മരട് ഫ്‌ളാറ്റ്: 35 ഫ്‌ളാറ്റ് ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് ശിപാര്‍ശ; 25 ലക്ഷം മൂന്ന് പേര്‍ക്ക് മാത്രം – UKMALAYALEE

മരട് ഫ്‌ളാറ്റ്: 35 ഫ്‌ളാറ്റ് ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് ശിപാര്‍ശ; 25 ലക്ഷം മൂന്ന് പേര്‍ക്ക് മാത്രം

Friday 18 October 2019 4:08 AM UTC

കൊച്ചി Oct 18: മരടിലെ 35 ഫ്‌ളാറ്റ് ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് ശിപാര്‍ശ ചെയ്ത് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റി. ഇതില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് പരമാവധി തുകയായ 25 ലക്ഷം രൂപ നല്‍കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം 14 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതോടെ ആകെ 49 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റി ശിപാര്‍ശ ചെയ്തു. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ 61 അപേക്ഷകള്‍ കൂടി ലഭിച്ചിരുന്നു. ഇന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നുമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവരെ നിര്‍ണ്ണയിച്ചത്.

ഇതുവരെ ആകെ 185 അപേക്ഷകള്‍ നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ 120 പേരുടെ പട്ടിക പരിശോധനയ്ക്ക് ശേഷം നഷ്ടപരിഹാര നിര്‍ണ്ണയ സമിതിക്ക് കൈമാറിയിരുന്നു. ആകെ 241 ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിനിടെ മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി. ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട കെട്ടിടങ്ങളില്‍ ഒന്ന് പൊളിക്കാനുള്ള നടപടിയാണ് തുടങ്ങിയത്.

വിജയ സ്റ്റീല്‍സ് ആണ് കെട്ടിടം പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത്. കമ്പനിയുടെ ജീവനക്കാര്‍ ഇന്ന് ഫ്‌ളാറ്റിലെത്തി പൂജകള്‍ നടത്തി. ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായാണ് പൂജകള്‍ നടത്തിയത്.

CLICK TO FOLLOW UKMALAYALEE.COM