മാണിക്കെതിരായ വിധിയില്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി
Thursday 20 September 2018 1:24 AM UTC

തിരുവനന്തപുരം Sept 20 : ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി വീണ്ടും തള്ളിക്കളഞ്ഞതോടെ വെട്ടിലായതു കോണ്‍ഗ്രസ്.
മാണിയെ യു.ഡി.എഫില്‍ തിരിച്ചെടുത്തതും രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസി(എം)ന് അടിയറവച്ചതും തെറ്റായിരുന്നെന്നു തെളിഞ്ഞതായി ആരോപിച്ച് കോണ്‍ഗ്രസില്‍ ഒരുവിഭാഗം രംഗത്തുവന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ ശേഷിക്കേ, മാണിക്കെതിരായ വിധി എല്‍.ഡി.എഫ്. രാഷ്ട്രീയ ആയുധമാക്കും.
ബാര്‍ കോഴക്കേസിനെച്ചൊല്ലിയാണു കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫ്. വിട്ടത്. മാണി തിരിച്ചുവന്നശേഷം അപ്രതീക്ഷിതമായുണ്ടായ കോടതിവിധി മുന്നണിക്കു ക്ഷീണമാകും.
ഇടതുസര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്കു വിധി തടസമാകുമെന്നും പാര്‍ട്ടിയിലെ വിമര്‍ശകര്‍ വിലയിരുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുവരെ ബാര്‍ കോഴക്കേസ് സജീവമായി നിര്‍ത്തി യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കാനാകും സി.പി.എം. നീക്കം.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തില്‍ അതു പ്രതിഫലിക്കുകയും ചെയ്തു.
കോടതിവിധി കേരളാ കോണ്‍ഗ്രസി(എം)നെച്ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിക്കിടയാക്കും. മാണിയെ വീട്ടില്‍ച്ചെന്നു വിളിച്ചുകൊണ്ടുവന്നതും കോണ്‍ഗ്രസിന് അര്‍ഹമായ രാജ്യസഭാ സീറ്റ് തളികയില്‍വച്ചു സമ്മാനിച്ചതും പാര്‍ട്ടിയില്‍ വന്‍കലാപത്തിനു വഴിവച്ചിരുന്നു.
അതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന് പരസ്യമായി രംഗത്തുവരുകയും ചെയ്തു. വിവാദം ഏറെക്കുറെ കെട്ടടങ്ങിയ പശ്ചാത്തലത്തിലാണു പുതിയ കോടതിവിധി.
വരുംദിവസങ്ങളില്‍ ഈ വിഷയം കോണ്‍ഗ്രസില്‍ കൂടുതല്‍ സജീവമായി ചര്‍ച്ചയാകും.
മാണിയെ യു.ഡി.എഫിലേക്കു മടക്കിക്കൊണ്ടുവന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവസാനിച്ചിട്ടില്ലെന്നു സുധീരന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളിലൊന്ന് ബാര്‍ കോഴക്കേസാണെന്നു പാര്‍ട്ടിയില്‍ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
ചാരക്കേസിലെ സുപ്രീം കോടതിവിധി കോണ്‍ഗ്രസില്‍ വിഴുപ്പലക്കലിനു തുടക്കമിട്ടതിനു പിന്നാലെയാണു ബാര്‍ കോഴക്കേസിലെ വിധിയും പ്രഹരമായത്.
CLICK TO FOLLOW UKMALAYALEE.COM