മരട്‌: ആയിരക്കണക്കിനു ചെറുസ്‌ഫോടനപരമ്പര, നിലംപൊത്താന്‍ 5 നിമിഷം മാത്രം – UKMALAYALEE

മരട്‌: ആയിരക്കണക്കിനു ചെറുസ്‌ഫോടനപരമ്പര, നിലംപൊത്താന്‍ 5 നിമിഷം മാത്രം

Monday 7 October 2019 5:11 AM UTC

കൊച്ചി Oct 7 : സുപ്രീം കോടതി വിധിപ്രകാരം, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ രണ്ടു കമ്പനികളെ ചുമതലപ്പെടുത്തും. ഇതുസംബന്ധിച്ചു തത്വത്തില്‍ തീരുമാനമായി.

കെട്ടിടഭിത്തികള്‍ വെള്ളിയാഴ്‌ചയോടെ പൊളിച്ചുതുടങ്ങും. അഞ്ചു ഫ്‌ളാറ്റുകളിലും ഭിത്തി പൊളിക്കല്‍ പൂര്‍ത്തിയായശേഷം അടുത്തമാസം മധ്യത്തോടെ നിയന്ത്രിതസ്‌ഫോടനം (ഇംപ്ലോഷന്‍) നടത്തി അംബരചുംബികള്‍ നിലംപതിപ്പിക്കും.

500 കോടി രൂപ മുതല്‍മുടക്കില്‍ പണിതുയര്‍ത്തിയ അഞ്ചു കെട്ടിടസമുച്ചയങ്ങളില്‍ ഓരോന്നും സ്‌ഫോടനത്തിലൂടെ നിലംപൊത്താന്‍ വെറും അഞ്ചുനിമിഷം മതിയാകും.

അതിനുശേഷം, അസ്‌തിവാരം മുതല്‍ നാലാംനില വരെ ഉയരത്തിലുള്ള അവശിഷ്‌ടങ്ങള്‍ യന്ത്രസഹായത്തോടെ നീക്കംചെയ്യും. ദിവസങ്ങളുടെ ഇടവേളയില്‍, അതിസങ്കീര്‍ണവും കൃത്യതയുമാര്‍ന്ന സ്‌ഫോടനങ്ങളിലൂടെ, ഓരോ ഫ്‌്ളാറ്റ്‌ വീതമാകും പൊളിക്കുക. ജയിന്‍ ഹൗസിങ്‌, ആല്‍ഫ്‌ സെറീനിലെ രണ്ടു ടവറുകള്‍, ഗോള്‍ഡന്‍ കായലോരം, എച്ച്‌.2.ഒ. ഹോളിഫെയ്‌ത്ത്‌ ഫ്‌ളാറ്റുകളാണു പൊളിക്കേണ്ടത്‌. 19 നിലയുള്ള കെട്ടിടമാണ്‌ എച്ച്‌.2.ഒ. ഹോളിഫെയ്‌ത്ത്‌.

ഇത്ര ഉയരമുള്ള കെട്ടിടം പൊളിക്കുന്നതു രാജ്യത്താദ്യമാണെന്നു നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ്‌ കലക്‌ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്‌ അറിയിച്ചു.

പൊളിക്കലിനു മേല്‍നോട്ടം വഹിക്കാന്‍ ആറംഗ സാങ്കേതികസമിതിയെ നിയോഗിക്കും. നിര്‍ദിഷ്‌ട കമ്പനികളുമായി സമിതി വീണ്ടും ചര്‍ച്ചനടത്തും. സമിതി റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു നാളെ കൈമാറുമെന്നും സ്‌നേഹില്‍കുമാര്‍ പറഞ്ഞു. കമ്പനികളുമായി ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ ഒപ്പുവയ്‌ക്കും.

പരിസരവാസികള്‍ക്ക്‌ ആശങ്ക വേണ്ട. 250 മീറ്റര്‍ ചുറ്റളവിലുള്ളവര്‍ സ്‌ഫോടനദിവസം ആറുമണിക്കൂര്‍ മാത്രം മാറിനിന്നാല്‍ മതി. 50 മീറ്റര്‍ ചുറ്റളവില്‍ പുകയും പൊടിപടലങ്ങളും പരക്കും. അതിലപ്പുറം ബുദ്ധിമുട്ടുണ്ടാകില്ല.

ഒരു സമയം ഒരു കെട്ടിടമേ പൊളിക്കൂ.
മേല്‍നോട്ടസമിതിയില്‍ കൊച്ചി മെട്രോ, പി.ഡബ്ല്യു.ഡി, എല്‍.എസ്‌.ജി.ഡി. പ്രതിനിധികളും സ്വകാര്യ സ്‌ട്രക്‌ചറല്‍ എന്‍ജിനീയര്‍മാരുമുണ്ടാകും.

നിലവില്‍ ഫ്‌ളാറ്റുകളില്‍ ആരുമില്ല. ഏതാനും പേര്‍കൂടി സാധനസാമഗ്രികള്‍ മാറ്റാനുണ്ട്‌. അവ ഇന്നോ നാളെയോ നീക്കം ചെയ്യും. ഫ്‌ളാറ്റിന്റെ അവശിഷ്‌ടങ്ങള്‍ മറ്റു നിര്‍മാണങ്ങള്‍ക്കും റോഡ്‌ നികത്താനും ഉപയോഗിക്കുമെന്നു സ്‌നേഹില്‍കുമാര്‍ പറഞ്ഞു.

ഇംപ്ലോഷന്‍ എന്നാല്‍
ആയിരക്കണക്കിനു ചെറുസ്‌ഫോടനപരമ്പര. ഡൈനമിറ്റുകളും ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തുക്കളും ഉപയോഗിക്കില്ല.

അനുമതിയുള്ള സ്‌ഫോടകവസ്‌തുക്കളേ ഉപയോഗിക്കു. താഴത്തെ മൂന്നുനിലകളില്‍ സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിക്കില്ല. നാലാം നിലയിലെ പില്ലറുകളിലാകും സ്‌ഫോടകവസ്‌തുക്കള്‍ ഘടിപ്പിക്കുക.
സ്‌ഫോടനം നടത്തുന്ന വിധം

ആദ്യം കെട്ടിടഭിത്തികള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ പൊളിക്കും.
നിയന്ത്രിത സ്‌ഫോടനസാമഗ്രികള്‍ നാലാം നിലയിലെ പില്ലറുകളില്‍ ഘടിപ്പിക്കും.

കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക്‌ സംവിധാനം ഉപയോഗിച്ച്‌ സ്‌ഫോടകവസ്‌തുക്കളെ ബന്ധിപ്പിക്കും.
വിദൂരനിയന്ത്രിത സംവിധാനത്തിലൂടെ സ്‌ഫോടനം നടത്തും

ആയിരക്കണക്കിനു ചെറുസ്‌ഫോടനങ്ങളിലൂടെ അഞ്ചുനിമിഷം കൊണ്ട്‌ കെട്ടിടത്തിന്റെ നാലാം നിലവരെ നിലംപൊത്തും
അസ്‌തിവാരം മുതല്‍ നാലാംനില വരെ ശിഷ്‌ടഭാഗം

യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച്‌ നീക്കം ചെയ്യും.
കാറ്റും മഴയുമില്ലാതെ, കാലാവസ്‌ഥ അനുയോജ്യമാകണം.
ബൈജു ഭാസി

CLICK TO FOLLOW UKMALAYALEE.COM