ഭൂമി ബ്രിട്ടീഷ് രാജ്ഞിക്കു സ്വന്തം; ഹാരിസണ്‍സിന്റെ ആധാരം ആരുടെ ആധാറുമായി ബന്ധിപ്പിക്കും? ഉത്തരം കിട്ടാതെ റവന്യൂ വകുപ്പ് – UKMALAYALEE

ഭൂമി ബ്രിട്ടീഷ് രാജ്ഞിക്കു സ്വന്തം; ഹാരിസണ്‍സിന്റെ ആധാരം ആരുടെ ആധാറുമായി ബന്ധിപ്പിക്കും? ഉത്തരം കിട്ടാതെ റവന്യൂ വകുപ്പ്

Friday 28 February 2020 5:07 AM UTC

പത്തനംതിട്ട Feb 28: സംസ്ഥാനത്ത് ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപേര്‍ നടപ്പാക്കുമ്പോള്‍ ഹാരിസണ്‍സിന്റെ ആധാരം ആരുമായി ബന്ധിപ്പിക്കുമെന്ന ചോദ്യം റവന്യൂ വകുപ്പിനെ വലയ്ക്കുന്നു. ഹാരിസണ്‍സിന്റെ പക്കലുള്ള ആധാരങ്ങള്‍ ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്റെ പേരിലാണ്.

റബര്‍ പ്രൊഡ്യൂസിങ് കമ്പനി മാനേജരായ ജോണ്‍ മക്കി മലയാളം പ്ലാന്റേഷന്‍ യു.കെ ഹോള്‍ഡിംഗിന്റെ മാനേജരായ ജോണ്‍ മക്കിക്കുതന്നെ ഭൂമി വിറ്റതായാണ് ആധാരങ്ങളില്‍ വ്യക്തമാക്കുന്നത്.

ആ നിലയ്ക്ക് 59,000-ല്‍ പരം ഏക്കര്‍ വരുന്ന ഹാരിസണ്‍സ് ഭൂമിയുടെ ഇപ്പോഴത്തെ ഉടമയായ ഗോയങ്കയുടെയൊ മക്കളുടെയൊ ആധാര്‍ നമ്പരുമായി ഹാരിസന്‍സിന്റെ ആധാരം ലിങ്ക് ചെയ്യാന്‍ സാധിക്കില്ല.

ബ്രിട്ടനിലുള്ള മലയാളം പ്ലാന്റേഷന്‍ യു.കെ ഹോള്‍ഡിംഗ്‌സിന്റെ സ്വത്തുക്കള്‍ ഇപ്പോള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ വകയാണെന്ന് അവരുടെ രേഖകള്‍ വ്യക്തമാക്കുന്നു.

2016-ല്‍ ആണ് മലയാളം പ്ലാന്റേഷന്റെ സ്വത്തുക്കള്‍ രാജ്ഞിയുടെ പേരിലേക്കു മാറ്റി ബ്രിട്ടനിലെ കമ്പനി രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.

മലയാളം പ്ലാന്റേഷന്‍ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ തങ്ങളുടെ ആസ്തി മുഴുവന്‍ ഇന്ത്യയിലെ ഹാരിസണ്‍സ് മലയാളം, സെസ്‌ക്, സെന്റിനല്‍ ടീ ലിമിറ്റഡ് എന്നീ കമ്പനികളിലാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ മുഴുവന്‍ ഭൂമിയും ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്‍ യു.കെ ഹോള്‍ഡിംഗ്‌സിന്റെ വകയാണെന്ന് ഹാരിസണ്‍സും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ നിലവില്‍ ഗോയങ്കയുടെ അധീനതയിലുള്ള ഭൂമിയുടെ വിസ്തൃതിയും വിവരങ്ങളുമറിയണമെങ്കില്‍ ഭൂമിയുടെ ഇപ്പോഴത്തെ ഉടമയായ ബ്രിട്ടീഷ് രാജ്ഞിയെ സമീപിക്കേണ്ട അവസ്ഥയിലാണ് കേരള റവന്യൂ വകുപ്പ്.

ഹാരിസണ്‍സിന്റെ െകെവശമുള്ള ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തിന്റെ ആധാരം ബ്രിട്ടീഷ് കമ്പനിയുടെ പേരിലാണെന്ന് വ്യക്തമായതോടെ ഇനി കരം സ്വീകരിക്കേണ്ടന്ന് കാട്ടി സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം നാലുവര്‍ഷം മുമ്പ് ഉത്തരവിറക്കിയിരുന്നു.

വില്ലേജുകളിലെ തണ്ടപ്പേര്‍ രജിസ്റ്റര്‍ അനുസരിച്ചാണ് കരം അടയ്‌ക്കേണ്ടത്. ഹാരിസണ്‍ ഭൂമിയുടെ തണ്ടപ്പേര്‍ ബ്രിട്ടീഷ് കമ്പനിയുടെ പേരിലായതിനാലാണിത്. 1978-ല്‍ മലയാളം പ്ലാന്റേഷന്‍ യു.കെ ഹോള്‍ഡിങ്‌സില്‍നിന്നും മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ)ലിമിറ്റഡ് കമ്പനിയുടെ ഷെയര്‍ മാത്രമാണ് വാങ്ങിയത്.

ഭൂമി വാങ്ങുകയോ ഇന്ത്യന്‍ കമ്പനിയുടെ പേരിലേക്കു മാറ്റുകയോ ചെയ്തിരുന്നില്ല. വിദേശ കമ്പനിക്ക് ഇന്ത്യയില്‍ ഭൂമി െകെവശം വയ്ക്കുന്നതിനു പരിമിതികളുള്ളതിനാല്‍ വസ്തുക്കള്‍ സംരക്ഷിക്കുന്നതിനായിരുന്നു ഈ നടപടി.

1982-ല്‍ മറ്റൊരു ബ്രിട്ടീഷ് സ്ഥാപനമായ ഹാരിസണ്‍സ് ആന്‍ഡ് ക്രോസ് ഫീല്‍ഡ് ലിമിറ്റഡിന്റെയും ഷെയര്‍ മാത്രമാണ് ഇന്ത്യന്‍ കമ്പനി വാങ്ങിയത്.

അത്തരത്തില്‍ ഭൂമിയില്‍ നിന്നും ലഭിക്കുന്ന ആദായത്തിന്റെ വിഹിതം അന്നുമുതല്‍ തന്നെ ബ്രിട്ടീഷ് കമ്പനിക്ക് തടസമില്ലാതെ ലഭിച്ചുകൊണ്ടിരുന്നു.

ഇപ്പോള്‍ ഭൂമി െകെകാര്യം ചെയ്യുന്ന ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഹാരിസണും ഇതുതന്നെയാണ് ചെയ്യുന്നത്.

CLICK TO FOLLOW UKMALAYALEE.COM