ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് ആര്‍ക്ക്? ഇടതുമുന്നണിയില്‍ ഉരുള്‍പൊട്ടല്‍, കൊണ്ടും കൊടുത്തും പിണറായിയും കാനവും – UKMALAYALEE

ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് ആര്‍ക്ക്? ഇടതുമുന്നണിയില്‍ ഉരുള്‍പൊട്ടല്‍, കൊണ്ടും കൊടുത്തും പിണറായിയും കാനവും

Monday 6 January 2020 4:49 AM UTC

തിരുവനന്തപുരം Jan 6 : ഏറെക്കാലമായി മനസുകൊണ്ട്‌ അകന്ന സി.പി.എമ്മും സി.പി.ഐയും ഇടതുപക്ഷം അഭിമാനനേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്ന ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റിനു വേണ്ടി ഏറ്റുമുട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിയമ്പു തടുത്ത സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേര്‍ക്കുനേരേ വാളുയര്‍ത്തി. മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലൂടെ സി.പി.ഐ. പുതിയ യുദ്ധഭൂമിയുമൊരുക്കി.

മുഖപ്രസംഗത്തിലൂടെയല്ല, ദേശാഭിമാനിയിലെ ലേഖനത്തിലൂടെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മറുവെട്ടിനു തയാറെടുക്കുകയാണ്‌.

ഈ സര്‍ക്കാരിന്റെ കാലത്ത്‌, പോലീസ്‌ കമ്മിഷറേറ്റ്‌ രൂപീകരണത്തെച്ചൊല്ലി തുടങ്ങിയ തര്‍ക്കം ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികാചരണ വേദിയില്‍ സി.പി.ഐ. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പേര്‌ പറയാതിരുന്നതില്‍ എത്തിനില്‍ക്കുന്നു.

ഇടയ്‌ക്ക്‌, മാവോയിസ്‌റ്റ്‌ വെടിവയ്‌പ്പ്‌, അലന്‍-താഹ അറസ്‌റ്റ്‌, യു.എ.പി.എ. വിഷയങ്ങള്‍ തര്‍ക്കങ്ങളായി വളര്‍ന്നു. മന്ത്രിയായിരുന്ന തോമസ്‌ ചാണ്ടിയെച്ചൊല്ലിയുണ്ടായ ഭിന്നത സി.പി.ഐ. മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതു സര്‍ക്കാരിനു പ്രതിസന്ധിയാകുന്ന സാഹചര്യം സൃഷ്‌ടിച്ചിരുന്നു.

റവന്യൂവകുപ്പ്‌ സംഘടിപ്പിച്ച ഭൂപരിഷ്‌കരണവാര്‍ഷിക പരിപാടിയില്‍ എ.കെ.ജി, ഇ.എം.എസ്‌. കെ.ആര്‍. ഗൗരിയമ്മ എന്നിവരെ പ്രത്യേകം അനുസ്‌മരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, സി. അച്യുതമേനോന്റെ പേര്‌ പരാമര്‍ശിക്കാതിരുന്നതാണു പുതിയ വിവാദത്തിനു വിത്തുപാകിയത്‌.

അച്യുതമേനോന്റെ പേര്‌ വിട്ടുപോയതല്ലന്നും മനഃപൂര്‍വം വിട്ടുകളഞ്ഞതാണെന്നും പിണറായി തുറന്നടിച്ചതു സി.പി.ഐയെ നോവിച്ചു.

അച്യുതമേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണത്തില്‍ വെള്ളം ചേര്‍ത്തെന്നും ഇ.എം.എസ്‌. വിഭാവനം ചെയ്‌ത രീതിയില്‍ നടപ്പാക്കാന്‍ സി.പി.ഐ. ശ്രമിച്ചില്ലെന്നുമുള്ള പരാതി സി.പി.എമ്മിനു പണ്ടേയുള്ളതാണ്‌. അതു ശരിവയ്‌ക്കുന്ന രീതിയിലാണു പിണറായി പെരുമാറിയത്‌. അതോടെ ജനയുഗം മുഖപ്രസംഗമെഴുതി.

ഇന്നലെ തൃശൂരില്‍, ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ്‌ മറ്റാരും എടുക്കേണ്ടെന്നും ചരിത്രം വായിച്ചുതന്നെ പഠിക്കണമെന്നും കാനം തുറന്നടിച്ചതോടെ പോര്‌ കനക്കുകയാണ്‌. അടുത്ത ഇടതുമുന്നണി യോഗത്തില്‍ വാഗ്വാദമുറപ്പ്‌.

മുഖ്യമന്ത്രിയെ ആക്രമിച്ച കാനത്തിനു മറുപടിയുമായി സി.പി.എമ്മിന്റെ നേതാക്കള്‍ കളംനിറഞ്ഞേക്കും. കാനത്തിന്റെ പരിഹാസം അതിരുകടന്നെന്നാണ്‌ ആക്ഷേപം.

