്യാണം കഴിക്കണം.
തങ്ങളുടെ ഫോണ്‍ കോളുകള്‍ പരിശോധനയ്ക്കു നല്കാന് ധൈര്യമുള്ള വൈദികരുണ്ടോയെന്നു വെല്ലുവിളിക്കുന്നു.
ഫോണ്‍ പോലീസിനു കൈമാറാന്‍ ധൈര്യമുള്ള എത്ര വൈദികരുണ്ടു കേരളത്തില്‍! എന്റെ ഫോണ്‍ കൈമാറാന്‍ തയാറാണ്, ഞാനിതുവരെ വഴിവിട്ടു ജീവിച്ചിട്ടില്ല. അതുകൊണ്ടാണ് ചൂഷണങ്ങള്‍ക്കെതിരേ പോരാടാന്‍ സാധിക്കുന്നത്.
ഞാനുള്‍പ്പെടുന്ന കന്യാസ്ത്രീ സമൂഹം നേരിടുന്ന ചൂഷണങ്ങളില്‍ മനംമടുത്താണ് ബലാത്സംഗക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോയ്ക്കെതിരേ ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചത്”- സിസ്റ്റര്‍ ലൂസി പറഞ്ഞു.
സുപ്പീരിയര്‍ ജനറലിന് മുന്നില്‍ ഹാജരായില്ല
ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ (എഫ്.സി.സി) ആലുവയിലുള്ള ആസ്ഥാനത്തെത്തി വിശദീകരണം നല്കാന് സിസ്റ്റര്‍ ലൂസി കളപ്പുര തയാറായില്ല.
പുറത്താക്കലിലേക്കുള്ള നടപടികളുടെ ആദ്യ മുന്നറിയിപ്പെന്ന നിലയിലാണ് ഇന്നലെ ഹാജരായി വിശദീകരണം നല്കാന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ആവശ്യപ്പെട്ടിരുന്നത്.
വന്നില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്നും സിസ്റ്റര്‍ ലൂസിയെ അറിയിച്ചിരുന്നു.
ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ച് ഇ-മെയില്‍ സന്ദേശം നല്‍കിയതായി സിസ്റ്റര്‍ ലൂസി പറഞ്ഞു.
തന്നെ ഏറെ നാളായി മാനസികമായി പീഡിപ്പിക്കുന്നവരുടെ മുന്നിലേക്കില്ല. തന്നെ അധിക്ഷേപിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഫ്.സി.സി. സന്യാസിനീ സമൂഹത്തിന്റെ അധികാരികള്‍ക്കു നേരത്തേ നല്കിയ കത്തിന് ഇതുവരെ മറുപടി തന്നിട്ടില്ല.
മറുപടി തരാത്ത സാഹചര്യത്തില്‍ തല്ക്കാലം സുപ്പീരിയര്‍ ജനറലിനെ കാണാന്‍ പോകുന്നില്ല- സിസ്റ്റര്‍ ലൂസി പറഞ്ഞു.
ബിഷപ് ഫ്രാങ്കോയ്ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു, ടിവി ചര്‍ച്ചകളിലൂടെ സഭാനേതൃത്വത്തെ ഇടിച്ചുതാഴ്ത്തി, അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു, ഡ്രൈവിങ് പഠിച്ചു, വായ്പയെടുത്ത് കാര്‍ വാങ്ങി തുടങ്ങിയ കാര്യങ്ങളിലാണു സിസ്റ്റര്‍ ലൂസിയോടു വിശദീകരണം തേടിയിരുന്നത്.
എഫ്.സി.സിയുടെ വയനാട് കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റര്‍ കഴിയുന്നത്.
ബിഷപ് ഫ്രാങ്കോയ്ക്കെതിരേ പ്രതികരിച്ചതിനു പിന്നാലെ സിസ്റ്റര്‍ ലൂസിയെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്നു കാരയ്ക്കാമല പള്ളി വികാരി വിലക്കിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നു നടപടി പിന്‍വലിച്ചിരുന്നു.
CLICK TO FOLLOW UKMALAYALEE.COM