മദ്യാംശം നീക്കം ചെയ്യാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഡയാലിസിസിനു വിധേയനായി ? – UKMALAYALEE
foto

മദ്യാംശം നീക്കം ചെയ്യാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഡയാലിസിസിനു വിധേയനായി ?

Friday 9 August 2019 2:28 AM UTC

കൊച്ചി Aug 9: മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍, സംഭവത്തിനുശേഷം സ്വകാര്യാശുപത്രിയില്‍ ഡയാലിസിസിനു വിധേയനായെന്നു സൂചന.
ഒമ്പതു മണിക്കൂര്‍ കഴിഞ്ഞാലും മദ്യത്തിന്റെ സാന്നിധ്യം പൂര്‍ണമായും ശരീരത്തില്‍ ഇല്ലാതാക്കാന്‍ കഴിയില്ല. ഡയാലിസിസ് വഴിയല്ലാതെ ഇതിനു മറ്റു മാര്‍ഗവുമില്ല.

അതിനാലാണു തന്റെ ഭാവിയെ ഗുരുതതമായി ബാധിക്കുമെന്നതിനാല്‍ ഈ സാഹസത്തിനു ഒരു ഡോക്ടര്‍ കൂടിയായ ശ്രീറാം തയാറായതെന്നാണു കരുതുന്നു.

സാധാരണയായി വൃക്കരോഗികളില്‍ രക്‌തത്തിലെ മാലിന്യങ്ങള്‍, ലവണങ്ങള്‍, അമിതജലാംശം തുടങ്ങിയവ നീക്കം ചെയ്യാനാണു ഡയാലിസിസ്‌ നടത്താറുള്ളത്‌.

എന്നാല്‍ മദ്യാംശം നീക്കം ചെയ്യാനായി, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താതെ ശ്രീറാമിനു ഡയാലിസിസ്‌ നടത്തുകയായിരുന്നെന്നാണു സൂചന.

ഡയാലിസിസ്‌ നടത്തുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയും. സ്വകാര്യാശുപത്രിയില്‍നിന്നു ശ്രീറാമിനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ മാസ്‌ക്‌ ഉള്‍പ്പെടെ ധരിപ്പിച്ചതിനു കാരണം ഇതാണത്രേ.

രക്തം ശരീരത്തിനുള്ളില്‍ വച്ചുതന്നെ ശുദ്ധീകരിപ്പിക്കുന്ന പെരിട്ടോണിയല്‍ ഡയാലിസിസ് വഴിയാണു രക്തം ശുദ്ധീകരിക്കുന്നത്. രക്തത്തിലെ അമിതജലാംശവും ലവണങ്ങളുമെല്ലാം ആഗിരണം ചെയ്യാനും പുറന്തള്ളാനും ഇത്തരം ഡയാലിസിസിലൂടെ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യാനായി ഉദരത്തില്‍ സ്ഥാപിച്ച കത്തീറ്ററിലൂടെ പെരിറ്റോണിയല്‍ കാവിറ്റിയിലേക്ക് 1 ലിറ്റര്‍ ഡയലൈസേറ്റ് എന്ന പ്രത്യേക ദ്രാവകം കടത്തിവിട്ട് 30 മിനുട്ടിന് ശേഷം തിരിച്ചെടുക്കുന്നു.

ഈ സമയത്തിനിടെ പെരിറ്റോണിയല്‍ കാവിറ്റിയെ വലയം ചെയ്യുന്ന ധമനികളിലും സിരകളിലും കൂടി ഒഴുകുന്ന രക്തത്തിലെ മാലിന്യങ്ങളും അമിത ജലാംശവുമൊക്കെ ഡയലൈസേറ്റിലേക്ക് പ്രവേശിക്കും.

മദ്യപിച്ചു വാഹനമോടിച്ചു എന്ന കുറ്റം ഒഴിവാക്കാനാണ് ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ‍ചികിത്സ തേടിയതെന്നും മദ്യാംശം മരുന്നു കഴിച്ച് കുറയ്ക്കാന്‍ ശ്രമിച്ചു എന്നും ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ സാധാരണ ക്ലിനിക്കല്‍ പ്രാക്ടീസിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊന്നും സാധ്യമല്ലന്നാണ് വിദഗ്ധഡോക്ടര്‍മാര്‍ പറയുന്നത്.

ഇന്‍സുലിനും റെക്ടോസും ചേര്‍ന്ന ഒരു ഇന്‍ഫ്യൂഷന്‍ ഇട്ടാല്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരാം എന്നൊരു തെറ്റിദ്ധാരണ നേരത്തെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് തെറ്റാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ സ്ഥിരം ക്ലിനിക്കല്‍ പ്രാക്ടീസിനുപയോഗിക്കാത്ത ഒരു മരുന്നായ മെറ്റഡോക്‌സിന്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന പഠനങ്ങളുണ്ട്. അമിത മദ്യപാനം മൂലം ഗുരുതരാവസ്ഥയിലായവരെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിക്കാമോ എന്നാണ് പഠനങ്ങള്‍ പരിശോധിക്കുന്നത്.

