ഭര്‍ത്തൃവീട്ടില്‍ അനുഭവിച്ച ക്രൂരതകളെക്കുറിച്ചു ആന്‍ ലിയയുടെ കരളലിയിക്കുന്ന ഡയറിക്കുറിപ്പും ചിത്രവും
Friday 25 January 2019 1:30 AM UTC
തൃശൂര്‍ Jan 25: “ജസ്റ്റിന്റെ കുടുംബവും മാനസികമായി പീഡിപ്പിച്ചു. പഠിക്കാനായി ജോലി രാജിവച്ചതിനു പരിഹസിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു കുറ്റപ്പെടുത്തി”-പെരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ ലിയയുടെ ഡയറിക്കുറിപ്പാണിത്.
എം.എസ്സി. നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന ആന്‍ ലിയ ഭര്‍ത്തൃവീട്ടില്‍ അനുഭവിച്ചിരുന്ന പീഡനങ്ങള്‍ വിശദമാക്കുന്നതാണിത്. കഴിഞ്ഞ 28 നാണ് തൃശൂര്‍ സ്വദേശി ജസ്റ്റിന്റെ ഭാര്യയായ യുവതിയുടെ മൃതദേഹം നോര്‍ത്ത് പറവൂര്‍ വടക്കേക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ പെരിയാറില്‍ കാണപ്പെട്ടത്.
അതു മകളുടേതാണെന്നു സ്ഥിരീകരിച്ചതോടെ ആത്മഹത്യയാണെന്ന് ആരോപിച്ച് പിതാവ് ഹൈജിനസ് രംഗത്തുവന്നിരുന്നു. യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങളും സഹോദരനയച്ച സന്ദേശങ്ങളുംം ശരിവയ്ക്കുന്നതാണു പതിനെട്ടു പേജുള്ള ഡയറിക്കുറിപ്പുകള്‍.
ജോലി നഷ്ടപ്പെട്ടതു മറച്ചുവച്ചാണു ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചതെന്നു ഡയറിയിലുണ്ട്. തന്നെ നിര്‍ബന്ധിച്ചു ജോലി രാജിവയ്പിച്ചെന്നും ജസ്റ്റിന്റെ വീട്ടില്‍വച്ചു ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഴുതിയിട്ടുണ്ട്. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ആന്‍ ലിയ എഴുതി.
നാട്ടില്‍ നല്ലൊരു ജോലി ലഭിക്കുന്നതും വിദ്യാഭ്യാസം നല്കി കുഞ്ഞിനെ വളര്‍ത്തുന്നതും വീടുവയ്ക്കുന്നതും കാര്‍ വാങ്ങുന്നതും സമ്പാദ്യമുണ്ടാക്കുന്നതുമെല്ലാം തന്റെ സ്വപ്നങ്ങളായി അവള് കുറിച്ചു. എല്ലാം നേടുമെന്ന ഉറപ്പും അതിലുണ്ടായിരുന്നു.
തന്റെ ജീവിതത്തിലെ മറക്കരുതാത്ത ദിവസങ്ങള്‍, വിവാഹം, അമ്മയാകുകയാണെന്നറിഞ്ഞത്, ഏറെ ഇഷ്ടമുള്ള ബന്ധുക്കളും കൂട്ടുകാരും, തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നത്, തന്നെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം ഇതിലുണ്ട്.
കടവന്ത്ര പോലീസിനെഴുതിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഡയറിയിലുമുള്ളത്. ഗര്‍ഭിണിയായപ്പോഴും മനസലിവുണ്ടായില്ല. തനിക്കു പഴകിയ ഭക്ഷണമാണു നല്‍കിയത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവം തുടര്‍ന്നു. കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിച്ചായിരുന്നു പീഡനം.
വീട്ടില്‍നിന്നാല്‍ ജസ്റ്റിനും അമ്മയുംകൂടി കൊല്ലും. പോലീസ് സ്റ്റേഷനില്‍ പോകാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാം എഴുതി സഹോദരനയച്ച സന്ദേശങ്ങളും ഡയറിക്കുറിപ്പുകളെ സാധൂകരിക്കുന്നതാണ്.
