ഭര്‍ത്താവും അമ്മയും കുട്ടികളും ഇല്ലാത്ത വീട്ടിലേയ്ക്ക് കോടതിവിധിയുടെ പിന്‍ബലത്തില്‍ കനകദുര്‍ഗ – UKMALAYALEE

ഭര്‍ത്താവും അമ്മയും കുട്ടികളും ഇല്ലാത്ത വീട്ടിലേയ്ക്ക് കോടതിവിധിയുടെ പിന്‍ബലത്തില്‍ കനകദുര്‍ഗ

Thursday 7 February 2019 5:11 AM UTC

മലപ്പുറം Feb 7: കോടതിവിധിയുടെ പിന്‍ബലത്തോടെ ഇന്നലെ രാത്രി 7.45 നു കനകദുര്‍ഗ ഭര്‍ത്തൃവീട്ടില്‍ പ്രവേശിച്ചു. ശബരിമല ദര്‍ശനത്തെത്തുടര്‍ന്നു ഭര്‍ത്തൃവീട്ടില്‍ അവര്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണ സി.ഐ: ടി.എസ്‌. ബിനു, എസ്‌.ഐ. മന്‍ജിത്ത്‌ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ അകമ്പടിയോടെയാണ്‌ ഭര്‍ത്താവ്‌ കൃഷ്‌ണനുണ്ണിയുടെ അങ്ങാടിപ്പുറത്തെ വീട്ടിലേക്കു കനകദുര്‍ഗയെത്തിയത്‌.

ഭര്‍ത്തൃവീട്ടില്‍ കനകദുര്‍ഗ കയറുന്നതു തടയാന്‍ പാടില്ലെന്ന്‌ ഇന്നലെ പകല്‍ പുലാമന്തോള്‍ ഗ്രാമന്യായാലയ കോടതി മജിസ്‌ട്രേറ്റ്‌ നിമ്മി ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു ശബരിമലയില്‍ പ്രവേശിച്ച ആദ്യ യുവതികളിലൊരാളായ കനകദുര്‍ഗ ദര്‍ശനശേഷം വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്തൃമാതാവില്‍നിന്നു മര്‍ദനമേറ്റിരുന്നു.

ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവ്‌ കൃഷ്‌ണനുണ്ണി വീട്ടില്‍ കയറ്റാനാവില്ലെന്ന നിലപാെടടുത്തു. തുടര്‍ന്നാണ്‌ കേസ്‌ കോടതിയിലെത്തിയത്‌.

അങ്ങാടിപ്പുറം തിരുമന്ധാംകുന്ന്‌ ക്ഷേത്രത്തിന്റെ വടക്കേനടയിലാണ്‌ ഭര്‍ത്തൃവീട്‌. വിവാദത്തെത്തുടര്‍ന്ന്‌ കൃഷ്‌ണനുണ്ണി വീടു പൂട്ടി താമസംമാറ്റിയിരുന്നു.

മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസില്‍ ഓവര്‍സിയറായ കൃഷ്‌ണനുണ്ണിയെ പെരിന്തല്‍മണ്ണ പോലീസ്‌ സ്‌റ്റേഷനില്‍ മധ്യസ്‌ഥ ചര്‍ച്ചയ്‌ക്കു വിളിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.

സ്വന്തം വീട്ടില്‍ കയറുന്നതില്‍നിന്നു സഹോദരനും വിലക്കിയതോടെ പെരിന്തല്‍മണ്ണയില്‍ സമൂഹികനീതി വകുപ്പിനു കീഴിലുള്ള അഭയകേന്ദ്രമായ വണ്‍സ്‌റ്റോപ്പ്‌ സെന്ററിലായിരുന്നു കനകദുര്‍ഗയുടെ താമസം. 20 പോലീസുകാര്‍ കാവലുണ്ടായിരുന്നു.

കോടതിയില്‍ ഇന്നലെ ഇരുഭാഗത്തുനിന്നും ആരും ഹാജരായില്ല. കനകദുര്‍ഗയ്‌ക്കെതിരേ വധഭീഷണിയുള്ളതിനാല്‍ പോലീസ്‌ സംരക്ഷണം തുടര്‍ന്നേക്കും.

എല്ലാം കലങ്ങിത്തെളിയുമെന്നും മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം ജീവിക്കാനാണ്‌ ആഗ്രഹമെന്നും കനകദുര്‍ഗ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM