മാധ്യമങ്ങള്‍ക്കു മുന്നില്‍ വാ തുറന്ന് അപഹാസ്യരാക്കരുത്: ‘അമ്മ’ അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം – UKMALAYALEE

മാധ്യമങ്ങള്‍ക്കു മുന്നില്‍ വാ തുറന്ന് അപഹാസ്യരാക്കരുത്: ‘അമ്മ’ അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

Sunday 29 July 2018 6:24 PM UTC

KOCHI July 31: മാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്ന് കാണിച്ചു ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ അംഗങ്ങള്‍ക്കായി സര്‍ക്കുലര്‍ പുറത്തിറക്കി.

പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് സംഘടനയ്ക്ക് ഉളളില്‍ സംസാരിച്ച് പരിഹരിക്കണം എന്നും അതില്‍ പറയുന്നു.

സംഘടനയിലേക്ക് ഇല്ലെന്നു ദിലീപ് പറഞ്ഞ സാഹചര്യത്തില്‍ തുടര്‍ നടപടി അപ്രസക്തമായെന്നും അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ അമ്മ വ്യക്തമാക്കുന്നു.

ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നീ നാലു നടിമാരുടെ രാജി ലഭിച്ചതായും സര്‍ക്കുലറില്‍ വെളിപ്പെടുത്തുന്നു. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരുമായി കൊച്ചിയില്‍ ഓഗസ്റ്റ് ഏഴാം തീയതി നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

അമ്മയ്‌ക്കെതിരെ പരാതിപ്പെട്ട ജോയ് മാത്യുവിനെയും ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ദിലിപീനെ സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്ക്ക് കത്തു നല്‍കിയത്.

ജൂണ്‍ 24 ന് നടന്ന അമ്മ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചു കൊണ്ടാണ് നടിമാര്‍ എ എം എം എയ്ക്ക് കത്ത് കൈമാറിയത്.

ഇതിനു മറുപടിയായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് നടി രേവതിക്കു നല്‍കിയ കത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു.

ഓഗസ്റ്റ് ഏഴിന് കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിദേശത്ത് ആയതിനാല്‍ നടി പാര്‍വ്വതി പങ്കെടുത്തേക്കില്ല. രേവതിയും പത്മപ്രിയയും ആയിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക.

ദിലീപ് സംഘടനയുടെ പുറത്ത് തന്നെയാണെന്നാണ് എ എം എം എ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

സാങ്കേതികമായും നിയമപരമായും ദിലീപ് അമ്മയില്‍ ഇപ്പോള്‍ ഇല്ല. തിരികെ വരുന്നില്ലെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയതിനാല്‍ അംഗത്വം നില നില്‍ക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

CLICK TO FOLLOW UKMALAYALEE.COM