മഅദനി, തടിയന്റവിട നസീര്‍… 20 പേര്‍ കേരളത്തില്‍നിന്ന്‌ പ്രഖ്യാപിത ഭീകരപട്ടികയിലേക്ക്‌? – UKMALAYALEE

മഅദനി, തടിയന്റവിട നസീര്‍… 20 പേര്‍ കേരളത്തില്‍നിന്ന്‌ പ്രഖ്യാപിത ഭീകരപട്ടികയിലേക്ക്‌?

Monday 29 July 2019 6:15 AM UTC

പത്തനംതിട്ട July 29 : യു.എ.പി.എ. ഭേദഗതി ബില്‍ (നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന ഭേദഗതി ബില്‍) നിയമമാകുമ്പോള്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയും തടിയന്റവിട നസീറിനെയും പ്രഖ്യാപിത ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം.

ആദ്യപട്ടികയില്‍ കേരളത്തില്‍നിന്നുള്ള 20 പേരടക്കം ഇരുനൂറോളം പേരുണ്ടാകുമെന്നും സൂചന.

പാക്‌ ഭീകരസംഘടനകളുടെ തലവന്മാരായ ഹാഫിസ്‌ സയീദ്‌, മസൂദ്‌ അസര്‍, സയ്യിദ്‌ സലാഹുദ്ദീന്‍ എന്നിവരാകും പട്ടികയിലെ ആദ്യ പേരുകള്‍.

മഅദനിയും നസീറുമടക്കം നിലവില്‍ യു.എ.പി.എ. ചുമത്തിയിട്ടുള്ള ഇരുപതോളം മലയാളികളടക്കം കരടുപട്ടിക തയാറായിക്കഴിഞ്ഞു. വിദേശത്തു കഴിയുന്ന വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കും പട്ടികയിലുള്‍പ്പെട്ടേക്കും.

നിലവില്‍ യു.എ.പി.എ. ചുമത്തിയിട്ടുള്ള മുഹമ്മദ്‌ സാബിര്‍ (സവാദ്‌), മെറിന്‍ ജേക്കബ്‌ പള്ളത്ത്‌, ഷിബി കുന്നത്ത്‌, അബ്‌ദുള്‍ റഷീദ്‌ അബ്‌ദുള്ള, മുഹമ്മദ്‌ സാജിദ്‌, എം.ടി.പി. ഫിറോസ്‌ ഖാന്‍, ഷംസിയ കുരിയന്‍, അഷറഫ്‌ മജീദ്‌ കല്ലുകെട്ടിയ, ഡോ. ഇജാസ്‌ കല്ലുകെട്ടിയ, ഷിഹാസ്‌ കല്ലുകെട്ടിയ, മുഹമ്മദ്‌ മര്‍വാന്‍ ബേക്കര്‍, മുഹമ്മദ്‌ മന്‍സാദ്‌ മയില്‍, ടി.കെ. മുര്‍ഷിദ്‌ മുഹമ്മദ്‌, സോണിയ സെബാസ്‌റ്റ്യന്‍ (അയിഷ), അഫെസുദ്ദീന്‍ തെക്കേകോലത്ത്‌, റഫീല, അജ്‌മല്‍, ഷജീര്‍ മംഗലശേരി, സിദ്ദിഖ്‌ ഉള്‍ അസ്ളാം എന്നിവരാണു ഭീകരരായി പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള മറ്റുളളവര്‍.

സംഘടനകളെ മാത്രമല്ല, വ്യക്‌തികളെയും ഭീകരരായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ അധികാരം നല്‍കുന്നതാണു യു.എ.പി.എ. ഭേഭഗതി ബില്‍.

ഇവരുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള വ്യവസ്‌ഥകളുമുണ്ട്‌. രാജ്യസഭയുടെയും തുടര്‍ന്നു രാഷ്‌ട്രപതിയുടെയും അംഗീകാരം വൈകില്ലെന്ന പ്രതീക്ഷയിലാണ്‌ എന്‍.ഐ.എ. പ്രഖ്യാപിത ഭീകരരുടെ കരടുപട്ടികയ്‌ക്കു രൂപം കൊടുക്കുന്നത്‌.

ഭീകരവാദി പട്ടികയില്‍നിന്നു പേര്‌ ഒഴിവാക്കിക്കിട്ടണമെന്ന അപേക്ഷകളില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാകും തിര്‍പ്പ്‌ കല്‍പ്പിക്കുക. അപേക്ഷകള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കണമെന്നാണു വ്യവസ്‌ഥ.

CLICK TO FOLLOW UKMALAYALEE.COM