മദ്യനിര്‍മാണശാലകള്‍ക്ക്‌ അനുമതി: യു.ഡി.എഫ്‌. പ്രക്ഷോഭത്തിന്‌ – UKMALAYALEE

മദ്യനിര്‍മാണശാലകള്‍ക്ക്‌ അനുമതി: യു.ഡി.എഫ്‌. പ്രക്ഷോഭത്തിന്‌

Friday 28 September 2018 3:03 AM UTC

തിരുവനന്തപുരം Sept 28: സംസ്‌ഥാനത്ത്‌ വഴിവിട്ടു പുതുതായി ബ്രുവറികളും ഡിസ്‌റ്റലറിയും അനുവദിച്ചതിനെതിരേ പ്രക്ഷോഭം നടത്താന്‍ യു.ഡി.എഫ്‌. യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയെ പ്രതിസ്‌ഥാനത്ത്‌ നിര്‍ത്തിക്കൊണ്ടു വന്‍ പ്രചാരണപരിപാടികളും സംഘടിപ്പിക്കും.

മദ്യനിര്‍മാണശാലകള്‍ അനുവദിച്ചതിനെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെടാനും ഇന്നലെ ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചു.

രഹസ്യമായാണ്‌ ഇവ അനുവദിച്ചതെന്ന തന്റെ ആരോപണം മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ സമ്മതിച്ചിരിക്കുകയാണെന്നു മുന്നണി യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തില പറഞ്ഞു.

അപേക്ഷ ക്ഷണിക്കാതെയും താല്‍പ്പര്യപത്രം സ്വീകരിക്കാതെയും ഇഷ്‌ടക്കാര്‍ക്ക്‌ നല്‍കിയെന്ന തന്റെ ആരോപണമാണു സമ്മതിച്ചിരിക്കുന്നത്‌.

ഈ വിശദീകരണം മന്ത്രിയുടെ കുറ്റസമ്മതമാണ്‌. ഇവ അനുവദിച്ചതിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയും രണ്ടാംപ്രതി മന്ത്രി രാമകൃഷ്‌ണനുമാണെന്ന്‌ അദ്ദേഹം ആരോപിച്ചു.

1996 -ല്‍ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ മദ്യനിര്‍മാണശാലകള്‍ക്കായി അപേക്ഷ ക്ഷണിച്ചത്‌ മന്ത്രി മറക്കാന്‍പാടില്ല.

പരസ്യമായി ചെയ്യാന്‍ കഴിയുന്ന കാര്യമല്ല അഴിമതിയെന്നതാണ്‌ മന്ത്രിയുടെ മറുപടിയുടെ അര്‍ഥം.

1999 മുതലുള്ള നയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ അത്‌ എന്തിനാണ്‌ രഹസ്യമാക്കി വച്ചതെന്ന ചോദ്യത്തിന്‌ മന്ത്രി മറുപടി നല്‍കിയിട്ടില്ല.

മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ചചെയ്‌തില്ലെന്ന ആരോപണത്തിന്‌, അതിന്റെ ആവശ്യമില്ലെന്ന്‌ ഒഴുക്കന്‍മട്ടിലാണ്‌ മന്ത്രി പറയുന്നത്‌.

ഇത്‌ സി.പി.ഐയ്‌ക്കും മറ്റു ഘടക കക്ഷികള്‍ക്കും സ്വീകാര്യമാണോയെന്ന്‌ വ്യക്‌തമാക്കണം

ഇവ അനുവദിക്കാന്‍ പോവുകയാണെന്ന്‌ നാലു പേര്‍ മാത്രം എങ്ങനെ അറിഞ്ഞെന്ന ചോദ്യത്തിനും മറുപടിയില്ല.

ഇഷ്‌ടക്കാരില്‍ നിന്ന്‌ അപേക്ഷ എഴുതി വാങ്ങി അനുവദിക്കുകയാണ്‌ ചെയ്‌തത്‌. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ലൈസന്‍സ്‌ നല്‍കാന്‍ എക്‌സൈസ്‌ കമ്മിഷണര്‍ നിര്‍ബന്ധിതമാകും. ലൈസന്‍സ്‌ നല്‍കുന്നത്‌ വെറും സാങ്കേതികകാര്യം മാത്രമാണ്‌.

കേരളത്തിനാവശ്യമായ വിദേശമദ്യവും ബിയറും ഇവിടെ ഉല്‍പ്പാദിച്ച്‌ വരുമാനം വര്‍ധിപ്പിക്കണമെന്ന വാദത്തിന്‌ താന്‍ എതിരല്ല. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സമഗ്രമായ അന്വേഷണം ആവശ്യമാണ്‌.

അതിന്‌ തയാറായില്ലെങ്കില്‍ അടുത്തമാസം 14ന്‌ 140 നിയോജകമണ്ഡലങ്ങളിലും വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ സായാഹ്‌ന ധര്‍ണ നടത്തുമെന്നും രമേശ്‌ അറിയിച്ചു.

ജുഡീഷ്യല്‍ അന്വേഷണം വേണം: വി.എം. സുധീരന്‍

സംസ്‌ഥാനത്ത്‌ പുതിയ ബ്രൂവറികളും ഡിസ്‌റ്റലറിയും അനുവദിച്ചതിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.

മദ്യ ഉപയോഗം വര്‍ധിപ്പിക്കുന്ന തരത്തില്‍ ഇവയ്‌ക്ക്‌ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി കടുത്ത ജനവഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.

മദ്യം ഗുരുതരമായ സാമൂഹികവിപത്തായി മാറിയിട്ടുണ്ട്‌. ഇതിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്‌ക്കാന്‍ സഹായകരമായ നയമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന്റെ ഭാഗമാണ്‌ ഈ നടപടിയും.

മുന്നണിയിലെ ഘടകകക്ഷി നേതാക്കളോ മറ്റു മന്ത്രിമാരോ പോലും അറിയാതെ അതീവ രഹസ്യമായി സ്വീകരിച്ച നടപടി തീര്‍ത്തും ദുരൂഹമാണ്‌.

അതുകൊണ്ടുതന്നെ ഇക്കാര്യത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അനേ്വഷണത്തിന്‌ സര്‍ക്കാര്‍ തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

CLICK TO FOLLOW UKMALAYALEE.COM