
മഠംവിട്ടുപോകില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
Friday 9 August 2019 2:34 AM UTC
മാനന്തവാടി Aug 9: “കഴിഞ്ഞ കുറേ മാസങ്ങളായി ഞാന്‍ കടുത്ത മാനസിക പീഡനത്തിലാണ്. ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിച്ചു. സഭയ്ക്കുവേണ്ടി എല്ലാം ത്യജിച്ച ഞാനിനിയെങ്ങോട്ട് പോകും?, ഞാനൊരു കന്യകയാണ്, സ്ത്രീയാണ്.
എന്തു സുരക്ഷിതത്വത്തിലാണ് സഭ എന്നെ തെരുവിലിറക്കിവിടുന്നത്?..”- സന്യാസിസഭയില്നിന്നു പുറത്താക്കിക്കൊണ്ടുള്ള കത്തിനെക്കുറിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വാക്കുകളാണിത്.
പലരും ഫോണില്‍ വിളിച്ചു പിന്തുണ നല്‍കുന്നുണ്ട്. സന്യാസത്തിനു വിരുദ്ധമായി ഞാനൊന്നും ചെയ്തിട്ടില്ല. ഒളിച്ചുവച്ച ഒരു കാര്യവും എനിക്കില്ല. ശരിക്കുവേണ്ടി നിലകൊള്ളും. മഠത്തില്‍നിന്നു 10 ദിവസത്തിനകം പോകണമെന്നു പറഞ്ഞാല്‍ എങ്ങോട്ടു പോകണമെന്നാണ്? പോകാന്‍ എനിക്കിടമില്ല. മഠത്തില്‍ തന്നെ കഴിയും.
തെറ്റുചെയ്തവര്‍ അകത്തും തെറ്റുചെയ്യാത്തവരെ പുറത്തുമാക്കുകയാണു സഭ. ഇതിനെതിരേ പോരാടും. നിയമപരമായി നേരിടുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.
ഈ വര്‍ഷം ജനുവരി ഒന്നിനായിരുന്നു സിസ്റ്ററിന് സഭ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ദ്വാരക ഹൈസ്കൂള്‍ അധ്യാപികയായ സിസ്റ്ററിനെ 2015-ല്‍ മറ്റൊരിടത്തേക്കു സ്ഥലം മാറ്റിയപ്പോള്‍ ഇതനുസരിക്കാന്‍ തയാറായില്ല.
പ്രവിന്‍ഷ്യല്‍ സുപ്പീരിയരുടെ അനുമതി കൂടാതെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു, സന്യാസി സമൂഹത്തിന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി സ്വന്തമായി വാഹനം വാങ്ങിച്ചു, സുപ്പീരിയറുടെ അനുമതികൂടാതെ ഹൈക്കോടതിക്കു മുമ്പില്‍ സമരത്തില്‍ പങ്കെടുക്കാനായി കോണ്‍വെന്റ് വിട്ടുപോയി, മംഗളം തുടങ്ങിയ ക്രിസ്തീയ സഭയുടേതല്ലാത്ത പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രസീദ്ധീകരിച്ചു തുടങ്ങിയ നിരവധി ആരോപണങ്ങളാണു സിസ്റ്റര്‍ക്കെതിരേ ആരോപിക്കപ്പെട്ടത്.
ഇതിനു കൃത്യമായി മറുപടി നല്കാന് നേരിട്ടു ഹാജരായില്ല. പകരം മാധ്യമങ്ങളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ലേഖനങ്ങളും അഭിമുഖങ്ങളും നല്‍കിയെന്നും രണ്ടാമത്തെ മുന്നറിയിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനും കൃത്യമായ വിശദീകരണം നല്‍കാത്തിനെ തുടര്‍ന്നാണ് പുറത്താക്കല്‍.
മേയ് 11-ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകകണ്ഠമായി ലൂസി കളപ്പുരയ്ക്കലിനെതിരേ വോട്ട് ചെയ്തെന്നാണു വിവരം.
സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസിനീസഭ പുറത്താക്കി
കൊച്ചി: പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു തെരുവില്‍ സമരത്തിനിറങ്ങിയ സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്.സി.സി. (ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രഗേഷന്)യില്‍നിന്നു പുറത്താക്കി. സഭാനിയമങ്ങള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
സമര്‍പ്പിതജീവിതത്തിലെ വ്രതങ്ങള്‍ പാലിക്കാത്തതും പുറത്താക്കലിനു കാരണമായെന്ന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫിന്റെ കത്തില്‍ പറയുന്നു.
കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിനു പുറമേ, അനുവാദമില്ലാതെ കാര്‍ വാങ്ങി, പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിച്ചു, ചാനല്‍ ചര്‍ച്ചകളില്‍ സഭയ്ക്കെതിരായി പ്രവര്‍ത്തിച്ചു, ചുരിദാര്‍ ധരിച്ചു മഠംവിട്ടു പുറത്തിറങ്ങി, മാധ്യമപ്രവര്‍ത്തകയെ രാത്രി മഠത്തില്‍ തങ്ങാന്‍ അനുവദിച്ചു എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങളും സിസ്റ്റര്‍ ലൂസിക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ജലന്ധര്‍ ബിഷപിനെതിരേ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ പരസ്യസമരത്തിലാണു സിസ്റ്റര്‍ ലൂസി കളപ്പുരയും പങ്കെടുത്തു പിന്തുണ അറിയിച്ചത്.
മാനന്തവാടി കാരയ്ക്കാമലയിലെ എഫ്.സി.സി. കോണ്‍വെന്റായ വിമല ഹൗസില്‍നിന്നു പത്തുദിവസത്തിനകം പുറത്തുപോകണമെന്നാണ് സുപ്പീരിയര്‍ ജനറല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനുള്ളില്‍ രേഖാമൂലം മാപ്പറിയിച്ചാല് പുറത്താക്കല്‍ സസ്പെന്‍ഷനായി ഇളവുചെയ്യാമെന്നും കത്തിലുണ്ട്.
മേയ് 11-നു ചേര്‍ന്ന എഫ്.സി.സി. ജനറല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനു പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയവും ന്യൂഡല്‍ഹിയിലെ അപ്പസ്തോലിക് നണ്സ്യോയും അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണു പുറത്താക്കല്‍ നടപടിയെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ അഞ്ചിന് അയച്ച കത്ത് ഇന്നലെയാണു പുറത്തുവന്നത്.
കാനോനിക നിയമങ്ങള്‍ പ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റര്‍ അനുസരിച്ചില്ലെന്നു കത്തിലുണ്ട്. തെറ്റുതിരുത്താന്‍ ഒട്ടേറെ അവസരങ്ങള്‍ കൊടുത്തിരുന്നു. സ്വമേധയാ സഭവിട്ടുപോകണമെന്നായിരുന്നു നേരത്തേ ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാതിരുന്ന സാഹചര്യത്തിലാണു പുറത്താക്കല്‍.
അധ്യാപിക കൂടിയായ സിസ്റ്റര്‍ ലൂസി കളപ്പുര 2017 മുതല്‍ സഭയിലേക്കു തന്റെ ശമ്പളം നല്‍കുന്നില്ല. സമര്‍പ്പിതസമൂഹത്തിന്റെ നിയമങ്ങള്‍ അനുസരിക്കാത്തതിന്റെ ഗൗരവം 2015 മേയ് 10 മുതല്‍ 2018 മേയ് 19 വരെ സിസ്റ്ററെ സഭ ബോധ്യപ്പെടുത്തിയിരുന്നു.
രണ്ടുവട്ടം കാനോനിക മുന്നറിയിപ്പുകളും, കാരണം കാണിക്കല്‍ നോട്ടീസുകളും നല്കി. ഇതിനു തൃപ്തികരമായ മറുപടിക്കോ ശൈലീമാറ്റത്തിനോ ലൂസി കളപ്പുര തയാറായില്ല.
അതിനാല്‍, പുറത്താക്കുമ്പോള്‍ യാതൊരുവിധ ആനൂകൂല്യവും പ്രതീക്ഷിക്കേണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
CLICK TO FOLLOW UKMALAYALEE.COM