എന്നാല്‍ നിയമലംഘകര്‍ക്ക് ഈ മരുന്ന് കൊണ്ട് കാര്യമില്ല. ഈ മരുന്നിന്റെ ലഭ്യത എളുപ്പമല്ല, ഉപയോഗിച്ചാല്‍ തന്നെ മെഡിക്കല്‍ പരിശോധനയിലൂടെ കണ്ടെത്താനും സാധിക്കും.
രക്തത്തിലെ മദ്യത്തിന്റ അളവ് കുറയ്ക്കാനുള്ള ഒരുവഴി ഡയാലിസിസ് ആണ്.

നേരിട്ട് രക്തത്തിലെ മദ്യത്തിന്റെ അളവ് നീക്കം ചെയ്യാന്‍ ഡയാലിസിസിലൂടെ സാധിക്കും. ശ്രീറാമില്‍നിന്ന് പോലീസ് ശേഖരിച്ച രക്തസാമ്പിളില്‍ മദ്യസാന്നിധ്യം കണ്ടെത്തിയിരുന്നില്ല എന്നതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം ഡയാലിസിസ് ആണോ എന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്.

മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണു ശ്രീറാം വെങ്കിട്ടരാമനെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപകടം കഴിഞ്ഞ് പത്തുമണിക്കൂറിനുശേഷമായിരുന്നു രക്തപരിശോധന. മദ്യപിച്ചെന്നു തെളിയിക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം സി.ജെ.എം. കോടതി ജാമ്യം അനുവദിച്ചിരുന്നു.

അപകടം നടക്കുമ്പോള്‍ ശ്രീറാമിന്റെ കാലുകള്‍ നിലത്ത് ഉറക്കാത്ത നിലയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്ത് വഫ ഫിറോസും ഇതേ മൊഴിയാണ് നല്‍കിയിരുന്നത്.

അപകടം നടന്ന് മണിക്കൂറുകള്‍ക്കകം ജനറല്‍ ആശുപത്രിയില്‍ ദേഹപരിശോധനയ്ക്കായി ശ്രീറാമിനെ എത്തിക്കുമ്പോള്‍ മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായി ഡ്യൂട്ടി ഡോക്ടര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയുന്നു.

എന്നിട്ടും രക്തസാമ്പിള്‍ പരിശോധിക്കാന്‍ പോലീസ് മെനക്കെട്ടില്ല. തുടര്‍ചികില്‍സയ്ക്ക് തന്നെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്നാണ് ശ്രീറാം ഡോക്ടറോട് ആവശ്യപ്പെട്ടത്. ഡോക്ടര്‍ റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം നേരേപോയത് സ്വകാര്യ ആശുപത്രിയിലേക്കാണ്.

ഇതിന് പോലീസ് ഒത്താശ ചെയ്തുവെന്നാണ് ആരോപണം. ഡോക്ടര്‍ കൂടിയായ ശ്രീറാമിന് ഈ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ അഡ്മിറ്റായതെന്നാണു സൂചന.

കേസില്‍ പോലീസിനു നേരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായി. അന്വേഷണത്തിലെ വീഴ്ച അക്കമിട്ടു നിരത്തിയ കോടതി, കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന എന്തുകൊണ്ടു വൈകിയെന്ന് ആരാഞ്ഞു.

മദ്യഗന്ധമുണ്ടെന്നു ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും രക്തസാമ്പിള്‍ പരിശോധിക്കാനുള്ള ഉത്തരവാദിത്വം പോലീസ് കാട്ടിയില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ടു തടഞ്ഞില്ലെന്നും ശ്രീറാമിനെതിരായ തെളിവ് അയാള്‍തന്നെ കൊണ്ടുവരുമെന്നു കരുതിയോയെന്നും കോടതി ചോദിച്ചു.

കവടിയാര്‍ പോലുള്ള അതീവസുരക്ഷാമേഖലയില്‍ പോലീസിനു ക്യാമറയില്ലേ എന്നായിരുന്നു മറ്റൊരു ചോദ്യം. എന്നാല്‍, ശ്രീറാമിന്റെ ജാമ്യത്തിനു സ്‌റ്റേ അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണു മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തെളിവു നശിപ്പിക്കാന്‍ പ്രതി സ്വകാര്യാശുപത്രിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു. കേസില്‍ ശ്രീറാമിനു ഹൈക്കോടതി നോട്ടീസ് അയച്ചു. നാളെ വീണ്ടും വാദം കേള്‍ക്കും.

CLICK TO FOLLOW UKMALAYALEE.COM