മഴക്കോട്ടണിഞ്ഞ്‌, ബൈക്കിലിരുന്ന പ്രിയദര്‍ശനെ മരണം മണ്ണിട്ടുമൂടി – UKMALAYALEE

മഴക്കോട്ടണിഞ്ഞ്‌, ബൈക്കിലിരുന്ന പ്രിയദര്‍ശനെ മരണം മണ്ണിട്ടുമൂടി

Wednesday 14 August 2019 1:56 AM UTC

നിലമ്പൂര്‍ Aug 14: അയല്‍പക്കത്ത്‌ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ, അമ്മയോട്‌ ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞാണു കവളപ്പാറ താന്നിക്കല്‍ പ്രിയദര്‍ശന്‍ (34) ധൃതിയില്‍ വീട്ടിലേക്കു മടങ്ങിയത്‌.

വീട്ടിലെത്തി ബൈക്കില്‍നിന്ന്‌ ഇറങ്ങും മുമ്പേ മരണം മലവെള്ളപ്പാച്ചിലിന്റെ രൂപത്തിലെത്തി.
വീട്ടിലേക്കു പ്രവേശിക്കാനോ അമ്മയോടൊന്നു മിണ്ടാനോ കഴിയും മുമ്പ്‌ സര്‍വതും മണ്ണിനടിയിലായി.

ഒടുവില്‍, ബൈക്കില്‍ മഴക്കോട്ട്‌ ധരിച്ച്‌, ഇരിക്കുന്ന നിലയില്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ അതു കവളപ്പാറയുടെ കണ്ണീര്‍ക്കാഴ്‌ചകളില്‍ ഏറ്റവും ദൈന്യം നിറഞ്ഞതായി.

പ്രിയദര്‍ശന്റെ അമ്മയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്‌ചതന്നെ കണ്ടെത്തിയിരുന്നു. നാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായ ദിവസം, വൈകിട്ട്‌ എട്ടോടെയാണു പ്രിയദര്‍ശന്‍ വീട്ടില്‍ മടങ്ങിയെത്തിയതെന്നു കരുതുന്നു.

മുറ്റത്തു നിര്‍ത്തിയിട്ട കാറിനു സമീപം ബൈക്കില്‍നിന്ന്‌ ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ദുരന്തം. അപ്പോള്‍ വീടിനുള്ളില്‍ പ്രിയദര്‍ശന്റെ അമ്മ രാഗിണിയും അമ്മമ്മയുമാണ്‌ ഉണ്ടായിരുന്നത്‌.

അമ്മമ്മയ്‌ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്‌.
നിലമ്പൂരിലെ സ്‌കൈ ഗ്രാഫിക്‌സ്‌ എന്ന സ്‌ഥാപനത്തില്‍ വെബ്‌ ഡിസൈനറായിരുന്ന പ്രിയദര്‍ശന്‍ അവിവാഹിതനാണ്‌.

ഇന്നലെ അഞ്ചു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. മണ്ണിനടിയില്‍പ്പെട്ട 35 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

CLICK TO FOLLOW UKMALAYALEE.COM