മലപ്പുറത്ത് നടന്ന ഈ ക്രിക്കറ്റ്മത്സരം ചരിത്രത്തില്‍ പ്രവേശിച്ചു ; ആദ്യം ബാറ്റ് ചെയ്ത ടീം പൂജ്യത്തിന് പുറത്തായി ; കളിയില്‍ മൊത്തം സ്‌കോര്‍ ചെയ്തത് നാലു റണ്‍സ്…!! – UKMALAYALEE

മലപ്പുറത്ത് നടന്ന ഈ ക്രിക്കറ്റ്മത്സരം ചരിത്രത്തില്‍ പ്രവേശിച്ചു ; ആദ്യം ബാറ്റ് ചെയ്ത ടീം പൂജ്യത്തിന് പുറത്തായി ; കളിയില്‍ മൊത്തം സ്‌കോര്‍ ചെയ്തത് നാലു റണ്‍സ്…!!

Friday 17 May 2019 12:31 AM UTC

കൊച്ചി May 17: രണ്ടു ടീമുകളും കൂടി ബാറ്റ് ചെയ്തിട്ടും മൊത്തം നാലു റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? രസകരവും കൗതുകകകരവുമായ അനേകം സംഭവങ്ങള്‍ മുമ്പും ലോക ക്രിക്കറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഈ സംഭവം നടന്നത് നമ്മുടെ സ്വന്തം കേരളത്തിലാണെന്നതാണ് ഏറെ രസകരം.

ആദ്യം ബാറ്റ് ചെയ്ത ടീം മൊത്തം നാലു റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ടീമിലെ ഒരാള്‍ക്കും ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാനാകാതെ ഇന്നിംഗ്‌സ് അവസാനിച്ചു.

പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന വനിതകളുടെ അണ്ടര്‍ 19 ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലായിരുന്നു ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച കളി നടന്നത്. വയനാടും കാസര്‍ഗോഡും തമ്മില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാസര്‍ഗോഡിന്റെ പതിനൊന്നു പേരും പൂജ്യത്തിന് പുറത്തായി.

വയനാടിന്റെ ബൗളര്‍മാര്‍ കനിഞ്ഞു നല്‍കിയ നാലു എക്‌സ്ട്രാ റണ്‍സ് മാത്രമായി കാസര്‍ഗോഡിന്റെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായത്. മറുപടി ബാറ്റിംഗിനിറങ്ങിയ വയനാടിന്റെ ഓപ്പണര്‍മാര്‍ ആദ്യ ഓവറില്‍ തന്നെ അഞ്ചു റണ്‍സ് എടുത്ത് പത്തു വിക്കറ്റിന് കളി ജയിക്കുകയും ചെയ്തു.

ഇത്തരമൊരു കൂട്ടത്തകര്‍ച്ചയിലേക്കായിരിക്കും ടീം നീങ്ങുന്നതെന്ന് സ്വപ്നത്തില്‍ പോലും കരുതാതെയാണ് കാസര്‍ഗോഡ് നായിക എസ് അക്ഷത ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തത്. ഓപ്പണര്‍മാരായ കെ വീക്ഷിതയും എസ് ചൈത്രയും ഒരു റണ്‍സ് പോലും എടുക്കാതെ ആദ്യ രണ്ട് ഓവറുകള്‍ പിടിച്ചു നിന്നു.

എന്നാല്‍ മൂന്നാമത്തെ ഓവര്‍ മുതല്‍ കളി മാറി. വയനാട് ക്യാപ്റ്റന്‍ നിത്യ ലൂര്‍ദ്ദിന്റെ പന്തില്‍ രണ്ടുപേരും പുറത്തായി. ആ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് നിത്യ പിഴുതത്. അടുത്ത ഓവര്‍ മുതല്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയും തുടങ്ങി.

പത്തുപേര്‍ ബാറ്റ് ചെയ്യാനിറങ്ങിയിട്ടും സ്കോര്‍ ബോര്‍ഡില്‍ കണ്ടത് 0,0,0,0,0,0,0,0,0,0,0 !!! എക്സ്ട്രാ: 4 എന്നായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM