മരട് ഫ്‌ളാറ്റ്: ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കും – UKMALAYALEE

മരട് ഫ്‌ളാറ്റ്: ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കും

Saturday 5 October 2019 3:26 AM UTC

കൊച്ചി Oct 5: സുപ്രീം കോടതി നിയമിച്ച നഷ്ടപരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച തുടങ്ങും. സമിതയുടെ ആദ്യ യോഗം സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ കൊച്ചിയിലെ വീട്ടില്‍ നടന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കലക്ടര്‍ എസ്. സുഹാസ് എന്നിവര്‍ പങ്കെടുത്തു. സമിതിയ്ക്കായി ഓഫീസ് കെട്ടിടവും ജീവനക്കാരെയും ലഭ്യമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പ്രക്രിയ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ക്ക് പുറമെ റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനും റിട്ടയേര്‍ഡ് സിവില്‍ എഞ്ചിനീയറും അടങ്ങുന്ന സമിതിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.

സുപ്രീം കോടതി നിശ്ചയിച്ച 25 ലക്ഷം രൂപ വരെയള്ള തുകയാണ് ആദ്യഘട്ട നഷ്ടപരിഹാരമായി കൊടുക്കുക. എല്ലാ ഫ്്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ തന്നെ ലഭിക്കണമെന്നില്ല.

രേഖകളും വിശദമായ പരിശോധനയും നടത്തിയ ശേഷമായിരിക്കും തുക നിശ്ചയിക്കുക. കൂടുതല്‍ തുക ആവശ്യപ്പെടുകയാണെങ്കില്‍ അക്കാര്യം സമിതി വിശദമായി പരിശോധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.

അതിന് ശേഷമായിരിക്കും 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക.

പല ഫ്‌ളാറ്റ് ഉടമകളും യഥാര്‍ത്ഥ തുകയേക്കാള്‍ കുറച്ചുകാണിച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

അത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരിന്റെയും ഫ്‌ളാറ്റ് ഉടമകളുടെയും ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെയും വിശദമായ വാദം കേട്ട ശേഷമായിരിക്കും. നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞ ഉടമകള്‍ നഗരസഭയില്‍ നേരിട്ടെത്തി ഫ്‌ളാറ്റ് ഒഴിഞ്ഞതിന്റെ രേഖകള്‍ കൈപ്പറ്റണമെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ഈ രേഖ കൈപ്പറ്റുന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകൂ എന്നും സബ് കലക്ടര്‍ അറിയിച്ചു.

അതേസമയം മരടില്‍ ഉടമസ്ഥര്‍ ആരെന്നറിയാത്ത 50 ഫ്‌ളാറ്റുകള്‍ കണ്ടെത്തി. ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും.

ഇനി മരട് ഫ്‌ളാറ്റുകളില്‍ നിന്ന് 29 കുടുംബങ്ങള്‍ കൂടി ഒഴിയാനുണ്ട്. ഹോളി ഫെയ്ത് 18, ആല്‍ഫ 7, ഗോള്‍ഡന്‍ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം.

ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും നാല് സമുച്ചയങ്ങളിലായി 50 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇതെല്ലാം വിറ്റുപോയ ഫ്‌ളാറ്റുകളാണെങ്കിലും കൈവശാവകാശ രേഖകള്‍ നഗരസഭയില്‍ നിന്ന് കൈപ്പറ്റിയിട്ടില്ല.

അതിനാല്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് ഉടമസ്ഥരുടെ രേഖകള്‍ ശേഖരിക്കും. എട്ടാം തീയതിക്കുള്ളില്‍ ഫ്‌ളാറ്റുകളില്‍ നിന്ന് സാധനങ്ങള്‍ പൂര്‍ണ്ണമായി നീക്കും.

പൊളിക്കുന്നതിനായി ടെന്‍ഡര്‍ നല്‍കിയ കമ്പനികളില്‍ നിന്ന് യോഗ്യരായവരേയും ഈ ദിവസങ്ങളില്‍ തീരുമാനിക്കും.

CLICK TO FOLLOW UKMALAYALEE.COM