തന്നില്‍നിന്നു കുഞ്ഞിനെ വേര്‍പെടുത്താനും ശ്രമങ്ങളുണ്ടായെന്നും പരാതിയിലുണ്ടായിരുന്നു. അതില്‍ ആത്മഹത്യാസൂചന ഉണ്ടായിരുന്നില്ല. താന്‍ വലിയ പീഡനമാണ് അനുഭവിക്കുന്നതെന്നും ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവം ഭയക്കാതെ ജീവിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കുഞ്ഞിന് അച്ഛന് വേണമെന്നും തനിക്കു ഭര്‍ത്താവിനെ വേണമെന്നുമുള്ള പരാതി. ഈ നാട്ടില്‍ വേറെയാരുമില്ലെന്നും വീട്ടുകാര്‍ നാട്ടിലില്ലെന്നും തന്റെ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണമെന്നുമായിന്നു പരാതിയുടെ ഉളളടക്കം.
ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്ന പീഡനങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ചിത്രവും ആന്‍ ലിയ വരച്ചിരുന്നു. ചുറ്റും ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന കുറേ കൈകള്‍ക്കു നടുവില്‍ കരഞ്ഞുകൊണ്ട് കുറിപ്പെഴുതുന്ന തന്റെ പ്രതീകത്തെയാണ് വരച്ചത്.
പിതാവ് മട്ടാഞ്ചേരി സ്വദേശി പാറയ്ക്കല്‍ ഹൈജിനസ് ആരോപിക്കുന്നതുപോലെ, മരണത്തിലെ ദുരൂഹത വെളിപ്പെടുത്തുന്നതാണ് പല വിവരങ്ങളും. ആന്‍ ലിയയെ പരീക്ഷയ്ക്കായി ബംഗളുരുവിലേക്കു ട്രെയിന്‍ കയറ്റിവിട്ടു എന്നായിരുന്നു ജസ്റ്റിന് ആദ്യം പറഞ്ഞത്.
പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയില്‍വേ പോലീസില്‍ പരാതി കൊടുത്തത്. തൃശൂര്‍ റെയില്‍വേ എ.എസ്.ഐ: അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആന്‍ ലിയയുടെ സംസ്കാരച്ചച്ചടങ്ങുകളില് ഭര്‍ത്താവും കുടുംബവും പങ്കെടുത്തിരുന്നില്ല. എട്ടുമാസമായ കുഞ്ഞിനെയും മൃതദേഹം കാണിക്കാന്‍ അനുവദിച്ചില്ല.
ജസ്റ്റിനെ ചോദ്യംചെയ്തു
തൃശൂര്‍: നഴ്സ് ആന്‍ ലിയയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭര്‍ത്താവ് വി.എം. ജസ്റ്റി(29)ന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഫോണ്‍വിളിയുടെ വിശദാംശം പരിശോധിക്കാനാണിത്.
ഇന്നലെ വിയ്ൂര് ജയിയലില്നിന്നു കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി അന്വേഷണസംഘം മുല്ലശേരി അന്നകരയിലെ വീട്ടിലെത്തി തെളിവെടുത്തു. മറ്റു ചില രേഖകളും ശേഖരിച്ചു.
ഇയാള്‍ കൊലപ്പെടുത്തിയതായി തെളിവു ലഭിച്ചിട്ടില്ല.
അതേസമയം കൊലയ്ക്ക് പിന്നില്‍ ഇയാളുടെ പ്രേരണയും പങ്കും ഉണ്ടെന്നാണ് കരുതുന്നത്. ഇന്നും ജസ്റ്റിനെ വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ച ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറിയതോടെ ചാവക്കാട് കോടതിയില്‍ പ്രതി കീഴടങ്ങുകയായിരുന്നു.
റിമാന്‍ഡിലായിരുന്ന പ്രതിയെ ഇന്നലെ രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. മരണം സംബന്ധിച്ച അന്വേഷണത്തില്‍ അലംഭാവമുണ്ടെന്നു ചൂണ്ടിക്കാട്ടി ആന്‍ലിയയുടെ കുടുംബം നേരത്തേ പരാതി നല്‍കിയിരുന്നു.
CLICK TO FOLLOW UKMALAYALEE.COM