മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി: സംസ്‌കാരചടങ്ങുകള്‍ക്കിടെ യുവാവിനു ജീവന്‍ വച്ചു – UKMALAYALEE

മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി: സംസ്‌കാരചടങ്ങുകള്‍ക്കിടെ യുവാവിനു ജീവന്‍ വച്ചു

Wednesday 3 July 2019 2:04 AM UTC

ലക്‌നൗ July 3: മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാവിന് സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവന്‍ വച്ചു. ലക്‌നൗ സ്വദേശിയായ മുഹമ്മദ് ഫര്‍ഹാന്‍ (20)എന്ന യുവാവാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ശരീരം മറവുചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് ഫര്‍ഹാന്റെ ശരീരം അനങ്ങുന്നത് സഹോദരന്‍ കണ്ടത്. ആദ്യം ഞെട്ടി പിന്നെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.

കഴിഞ്ഞ മാസം 21നാണ് വാഹന അപകടത്തെ തുടര്‍ന്ന് ഫര്‍ഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അന്നുമുതല്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആംബുലന്‍സില്‍ ശരീരം വീട്ടിലെത്തിച്ചു.

ഫര്‍ഹാനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ തങ്ങള്‍ ഏഴു ലക്ഷം രൂപ അടച്ചിരുന്നെന്ന് മുഹമ്മദ് ഫര്‍ഹാന്റെ സഹോദരന്‍ മൊഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു.

തങ്ങളുടെ കയ്യിലെ പണം തീര്‍ന്നെന്നു പറഞ്ഞപ്പോഴാണ് ആള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് ലഖ്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നരേന്ദ്ര അഗര്‍വാള്‍ അറിയിച്ചു.

രോഗി ഗുരുതരാവസ്ഥയിലാണെന്നും എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ലെന്നും മുഹമ്മദ് ഫര്‍ഹാനെ ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM