മിഴി നിറച്ച്‌ മകരജ്യോതി; മനംനിറഞ്ഞു മലയിറക്കം – UKMALAYALEE

മിഴി നിറച്ച്‌ മകരജ്യോതി; മനംനിറഞ്ഞു മലയിറക്കം

Thursday 16 January 2020 5:58 AM UTC

ശബരിമല Jan 16 : ഭക്‌തലക്ഷങ്ങളുടെ കണ്‌ഠങ്ങളില്‍നിന്നുയര്‍ന്ന ശരണാരവങ്ങള്‍ക്കിടയില്‍, കൂപ്പുകൈസാഗരത്തിനു മീതേ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. മകരസന്ധ്യയെ മായികപ്രഭയിലാക്കി മകരജ്യോതി ഭക്‌തമാനസങ്ങള്‍ക്ക്‌ വ്രതശുദ്ധിയുടെ പൂര്‍ണതയേകി. ഇനി മനം നിറഞ്ഞ്‌ മലയിറക്കം.

ശരണമന്ത്രങ്ങള്‍ അലയടിച്ച ത്രിസന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തി ശ്രീലകത്ത്‌ ദീപാരാധന നടന്നു. 6.50നാണ്‌ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ആദ്യം തെളിഞ്ഞത്‌. പിന്നീട്‌ ഓരോമിനിറ്റ്‌ ഇടവിട്ട്‌ രണ്ടുതവണ കൂടി ജ്യോതി തെളിഞ്ഞു.

മകരസംക്രമദിനമായ ഇന്നലെ പുലര്‍ച്ചെ 2.09-നാണു സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്കു പ്രവേശിച്ചത്‌. ഈ സമയം മകരസംക്രമപൂജയുടെ ഭാഗമായി തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന്‍വശമെത്തിച്ച നെയ്യാണ്‌ ഭഗവാന്‌ അഭിഷേകം ചെയ്‌തത്‌.

സംക്രമപൂജ കഴിഞ്ഞ്‌ ഇന്നലെ പുലര്‍ച്ചെ 2.30-നാണ്‌ നടയടച്ചത്‌. ഒന്നരമണിക്കൂറിനുശേഷം പുലര്‍ച്ചെ നാലിനു നിര്‍മാല്യദര്‍ശനത്തിനായി നട തുറന്നു. ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ അടച്ച നട വൈകിട്ട്‌ അഞ്ചിന്‌ തുറന്നു.

തുടര്‍ന്ന്‌ അയ്യപ്പസന്നിധിയില്‍നിന്നു പൂജിച്ച മാലകള്‍ നല്‍കി തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ തിരുവാഭരണം സ്വീകരിക്കാന്‍ ദേവസ്വം അധികൃതര്‍ക്ക്‌ അനുജ്‌ഞ നല്‍കി.

5.30-ന്‌ ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.എസ്‌. രാജേന്ദ്രപ്രസാദ്‌, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എസ്‌. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ സന്നിധാനത്തേക്കാനയിച്ചു.

പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയ ഘോഷയാത്രയെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എന്‍. വാസു, ബോര്‍ഡ്‌ അംഗങ്ങളായ വിജയകുമാര്‍, സ്‌പെഷല്‍ കമ്മിഷണര്‍ മനോജ്‌, ദേവസ്വം കമ്മിഷണര്‍ ബി.എസ്‌. തിരുമേനി, എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ച്‌ സോപാനത്തേക്കാനയിച്ചു.

തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരും മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന്‌ തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീലകത്തെത്തിച്ച്‌ ആഭരണങ്ങള്‍ ഭഗവാനു ചാര്‍ത്തി ദീപാരാധന നടത്തി. തുടര്‍ന്നായിരുന്നു ജ്യോതി തെളിഞ്ഞത്‌.

CLICK TO FOLLOW UKMALAYALEE.COM