അതിനിടെ, പ്രശ്‌നം കൈവിട്ടുപോകരുതെന്നും യു.ഡി.എഫിന്‌ ആയുധം കൊടുക്കേണ്ടെന്നുമുള്ള വാദവും സി.പി.എമ്മിലുണ്ട്‌.

ഇന്നലെ തൃശൂരിലെ വേദിയില്‍ കാനത്തിനു മറുപടി നല്‍കാതെ മന്ത്രി തോമസ്‌ ഐസക്‌ സംയമനം പാലിച്ചു.കാര്യം കൈവിട്ടുപോകാതെതന്നെ സി.പി.ഐക്കു മറുപടി നല്‍കാനുള്ള തന്ത്രമാണു സി.പി.എം. തേടുന്നത്‌.

ഇതിനായി കാനവുമായി കോടിയേരി ചര്‍ച്ച നടത്തിയേക്കും. ദേശാഭിമാനിയില്‍ കോടിയേരിയുടെ ലേഖനത്തിലൂടെ പരസ്യമായ മറുപടിയുമുണ്ടാകും.

പിടിമുറുക്കാന്‍ തുഷാര്‍; ബി.ഡി.ജെ.എസ്‌. നേതൃത്വത്തില്‍ അഴിച്ചുപണി

ആലപ്പുഴ Jan 6 : ബി.ഡി.ജെ.എസില്‍ പിളര്‍പ്പിനു സാധ്യത തെളിഞ്ഞതോടെ പിടിമുറുക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കം.

തനിക്ക്‌ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന്‌ അവകാശപ്പെട്ട സുഭാഷ്‌ വാസു, പാര്‍ട്ടിയില്‍ ഒരു വിഭാഗത്തെ കൂടെകൂട്ടാന്‍ ശ്രമം ആരംഭിച്ചതോടെയാണ്‌ പിളര്‍പ്പിനു വഴി തെളിഞ്ഞത്‌.

ബി.ജെ.പി നേതാക്കളുടെ പിന്തുണ പറഞ്ഞാണ്‌ സുഭാഷ്‌ വാസുവും കൂട്ടരും താഴെ തട്ടിലുള്ള നേതാക്കളെ ഒപ്പംനിര്‍ത്താന്‍ ശ്രമിക്കുന്നത്‌. ഇതോടെ എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം എതിര്‍പക്ഷം ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്‌.

എന്നാല്‍ ഈ വിവാദങ്ങളോട് അകലംപാലിക്കുകയാണ് ബി.ജെ.പി.. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ തലയിടാനില്ല എന്ന നിലപാടിലാണ് അവര്‍. ഈ വിഷയത്തില്‍നടന്ന ചാനല്‍ ചര്‍ച്ചകളിലും ബി.ജെ.പി. നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.

മൂന്ന്‌ സംസ്‌ഥാന ഭാരവാഹികളെ പാര്‍ട്ടി സംസ്‌ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. വയനാട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാറിന്റെ ചീഫ്‌ ഇലക്ഷന്‍ ഏജന്റായിരുന്ന അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെ സംസ്‌ഥാന വൈസ്‌ പ്രസിഡന്റായും വയനാട്‌ തെരഞ്ഞെടുപ്പ്‌ കോ-ഓര്‍ഡിനേറ്റര്‍മാരായിരുന്ന പച്ചയില്‍ സന്ദീപ്‌, അനിരുദ്ധ്‌ കാര്‍ത്തികേയന്‍ എന്നിവരെ സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായുമാണു തെരഞ്ഞെടുത്തത്‌.

താനാണു ബി.ഡി.ജെ.എസിന്റെ യഥാര്‍ഥ പ്രസിഡന്റെന്നു കഴിഞ്ഞ ദിവസം സുഭാഷ്‌ വാസു അവകാശപ്പെട്ടിരുന്നു. പാര്‍ട്ടി പ്രസിഡന്റ്‌ എന്ന നിലയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ ഫോം ഒപ്പിട്ട്‌ നല്‍കിയത്‌ താനായിരുന്നെന്നും സുഭാഷ്‌ വാസു പറഞ്ഞിരുന്നു.

എസ്‌.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ടും കട്ടച്ചിറ കോളജ്‌ നടത്തിപ്പില്‍ ക്രമക്കേടുണ്ടായെന്ന ആരോപണങ്ങളുടെ അടിസ്‌ഥാനത്തിലും സുഭാഷ്‌ വാസുവിനോട്‌ വിശദീകരണം തേടാന്‍ ചേര്‍ത്തലയില്‍ ചേര്‍ന്ന ബി.ഡി.ജെ.എസ്‌ സംസ്‌ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.

യോഗത്തില്‍ സുഭാഷ്‌ വാസു പങ്കെടുത്തിരുന്നില്ല. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM