മീ ടൂ ആരോപണത്തില്‍ വിനായകനെതിരെ പോലീസ് കേസെടുത്തു – UKMALAYALEE

മീ ടൂ ആരോപണത്തില്‍ വിനായകനെതിരെ പോലീസ് കേസെടുത്തു

Saturday 15 June 2019 6:36 AM UTC

കൊച്ചി June 15: മീ ടൂ ലൈംഗികാരോപണത്തില്‍ നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് കേസെടുത്തത്.

ഐ.പി.സി 506, 294 ബി, കെ.പി.എ 120 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായി വിളിച്ചപ്പോള്‍ വിനായകന്‍ അസഭ്യം പറയുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് മൃദുലയുടെ ആരോപണം.

സംഘപരിവാര്‍ ബി.ജെ.പി അനുഭാവികളുടെ സൈബര്‍ ആക്രമണം വിനായകനെതിരെ ശക്തമായ ഘട്ടത്തിലാണ് മൃദുല മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിയിച്ചുവെന്നും ബി.ജെ.പി രാഷ്ട്രീയം കേരള ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്.

ഇതിനിടെയാണ് മൃദുലാ ദേവി മീ ടൂ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. നടിയ്‌ക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു.

മൃദുലയുടെ വെളിപ്പെടുത്തല്‍. പരിപാടിക്ക് വിളിച്ച തന്നോട് അശ്ലീല സംഭാഷണം നടത്തിയെന്നാണ് മൃദുലയുടെ ആരോപണം.

മൃദുലാ ദേവി ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല.

കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു.

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ

CLICK TO FOLLOW UKMALAYALEE.COM