ബ്രിട്ടീഷ്‌ പൗരന്‌ മികച്ച ചികില്‍സയില്ലെന്ന്‌ വിമര്‍ശനം; സൗകര്യങ്ങളുടെ ചിത്രം സഹിതം പുറത്തുവിട്ട്‌ ജില്ലാ ഭരണകൂടത്തിന്റെ മറുപടി – UKMALAYALEE

ബ്രിട്ടീഷ്‌ പൗരന്‌ മികച്ച ചികില്‍സയില്ലെന്ന്‌ വിമര്‍ശനം; സൗകര്യങ്ങളുടെ ചിത്രം സഹിതം പുറത്തുവിട്ട്‌ ജില്ലാ ഭരണകൂടത്തിന്റെ മറുപടി

Saturday 28 March 2020 1:45 AM UTC

കൊച്ചി March 28: കോവിഡ്‌ 19 ചികിത്സയിലുള്ള ബ്രിട്ടീഷ്‌ പൗരന്‌ കളമശേരി മെഡിക്കല്‍ കോളജില്‍ മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന ബന്ധുക്കളുടെ വിമര്‍ശനത്തിനു മറുപടിയുമായി ജില്ലാ ഭരണകൂടം. രാജ്യാന്തര മാധ്യമങ്ങളിലൂടെയായിരുന്നു ബന്ധുക്കളുടെ വിമര്‍ശനം.

കളമശേരി മെഡിക്കല്‍ കോളജ്‌ ഐസൊലേഷന്‍ വാര്‍ഡിലെ മികച്ച സൗകര്യങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവിട്ടാണ്‌ അധികൃതര്‍ വിമര്‍ശനത്തിനു മറുപടി നല്‍കിയത്‌.

നിരീക്ഷണത്തില്‍ കഴിയണമെന്ന അധികൃതരുടെ നിര്‍ദേശം അവഗണിച്ച്‌ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 19 അംഗ ബ്രിട്ടീഷ്‌ യാത്രാസംഘത്തിലെ 76 കാരന്റെ മകളാണ്‌ കേരളത്തിലെ കോവിഡ്‌ ചികിത്സയെ വിമര്‍ശിച്ചത്‌.

വൃത്തിയില്ലാത്ത ആശുപത്രിയിലാണ്‌ പിതാവിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും കിടക്കയോ ഭക്ഷണമോ കിട്ടുന്നില്ലെന്നും ഇവര്‍ പരാതി ഉന്നയിച്ചു.

ഗാര്‍ഡിയിന്‍ അടക്കമുള്ള ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ ഇത്‌ ഏറ്റുപിടിച്ചതിനു പിന്നാലെയാണ്‌ കളമശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ ചിത്രം അധികൃതര്‍ പുറത്തുവിട്ടത്‌.

ഐസൊലേഷനില്‍ കഴിയുന്ന ഓരോ രോഗിക്കും ബാത്‌ റൂം അറ്റാച്ച്‌ ചെയ്‌ത പ്രത്യേക മുറികളാണ്‌ നല്‍കിയിരിക്കുന്നത്‌. വിദേശികളായ രോഗികള്‍ക്ക്‌ അവര്‍ക്ക്‌ ഇഷ്‌ടമായ മെനു അനുസരിച്ചാണ്‌ ഭക്ഷണം.

രാജ്യാന്തര നിലവാരത്തിലാണ്‌ ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന്‌ ജില്ലാ കലക്‌ടര്‍ വ്യക്‌തമാക്കി. നിലവില്‍ ബ്രിട്ടീഷ്‌ പൗരനടക്കം കളമശേരിയില്‍ ചികിത്സയിലുള്ള ആറു പേര്‍ രോഗമുക്‌തരായിട്ടുണ്ട്‌.

ആറു ദിവസത്തെ ചികിത്സയിലൂടെയാണ്‌ ഇവര്‍ രോഗവിമുക്‌തരായത്‌. ഇതിനിടെയാണ്‌ മെഡിക്കല്‍ കോളജ്‌ സൗകര്യങ്ങളെ വിമര്‍ശിച്ച്‌ ബ്രിട്ടീഷ്‌ പൗരന്റെ മകള്‍ രംഗത്തു വന്നത്‌.

കോവിഡ്‌ കെയര്‍ കേന്ദ്രമായ കളമശേരി മെഡിക്കല്‍ കോളജിന്‌ പ്രത്യേക ശ്രദ്ധയാണ്‌ ജില്ലാ ഭരണകൂടം നല്‍കുന്നത്‌.

ആശുപത്രി മുറികള്‍ ദിവസേന 6 തവണ ശുചീകരിക്കുന്നുണ്ട്‌. 4 മണിക്കൂര്‍ ഷിഫ്‌റ്റില്‍ ആറ്‌ മെഡിക്കല്‍ സംഘം ഇവരെ പരിചരിക്കുന്നു.

ഇറ്റലിയില്‍ നിന്നെത്തിയ കുട്ടിക്ക്‌ ഇഷ്‌ടഭക്ഷണമായ പാസ്‌ത അടക്കം എത്തിച്ച്‌ രോഗീ പരിചരണത്തില്‍ മികച്ച മാതൃകയാണ്‌ ജില്ലാ ഭരണകൂടം കാണിച്ചത്‌.

ജില്ലാ കളക്ടറുടെ എഫ്.ബി. പോസ്റ്റ് കാണാം

CLICK TO FOLLOW UKMALAYALEE.COM