മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു – UKMALAYALEE

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു

Wednesday 25 September 2019 5:42 AM UTC

തിരുവനന്തപുരം Sept 25: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു. നഗരസഭാ സെക്രട്ടറിയെ നീക്കി ഐ.എ.എ ഉദ്യോഗസ്ഥനു ചുമതല നല്‍കി.

ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല. സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നീക്കം.

അതേസമയം ഒഴിപ്പിക്കലിനെതിരെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. നഷ്ടപരിഹാരത്തിനായി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.

തീരദേശ പരിപാലന നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അതിനാല്‍ മുഴുവന്‍ നിയമ ലംഘനങ്ങളും സുപ്രീം കോടതിയെ അറിയിക്കണമെന്നും ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു.

ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കലിനെതിരായ ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി കോടതി പരിഗണിച്ചത്.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ഒഴിപ്പിക്കലിനെതിരായ ഉടമകളുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ഉത്തരവ് നിയമലംഘകര്‍ക്കുള്ള താക്കീതാണ്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ അതിനായി നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്.

ഈ വിഷയത്തില്‍ ഒരു ഹര്‍ജിയും രാജ്യത്തെ ഒരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് കൂടി മുന്‍നിര്‍ത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

അതേസമയം കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച് നടത്തിയ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്ന ആവശ്യവുമായ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ രംഗത്തെത്തി.

തീരദേശ പഞ്ചായത്തുകളില്‍ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ 1991 മുതല്‍ 2019 ഫെബ്രുവരി 25 വരെ നിര്‍മ്മിച്ച മുഴുവന്‍ നിര്‍മ്മാണങ്ങളും അനധികൃതമാണെന്ന് അവര്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM