‘മസ്ജിദിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ വേണം’: മുസ്ലിം നേതാക്കള്‍ – UKMALAYALEE

‘മസ്ജിദിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ വേണം’: മുസ്ലിം നേതാക്കള്‍

Friday 15 November 2019 5:43 AM UTC

അയോധ്യ Nov 15: അയോധ്യ കേസില്‍ മസ്ജിദ് നിര്‍മിക്കാന്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍, അയോധ്യയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളില്‍ വേണമെന്നു കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇഖ്ബാല്‍ അന്‍സാരി.

നിരവധി പ്രാദേശിക മുസ്ലിം സംഘടനാനേതാക്കളും ഇതേ ആവശ്യമുന്നയിച്ചു. രാമജന്മഭൂമി – ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ ഉള്‍പ്പെടുന്ന 67 ഏക്കര്‍ 1991-ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

മസ്ജിദിനു സ്ഥലം അനുവദിക്കുന്നത് 67 ഏക്കറിനുള്ളിലല്ലെങ്കില്‍ നിരസിക്കുമെന്ന് അന്‍സാരി പറഞ്ഞു. കേസില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്നു വിധി വന്നയുടന്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ ”ലോലിപോപ്” സ്വീകരിക്കില്ലെന്നും എവിടെയാണു ഭൂമി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കണമെന്നും കേസിലെ മറ്റൊരു കക്ഷിയായ ഹാജി മഹ്ബൂബ് ആവശ്യപ്പെട്ടു.

മസ്ജിദിനായി അയോധ്യയില്‍ ഭൂമി കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി ആരംഭിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ഭൂമി സ്വീകരിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് 26-നു ലഖ്‌നൗവില്‍ യോഗം ചേരും. മറ്റു നേതാക്കളുടെ പ്രതികരണം ഇങ്ങനെ:

‘‘മുസ്ലിംകള്‍ക്കു പള്ളി പണിയണമെങ്കില്‍ അതിനുള്ള ഭൂമി വാങ്ങാനും അറിയാം. ഞങ്ങള്‍ സര്‍ക്കാരിന്റെ ആശ്രിതരല്ല. ഞങ്ങള്‍ക്ക് അല്‍പ്പമെങ്കിലും സാന്ത്വനം നല്‍കണമെന്നു കോടതിയോ സര്‍ക്കാരോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുത്ത സ്ഥലത്തുതന്നെ അഞ്ചേക്കര്‍ അനുവദിക്കണം.

18-ാം നൂറ്റാണ്ടിലെ സൂഫിവര്യന്‍ ഖാസി ഖുദ്വായുടേത് ഉള്‍പ്പെടെ നിരവധി കബറിടങ്ങളും ദര്‍ഗകളുമുള്ള ഭൂമിയാണത്.’’

– മൗലാന ജലാല്‍ അഷ്‌റഫ്, (പ്രാദേശിക മതപുരോഹിതന്‍), ഖാലിദ് അഹമ്മദ് ഖാന്‍,(ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ മില്ലി കൗണ്‍സില്‍)

‘‘ബാബ്‌റി മസ്ജിദിനു പകരമായി മുസ്ലിം സമുദായത്തിനു ഭൂമി വേണ്ട. ഭൂമി നല്‍കുന്നെങ്കില്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളില്‍ വേണം. അല്ലാതെയുള്ള സംഭാവന വേണ്ട.’’

– ഹാജി ആസാദ് അഹമ്മദ്, (അയോധ്യ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍)

‘‘മസ്ജിദിനുവേണ്ടി എവിടെയും ഭൂമി വേണ്ട. അതുകൂടി രാമക്ഷേത്രത്തിനു വേണ്ടി നല്‍കാം. മുസ്ലിംകള്‍ ബാബ്‌റി മസ്ജിദിനുവേണ്ടിയാണു നിയമപോരാട്ടം നടത്തിയത്. മറ്റേതെങ്കിലും ഭൂമിക്കു വേണ്ടിയല്ല.’’

– മൗലാന ബാദ്ഷാ ഖാന്‍ (ജാമിയത്ത് ഉലമ ഹിന്ദ് അയോധ്യ ഘടകം പ്രസിഡന്റ്)

CLICK TO FOLLOW UKMALAYALEE.COM