മരടില്‍ ഞയറാഴ്‌ച മുതല്‍ ഒഴിപ്പിക്കല്‍ – UKMALAYALEE

മരടില്‍ ഞയറാഴ്‌ച മുതല്‍ ഒഴിപ്പിക്കല്‍

Friday 27 September 2019 4:14 AM UTC

കൊച്ചി Sept 27: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കും മുമ്പേ്‌ അന്തേവാസികളെ ഒഴിപ്പിക്കാനുള്ള നീക്കം വേഗത്തിലാക്കി സര്‍ക്കാര്‍. ഞായറാഴ്‌ച മുതല്‍ ഒഴിപ്പിക്കല്‍ തുടങ്ങുമെന്നു ജില്ലാ കലക്‌ടര്‍ എസ്‌. സുഹാസ്‌ അറിയിച്ചു.

വൈദ്യുതിയും വെള്ളവും വിച്‌ഛേദിച്ചതിനു പിന്നാലെയാണ്‌ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവും ത്വരിതഗതിയിലാക്കിയത്‌. എന്നാല്‍ പോകാന്‍ മറ്റിടമില്ലെന്നും അതുകൊണ്ടു യാതൊരു കാരണവശാലും ഒഴിയുകയില്ലെന്ന നിലപാടിലാണിപ്പോഴും ഫ്‌ളാറ്റുടമകള്‍.

നാലു ഫ്‌ളാറ്റ്‌ സമുച്ചയങ്ങളിലേക്കുമുള്ള വൈദ്യുതി ഇന്നലെ പുലര്‍ച്ചെ നാലരയോടെ വിച്‌ഛേദിച്ചു. ജല അഥോറിറ്റി കുടിവെള്ളവും തടഞ്ഞു. വൈദ്യുതി ബന്ധം അറ്റതോടെ ലിഫ്‌റ്റുകളുടെ പ്രവര്‍ത്തനം നിലച്ചു.

ഇതു നേരിടാനായി ഫ്‌ളാറ്റ്‌ നിവാസികള്‍ ഇന്നലെ പുറത്തുനിന്ന്‌ പുതിയ ജനറേറ്റര്‍ എത്തിച്ചു. ജലലഭ്യത കുറയാതിരിക്കാന്‍ ടാങ്കര്‍ ലോറികളില്‍ വെള്ളവും എത്തിച്ചിട്ടുണ്ട്‌.

തങ്ങളെ കഷ്‌ടപ്പെടുത്തി പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നത്‌ മനുഷ്യത്വരഹിതമാണെന്നും ഇതു കടുത്ത മനുഷ്യാവകാശലംഘനമാണെന്നുംഫ്‌ളാറ്റിലെ താമസക്കാര്‍ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷന്‌ ഇവര്‍ കത്തും നല്‍കി.

ഫ്‌ളാറ്റ്‌ ഒഴിയുന്നവര്‍ക്ക്‌ ജില്ലാഭരണകൂടം താമസസൗകര്യം ഒരുക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ഇതിനു മരട്‌ നഗരസഭയുമായി സഹകരിച്ച്‌ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

ഭവനരഹിതരായി ആരെയും തെരുവിലിറക്കിവിടില്ലെന്ന്‌ കലക്‌ടര്‍ പറഞ്ഞു. ഫാക്‌ടിന്റെ ഒഴിഞ്ഞുകിടക്കുന്ന ഗസ്‌റ്റ്‌ ഹൗസുകളില്‍ ഇവരെ പാര്‍പ്പിക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു.

പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭാ സെക്രട്ടറിക്ക്‌ അപേക്ഷ നല്‍കിയാല്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ വ്യക്‌തമാക്കി. പ്രായം ചെന്നവരെയും രോഗികളെയും എത്രയും വേഗം ഫ്‌ളാറ്റുകളില്‍നിന്നു മാറ്റാന്‍ ബന്ധുക്കള്‍ സഹകരിക്കണമെന്ന്‌ കലക്‌ടര്‍ അഭ്യര്‍ഥിച്ചു.

വൈദ്യസഹായമടക്കം ആവശ്യമായ എല്ലാപിന്തുണയും നഗരസഭയും ജില്ലാ ഭരണകൂടവും നല്‍കും.
ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചശേഷം ഫ്‌ളാറ്റുകള്‍ സീല്‍ ചെയ്യാനാണ്‌ പദ്ധതി. അതിനുശേഷമാകും പൊളിക്കല്‍ നടപടികളിലേക്ക്‌ കടക്കുക.

മരട്‌ ഫ്‌ളാറ്റുകള്‍ സംബന്ധിച്ച ഹര്‍ജിയില്‍ ഇന്നു വിശദമായ വിധി സുപ്രീം കോടതിയില്‍നിന്നുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഇന്നലെവരെ നടന്ന വിവരങ്ങള്‍ ഇന്നു സുപ്രീം കോടതിയെ അറിയിക്കും. അതിനായി തിടുക്കത്തിലുള്ള നീക്കങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ഡല്‍ഹിയില്‍ നീക്കുന്നുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM