മാഹി സ്വദേശിയുടെ കോവിഡ്‌ മരണം , ‘കൈകഴുകി’ പുതുച്ചേരിയും കേരളവും – UKMALAYALEE

മാഹി സ്വദേശിയുടെ കോവിഡ്‌ മരണം , ‘കൈകഴുകി’ പുതുച്ചേരിയും കേരളവും

Saturday 23 May 2020 2:00 AM UTC

കണ്ണൂര്‍ May 23 : പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കോവിഡ്‌ ബാധിതനായ മാഹി സ്വദേശിയുടെ മരണം ഔദ്യോഗികമായി രേഖപ്പെടുത്താതെ പുതുച്ചേരി, കേരളസര്‍ക്കാരുകള്‍. പരിയാരം മെഡിക്കല്‍ കോളജ്‌ കേരളത്തിലാണെങ്കിലും, മാഹി പുതുച്ചേരി സംസ്‌ഥാനത്തിന്റെ ഭാഗമാണ്‌.
സാമൂഹികപ്രവര്‍ത്തകനായ മാഹി, ചെറുകല്ലായി സ്വദേശി മെഹ്‌റൂഫ്‌ ഏപ്രില്‍ 11-നാണ്‌ കണ്ണൂരില്‍ മരിച്ചത്‌. എന്നാല്‍, കാരണം വിശദീകരിക്കാതെ, ഇരുസംസ്‌ഥാനങ്ങളും ഈ കോവിഡ്‌ മരണം അവഗണിക്കുകയാണെന്നാരോപിച്ച്‌ മെഹ്‌റൂഫിന്റെ മകന്‍ നദീം രംഗത്തെത്തി.

മെഹ്‌റൂഫിന്‌ എവിടെനിന്നാണു രോഗബാധയുണ്ടായതെന്നു കണ്ടെത്താന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍നിന്നു നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം രേഖപ്പെടുത്തിയിട്ടില്ലെന്നും നദീം പറഞ്ഞു.

ഇക്കാര്യം തിരക്കിയപ്പോള്‍, പുതുച്ചേരി സര്‍ക്കാരിന്റെ കത്തുമായി വരാനായിരുന്നു അധികൃതരുടെ മറുപടി.

മരിച്ചതു കേരളത്തിലായതിനാല്‍, അക്കാര്യം രേഖപ്പെടുത്തേണ്ടത്‌ അവിടെയാണെന്നു പുതുച്ചേരി സര്‍ക്കാരും “കൈകഴുകുന്നു”. മെഹ്‌റൂഫിന്റെ മരണം കേരളത്തിന്റെ പട്ടികയില്‍പ്പെടുത്തണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

മഹാരാഷ്‌ട്രയില്‍ നാല്‌ മലയാളികള്‍ മരിച്ചപ്പോള്‍ അതു മഹാരാഷ്‌ട്രയുടെ പട്ടികയിലാണു ചേര്‍ത്തതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

മെഹ്‌റൂഫിന്റെ മരണം കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു തലശേരി എം.എല്‍.എ: എ.എന്‍. ഷംസീര്‍ വാഗ്‌ദാനം ചെയ്‌തതും ജലരേഖയായി.

മരണം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വൈറസ്‌ ബാധയുടെ ഉറവിടം തേടി പോലീസ്‌ ഇപ്പോഴും കുടുംബത്തെ വിഷമിപ്പിക്കുകയാണെന്നു നദീം പറഞ്ഞു.

കേരളസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണു മെഹ്‌റൂഫിന്റെ കുടുംബം. മകനും മകളുടെ ഭര്‍ത്താവും മാത്രം 70 കിലോമീറ്റര്‍ ദൂരെയുള്ള കബറിടത്തില്‍ എത്തിയാണു 40-ാം ദിവസത്തെ പ്രാര്‍ഥനാച്ചടങ്ങ്‌ നടത്തിയത്‌.

കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂരില്‍ മരിച്ച മാഹി സ്വദേശി മെഹ്‌റൂഫിനെ കേരളത്തിന്റെ പട്ടികയില്‍പ്പെടുത്താത്തതിനു വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോണ്ടിച്ചേരിയുടെ ഭാഗമായ പ്രദേശമാണ്‌ മാഹി.

ചികിത്സയ്‌ക്കായി ഇവിടത്തുകാര്‍ തലശേരിയെയോ കോഴിക്കോടിനെയോ ആണ്‌ ആശ്രയിക്കാറുള്ളത്‌. അതിന്റെ അര്‍ഥം അവര്‍ മാഹി വിട്ടുപോകുന്നുവെന്നല്ല.

മരിച്ചതു മാഹിയില്‍പ്പെട്ടയാളാണ്‌. ചികിത്സിച്ച സ്‌ഥലമായ കേരളത്തിന്റെ പട്ടികയിലല്ല അവരെ ഉള്‍പ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

CLICK TO FOLLOW UKMALAYALEE.COM