മാവോയിസ്‌റ്റ്‌ വേട്ട: സംസ്‌ഥാന സെക്രേട്ടറിയറ്റില്‍ പിണറായി വിജയനെ ഒറ്റപ്പെടുത്താന്‍ ശ്രമം – UKMALAYALEE
foto

മാവോയിസ്‌റ്റ്‌ വേട്ട: സംസ്‌ഥാന സെക്രേട്ടറിയറ്റില്‍ പിണറായി വിജയനെ ഒറ്റപ്പെടുത്താന്‍ ശ്രമം

Tuesday 12 November 2019 7:37 AM UTC

കൊച്ചി Nov 12: പാര്‍ട്ടിയിലേക്കു പുതിയ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ അവരുടെ മുന്‍കാല പശ്‌ചാത്തലം സൂക്ഷ്‌മമായി പരിശോധിക്കണമെന്ന്‌ സി.പി.എം. നേതൃത്വത്തില്‍ ധാരണ.

മാവോയിസ്‌റ്റ്‌ ബന്ധത്തിന്റെ പേരില്‍ രണ്ടു വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കേണ്ടിവന്ന സാഹചര്യത്തിലാണിത്‌.
കഴിഞ്ഞവര്‍ഷമാണ്‌ അംഗത്വ നടപടിക്രമങ്ങള്‍ ലളിതമാക്കിയത്‌.

എന്നാല്‍ ഇനി പാര്‍ട്ടിയംഗങ്ങളാകാന്‍ എത്തുന്നവരുടെ രാഷ്‌ട്രീയേതര ബന്ധങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍ തുടങ്ങിയവകൂടി പരിശോധിച്ചേക്കും.

മാവോയിസ്‌റ്റ്‌ വേട്ടയ്‌ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചപിന്തുണ നല്‍കിയപ്പോള്‍, കേസില്‍ ഉള്‍പ്പെട്ടവരുടെ പാര്‍ട്ടിബന്ധം ചൂണ്ടിക്കാട്ടി സംസ്‌ഥാന സെക്രേട്ടറിയറ്റില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ്‌ ഒരുവിഭാഗം ശ്രമിച്ചത്‌. പിണറായി വിജയന്‌ ഒന്നിലേറെത്തവണ നിലപാട്‌ വിശദീകരിക്കേണ്ടിയും വന്നു.

തോമസ്‌ ഐസക്‌-ബേബി അച്ചുതണ്ടിലുള്ള തെക്കന്‍ വിഭാഗം മാവോയിസ്‌റ്റ്‌ ബന്ധത്തെ ചര്‍ച്ചാവിഷയമാക്കിയതോടെ പുതിയ അംഗങ്ങളുടെ കാര്യത്തില്‍ വരുംനാളുകളില്‍ സൂക്ഷ്‌മത പുലര്‍ത്തണമെന്ന അഭിപ്രായം ഔദ്യോഗികപക്ഷം സ്വീകരിക്കുകയായിരുന്നു.

പരിധിയില്ലാതെ അംഗത്വം നല്‍കുന്നത്‌ സി.പി.എമ്മിനു ദോഷകരമാകുമെന്ന വിലയിരുത്തലാണ്‌ നിലവിലുള്ളത്‌. അടുത്ത മാര്‍ച്ചിലാണ്‌ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള നടപടികള്‍.

ഇതര രാഷ്‌ട്രീയ പ്രവര്‍ത്തന രീതിയോട്‌ ആഭിമുഖ്യമുള്ളവര്‍ സി.പി.എമ്മില്‍ അംഗത്വം നേടിയെന്ന്‌ സമ്മതിക്കേണ്ടി വരുന്നത്‌ ഉരുക്കുമതിലുള്ള പാര്‍ട്ടിയുടെ കെട്ടുറപ്പിനെയാണ് ചോദ്യം ചെയ്യുന്നത്.

യു.എ.പി.എ. ചുമത്തി കോഴിക്കോട്‌ അറസ്‌റ്റിലായ വിദ്യാര്‍ഥികള്‍ മാവോയിസ്‌റ്റുകള്‍ തന്നെയെന്ന്‌ സര്‍ക്കാരും പോലീസും വ്യക്‌തമാക്കുമ്പോള്‍ അവര്‍ക്ക്‌ പാര്‍ട്ടി അംഗത്വം ലഭിച്ചതെങ്ങനെയെന്ന ചോദ്യത്തിന് പാര്‍ട്ടി ഉത്തരം പറയേണ്ടിവരും.

സി.പി.എമ്മില്‍ അഞ്ഞൂറോളം മാവോവാദി അനുഭാവികളുണ്ടെന്നുള്ള പോലീസിന്റെ റിപ്പോര്‍ട്ട് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുയാണ്.

പാര്‍ട്ടിക്കുള്ളിലെ മാവോവാദി അനുഭാവികളുടെ സാന്നിധ്യം കണ്ടെത്താന്‍ പാര്‍ട്ടി അന്വേഷണത്തിന്റെ ഭാഗമായി സംഘടനാ നടപടികള്‍ക്ക് ഫ്രാക്ഷന്‍യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ട്.

നേരത്തേ ഡി.വൈ.എഫ്‌.ഐയിലും എസ്‌.എഫ്‌.ഐയിലും തീവ്രവാദ ആശയക്കാരുടെ നുഴഞ്ഞുകയറ്റമുണ്ടാകുന്നതായി പാര്‍ട്ടി നേതൃത്വം വിലയിരുത്തുകയും ഈ സംഘടനാ നേതാക്കള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ സി.പി.എം. തന്നെ ഈ വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്‌.

ഓരോ സമ്മേളന കാലയളവിലും കൃത്യമായി അംഗങ്ങളെ വിലയിരുത്തുകയും, പ്രവര്‍ത്തനം നോക്കിയും നിരീക്ഷണത്തിനു ശേഷവും മാത്രമാണ്‌ ഒരാള്‍ക്ക്‌ കാന്‍ഡിഡേറ്റ്‌ അംഗത്വവും പിന്നീട്‌ പൂര്‍ണ അംഗത്വവും സി.പി.എമ്മില്‍ ലഭിക്കുക.

അഞ്ചു വര്‍ഷമായി അലനും താഹയും മാവോയിസ്‌റ്റ്‌ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്ന്‌ പോലീസ്‌ പറയുമ്പോള്‍ ഇവര്‍ക്ക്‌ എങ്ങനെ സി.പി.എം. അംഗത്വം നല്‍കിയെന്നതാണ്‌ അണികളുടെ ചോദ്യം.

അതേസമയം, യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലന്‍ , താഹ എന്നിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഉണ്ടാകൂവെന്നാണ് സൂചന.

CLICK TO FOLLOW UKMALAYALEE.COM