മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ ഇസ്ലാമിക തീവ്രവാദികള്‍: പി. മോഹനന്‍ – UKMALAYALEE

 മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ ഇസ്ലാമിക തീവ്രവാദികള്‍: പി. മോഹനന്‍

Wednesday 20 November 2019 5:10 AM UTC

കോഴിക്കോട്‌ Nov 20 : മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം. കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസംഗം വിവാദത്തില്‍.

മോഹനന്റെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും മുസ്ലിം ലീഗും സംസ്‌കാരികപ്രവര്‍ത്തകരും രംഗത്തെത്തി.
മോഹനന്റെ പ്രസ്‌താവനയില്‍ സി.പി.എം. കേന്ദ്രനേതൃത്വം അതൃപ്‌തി അറിയിച്ചിട്ടുണ്ട്‌.

വിഷയത്തില്‍ സമഗ്രഅന്വേഷണം ആവശ്യമാണെന്ന്‌ മോഹനന്റെ പ്രസ്‌താവന സ്വാഗതം ചെയത്‌ ബി.ജെ.പി. മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മാവോയിസ്‌റ്റ്‌ ബന്ധത്തിന്റെ പേരില്‍ അറസ്‌റ്റിലായ അലനും താഹയ്‌ക്കുമെതിരേയുള്ള ജില്ലാ കമ്മിറ്റി നടപടിയുടെ പേരില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുന്നതിനിടെയാണ്‌ കെ.എസ്‌.കെ.ടി.യുവിന്റെ കോഴിക്കോട്‌ ജില്ലാ സമ്മേളന സമാപനസമ്മേളനത്തില്‍ മോഹനനന്റെ വിവാദപ്രസംഗം.

മോഹനന്‍ പ്രസംഗത്തില്‍ പറഞ്ഞത്‌: കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളാണ്‌ മാവോയിസ്‌റ്റുകള്‍ക്ക്‌ വെള്ളവും വളവുംനല്‍കി വളര്‍ത്തുന്നത്‌. പരസ്‌പര സഹകരണത്താടെയാണ്‌ ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നത്‌.

പോലീസ്‌ ഇക്കാര്യം പരിശോധിക്കണം. ഇസ്ലാമിക തീവ്രവാദ പ്രസ്‌ഥാനങ്ങളാണ്‌ മാവേയിസ്‌റ്റുകളുടെ ശക്‌തി. എന്‍.ഡി.എഫുകാര്‍ക്കും മറ്റ്‌ ഇസ്ലാമിക മതമൗലിക വാദികള്‍ക്കും മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ആവേശമാണ്‌.

ഉപതെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത്‌ സി.പി.എമ്മിന്‌ വന്‍വിജയമാണ്‌ ഉണ്ടായത്‌. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസും ബി.ജെ.പിയും അപ്രസക്‌തമാകും.

ഈ സാഹചര്യത്തില്‍ സി.പി.എമ്മിനെ ഇല്ലാതാക്കാനാണ്‌ ശ്രമം. അതിനുവേണ്ടിയാണ്‌ മാവോയിസ്‌റ്റുകളെ ഇറക്കിയത്‌.

CLICK TO FOLLOW UKMALAYALEE.COM