മന്നം ജയന്തിയാഘോഷം മതവിശ്വാസത്തില്‍ രാഷ്‌ട്രീയനേതൃത്വം ഇടപെടരുത്‌: മാര്‍ പെരുന്തോട്ടം – UKMALAYALEE

മന്നം ജയന്തിയാഘോഷം മതവിശ്വാസത്തില്‍ രാഷ്‌ട്രീയനേതൃത്വം ഇടപെടരുത്‌: മാര്‍ പെരുന്തോട്ടം

Friday 3 January 2020 6:24 AM UTC

ചങ്ങനാശേരി Jan 3: ശബരിമല പ്രശ്‌നം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അക്കാര്യത്തില്‍ എന്‍.എസ്‌.എസ്‌. കൈക്കൊണ്ട ധീരമായ നിലപാടിന്റെ ഫലം രാഷ്‌്രടീയ കേരളം കണ്ടറിഞ്ഞെന്നും ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം.

പെരുന്നയില്‍ 143-ാമത്‌ മന്നം ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കുന്ന മതേതര രാജ്യമാണ്‌ മന്നത്തു പത്മനാഭന്‍ സ്വപ്‌നം കണ്ടത്‌.

രാഷ്‌ട്രീയത്തില്‍ മതം ഇടപെടാതിരിക്കുക എന്നതുപോലെ മതത്തിന്റെ വിശ്വാസാചാരങ്ങളില്‍ രാഷ്‌്രടീയ നേതൃത്വം കൈകടത്താന്‍ പാടില്ല. മതാചാരങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ മതത്തിനുള്ളില്‍നിന്നു രൂപമെടുക്കണം.

മതവിശ്വാസത്തെ യുക്‌തിയില്‍ ഒതുക്കിനിര്‍ത്താന്‍ സാധിക്കില്ലെന്നും മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും കേരളത്തില്‍ സമാധാനം പുലരുന്നതിലും ഹൈന്ദവ ജനതയുടെ, പ്രത്യേകിച്ച്‌ നായര്‍ സമുദായത്തിന്റെ നിലപാട്‌ ഒരിക്കലും മറക്കാനാവില്ല.

രാഷ്‌ട്രീയത്തില്‍ മതങ്ങളും മതനേതൃത്വങ്ങളും ഇടപെടുന്നതിനെ രാഷ്‌ട്രീയ നേതാക്കള്‍ എന്നും എതിര്‍ക്കും. അതുപോലെ തന്നെയാണ്‌ മതത്തില്‍ രാഷ്‌ട്രീയം കലരാതിരിക്കാന്‍ മതനേതാക്കള്‍ ശ്രമിക്കുന്നത്‌.

ശബരിമല ആചാര സംബന്ധമായ കാര്യങ്ങളില്‍ എന്‍.എസ്‌.എസിന്റെ നിലപാടാണു വിശ്വാസികളും രാഷ്‌ട്രീയ കേരളവും അംഗീകരിച്ചതെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.

സാമ്പത്തിക സംവരണ വിഷയത്തില്‍ എന്‍.എസ്‌.എസ്‌. ഉന്നയിച്ച ആവശ്യം എല്ലാവര്‍ക്കും അംഗീകരിക്കേണ്ടിവന്നു. കത്തോലിക്കാസഭയും അതേ നിലപാട്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇനിയും ഒട്ടേറെ പ്രശന്‌ങ്ങള്‍ പരിഹരിക്കാനുണ്ട്‌.

വിദ്യാഭ്യാസ രംഗത്തു സ്വകാര്യ മേഖലയെ അവഗണിച്ച്‌ ഭരണകൂടങ്ങള്‍ക്കു മുന്നേറാനാകില്ല. സ്വകാര്യ മാനേജ്‌മെന്റുകളുടെ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിര്‍വീര്യമാക്കുന്ന പ്രവൃത്തികളാണ്‌ ഉണ്ടാകുന്നത്‌. കലാലയങ്ങള്‍ രാഷ്‌ട്രീയ നേതാക്കളെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ളതല്ല.

അവയെ കലാപകേന്ദ്രങ്ങളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ എന്‍.എസ്‌.എസ്‌. പ്രസിഡന്റ്‌ അഡ്വ. പി.എന്‍. നരേന്ദ്ര നാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അധ്യക്ഷന്‍ സി. രാധാകൃഷ്‌ണന്‍ മന്നം അനുസ്‌മരണ പ്രഭാഷണം നടത്തി.

കേരള ആരോഗ്യ സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, എന്‍.എസ്‌.എസ്‌. ട്രഷറര്‍ എം. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

CLICK TO FOLLOW UKMALAYALEE.COM