മരണത്തിലേക്ക് കൈ പിടിച്ച് കൊണ്ടുപോകുന്ന മദ്യപാനം; മരിച്ചു തുടങ്ങുന്ന ന്യൂ ഇയര്‍ ദിനം – UKMALAYALEE

മരണത്തിലേക്ക് കൈ പിടിച്ച് കൊണ്ടുപോകുന്ന മദ്യപാനം; മരിച്ചു തുടങ്ങുന്ന ന്യൂ ഇയര്‍ ദിനം

Friday 3 January 2020 6:27 AM UTC

KOCHI Jan 3: മദ്യം പലപ്പോഴും പലരെയും മരണത്തിലേക്ക് കൈ പിടിച്ച് നടത്താറുണ്ട്. ഇത്തരത്തില്‍ മദ്യം മരണത്തിലേക്ക് കൈപിടിച്ച് നടത്തുന്നവരെ കുറിച്ച് യുവ ഡോക്ടര്‍ വീണ ജെ എസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മരിച്ചു തുടങ്ങുന്ന ന്യൂ ഇയര്‍ ദിനം. ഇന്നും കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളും.. എന്ന തലക്കെട്ടിലാണ് വീണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

വീണ ജെ എസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മരിച്ചു തുടങ്ങുന്ന ന്യൂ ഇയര്‍ ദിനം.
ഇന്നും കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളും..

പല തവണ കണ്ടിട്ടുള്ള, എന്നാല്‍ സമാനതകള്‍ മാത്രമുള്ള ഒരു കാര്യം. ഏഴുപേരുടെ കഥ.

1) ഒന്നാമത്തെ ആളിന് വയസ്സ് 45. ന്യൂ ഇയര്‍ ആഘോഷത്തിന് കുടിച്ചുല്ലസിച്ചാടിപ്പാടി നടന്നു വരുമ്പോ ഒന്ന് കാലുതെന്നി വീണു.. നെറ്റിയിലും കൈകാലുകളിലും ചെറിയ ഉരവ് മാത്രേ ഉള്ളൂ. വീട്ടിലെത്തി ആള് കിടന്നുറങ്ങുകയും ചെയ്തു. കുടിച്ച് ബോധമറ്റ രാത്രികള്‍ ‘വല്ലപ്പോഴുമല്ലേ ഉള്ളൂ..

ഇന്ന് നന്നായി ഉറങ്ങട്ടെ’ എന്ന് പറഞ്ഞു ഭാര്യയും അയാളെ ഉറക്കത്തില്‍ നിന്നെഴുന്നേല്പിക്കാന്‍ പോയില്ല. അവര്‍ രാവിലെ ജോലിക്ക് പോയി. വൈകിട്ട് വന്നപ്പോള്‍ അയാള്‍ അവിടെത്തന്നെ കിടപ്പുണ്ട്. ഉറുമ്പുകള്‍ അയാളുടെ മേലും ചുറ്റിലും ഓടുന്നു. പന്തികേട് തോന്നി അടുത്തെത്തിയപ്പോള്‍ മരണം…

നെറ്റിയിലെ പരിക്ക് പുറമെ നിന്ന് നോക്കിയാല്‍ പോറല്‍ മാത്രമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ രക്തക്കുഴലുകള്‍ പൊട്ടി. പതിയെയുള്ള രക്തസ്രാവം ആയതിനാല്‍ വീട്ടിലെത്തുംവരെ ബോധം പോയില്ല. ഉറക്കത്തിലെപ്പോഴോ നശിച്ച ബോധം പിന്നെപ്പോഴോ മരണത്തിലേക്ക്..

2) രണ്ടാമന്‍ വയസ്സ് 37.. കഥയെല്ലാം ഒന്നാമനെ പോലെ തന്നെ.. വീണു ചെറിയ പോറലുകള്‍. ആശുപത്രിയില്‍ പോയി. തലയ്ക്കേറ്റ മുറിവ് ഗുരുതരമാണോ എന്നറിയാന്‍ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കിടക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു.

‘നെറ്റിയിലെ ഈ ചെറിയ പോറലിനോ?? ഡോക്ടര്‍ക്ക് കാശ് പിടിച്ചുപറിക്കാന്‍ ആണെങ്കില്‍ വേറെ പണിക്ക് പൊക്കൂടെ’ എന്ന വൃത്തികെട്ട തമാശ മുഴക്കി അയാളും കൂട്ടുകാരും അവിടെ നിന്നിറങ്ങിപ്പോയി. സ്ത്രീകളായ നഴ്സുമാരെ അസഭ്യം പറയാന്‍ മറന്നില്ല എന്ന് പ്രത്യേകം പറയട്ടെ. ഇതെല്ലാം സഹിച്ചും ഡോക്ടര്‍ ജോലി തുടര്‍ന്നു.

‘എന്തേലും പ്രശ്‌നം തോന്നിയാല്‍, പ്രത്യേകിച്ച് തലവേദന, തലകറക്കം, ശര്‍ദി, കാഴ്ച മങ്ങല്‍ അങ്ങനെ വല്ലോം ഉണ്ടെങ്കില്‍ വേഗം ആശുപത്രിയില്‍ എത്തണം’.

പോകുന്ന വഴിയില്‍ ഉടനീളം അയാളും കൂട്ടുകാരും ഡോക്ടറെ പരിഹസിച്ചു കാണണം…

ഏത് മദ്യപാനിയാ ശര്‍ദിക്കാത്തത് എന്ന് ചിന്തിച്ചു കാണണം. ഡോക്ടര്‍ പറഞ്ഞതെല്ലാം മസ്തിഷ്‌കത്തിന് മുറിവോ വീക്കമോ മറ്റോ വന്നു മര്‍ദം കൂടുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ആയിരുന്നു. ആല്‍ക്കഹോള്‍ അയാളുടെ ബോധം ഊറ്റിയെടുത്തത് കാരണം മേല്പറഞ്ഞ ലക്ഷണങ്ങള്‍ അറിയാന്‍ അയാള്‍ക്ക് പറ്റിയില്ല l. മുറിവിന്റെ ആഘാതത്തില്‍ അയാള്‍ മരിച്ചു.

3) മൂന്നാമത്തെയാള്‍ക്ക് 60 വയസ്സ്. എന്നും മൂക്ക്മുട്ടെക്കുടിച്ചു ബഹളം വെക്കുന്നയാള്‍ അന്ന് പക്ഷേ ഒരൊറ്റ പെഗ്ഗില്‍ തന്നെ ഔട്ടായി. യാതൊരു കാര്യവുമില്ലാതെ കൂടെയുള്ളവരോട് അടിവെക്കാന്‍ തുടങ്ങി.

‘ഇതിവന്റെ സ്ഥിരം ഏര്‍പ്പാട്’ എന്നും പറഞ്ഞ് കൂട്ടുകാര്‍ അവിടെനിന്നും പോയി. പിറ്റേ ദിവസം അയാള്‍ അതേ സ്ഥലത്തു മരിച്ചു കിടന്നതായി കണ്ടു. മസ്തിഷകത്തിനു രക്തം നല്‍കുന്ന ഒരുചെറിയകുഴലിന്റെ ശക്തി ക്ഷയിച്ചുണ്ടായ ഒരു ഡിഫെക്ട് പെട്ടെന്ന് പൊട്ടുകയായിരുന്നു.

രക്തം ചിന്തിയപ്പോള്‍ ന്യൂറോണുകള്‍ക്ക് ഉണ്ടായ ഇറിറ്റേഷന്‍/തലവേദന ആകാം പെട്ടെന്നുണ്ടായ സ്വഭാവമാറ്റത്തിനു കാരണം.

4) വയസ്സ് 55. പെട്ടെന്ന് ഒരുദിവസം അയാളുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. മരിച്ചു ദിവസങ്ങളായി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം രക്തത്തില്‍ ആല്‍ക്കഹോള്‍ അളവ് മരണകാരണത്തിനുതകുന്നതായി കണ്ടു.

5) അഞ്ചാമന്‍ ഇടവേളയില്ലാത്ത മദ്യപാനം കൂടിവന്നപ്പോള്‍ ആഹാരം കഴിക്കുന്നത് മുടങ്ങി. ഡിഫെക്ടിവ് ആയ പോഷണം കാരണം കൊളെസ്‌ട്രോള്‍ നില ഗുരുതരമായി. ഒരുദിവസം ഹൃദയം അങ്ങ് നിലച്ചു.

6) ആറാമന്‍ കള്ള് കുടിച്ചു ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനം(reflex) തകരാറിലായി, ശര്‍ദിച്ചത് ശ്വാസകോശത്തിലേക്ക് കേറി ശ്വാസംമുട്ടിമരിച്ചു

7) ഏഴാമന്‍ കള്ളുകുടിച്ച ശേഷം വാഹനത്തിന്റെ സീറ്റില്‍ കിടന്നുറങ്ങി. ഉറക്കത്തിലെപ്പോളോ മുഖംഅമര്‍ന്ന നിലയില്‍ താഴെ വീണു. മദ്യലഹരിയില്‍ നേരെ കിടക്കാന്‍ അയാള്‍ക്കായില്ല. ശ്വാസം മുട്ടിമരിച്ചു.

NB: രണ്ടാമന്റെ ഭാര്യ ഭര്‍ത്താവിന്റെ മദ്യപാനം കാരണമുള്ള ശല്യം സഹിക്കാന്‍ ആവാതെ പലതവണ വീട്ടില്‍ നിന്നും ഇറങ്ങിപോയിട്ടുണ്ട്. മൂന്നാമനെയും നാലാമനെയും അഞ്ചാമനെയും ഭാര്യമാരും കുട്ടികളും മുന്നേ ഉപേക്ഷിച്ചുപോയി.

ബാക്കി ഒത്തിരി മദ്യപാനികള്‍ കുടിച്ചശേഷം (പെട്ടെന്നുള്ള ദുഃഖത്തില്‍) ഉപേക്ഷിച്ചുപോയ കുടുംബത്തെയോര്‍ത്തോ അല്ലാതെയോ ആത്മഹത്യ ചെയ്തു.. ചിലര്‍ മദ്യപാനം കാരണം രോഗം മൂര്‍ച്ഛിച്ചു കിടപ്പിലായപ്പോള്‍ ആരും നോക്കാനില്ലെന്ന ദുഃഖത്തില്‍ ആത്മഹത്യ ചെയ്തതും ഒരുപാട് കണ്ടിട്ടുണ്ട്.

മദ്യപാനികളെക്കൊണ്ട് ഡോക്ടര്‍മാര്‍ക്ക് ഉപകാരം, കാശ് കിട്ടുമല്ലോ എന്നൊക്കെ തോന്നുന്ന സാഡിസ്റ്റാണോ നിങ്ങള്‍? ഇല്ലെന്നേ. മദ്യപാനത്തിന് അടിമപ്പെട്ടവര്‍ സമൂഹത്തിന്, പ്രത്യേകിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്നെ സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്ന ശല്യങ്ങള്‍/നഷ്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാലും തീരില്ല.

ഉന്മാദത്തിലാണെങ്കില്‍ പോലും വാര്‍ഡിലുള്ളവര്‍ക്ക് ഉറങ്ങാന്‍ പറ്റാത്തവിധം ബഹളം, ട്യൂബുകള്‍ ഇടുമ്പോള്‍ കൈകാലിട്ടടിച്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുറിവേല്‍ക്കല്‍, അവരെ കടിക്കുക, ചീത്ത വിളിക്കുക എല്ലാം ബുദ്ധിമുട്ടാണ്. മറ്റുന്മാദം പോലെയല്ല ആള്‍ക്കഹോളിക് ഉന്മാദം. തടയാവുന്ന ഉന്മാദം ആണെന്ന് ഏവര്‍ക്കും അറിയുന്നതാണ്..

പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നവര്‍ക്ക് ആ ശല്യത്തിന്റെ പകുതിപോലും ഇല്ലെങ്കില്‍ പോലും, തടയാവുന്ന ഒരു വലിയ അപകടത്താല്‍ നിരന്തരം ആളുകള്‍ കൊല്ലപ്പെടുന്നത് കാണുന്നത് ഒത്തിരി വിഷമം ഉണ്ടാക്കാറുണ്ട്.. responsible drinking എന്ന ഐഡിയ പോലും നമ്മള്‍ എവിടെയും ഉദ്ഘോഷിക്കേണ്ട കാര്യമില്ല എന്ന് തന്നെ പറയുന്നു.

(Dr Vibeesh Babu commented under this post: ‘മദ്യപിച്ച് ബോധമില്ലാതെ ഇരുന്ന സമയത്ത് ഫിഷ് ഫ്രൈ കഴിച്ചു, അതിന്റെ ഒരു വല്യ മുള്ള് അന്നനാളം കടന്നു മഹാധമനിയില്‍യില്‍ തുളച്ചു കയറി മരിച്ച ഒരു 45 വയസ്സുകാരനെ ഓര്‍മ വന്നു..’

Dr Vibeesh പറഞ്ഞതരത്തില്‍ ഒരു കേസിന്റെ പോസ്റ്റ്മോര്‍ട്ടം മൂന്നുവര്‍ഷങ്ങള്‍ മുന്നേ Dr Majubin Mb ചെയ്തിരുന്നു)

CLICK TO FOLLOW UKMALAYALEE.COM