ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം: ഉടന്‍ മടങ്ങിയെത്തുമെന്ന് വി.മുരളീധരന്‍ – UKMALAYALEE

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം: ഉടന്‍ മടങ്ങിയെത്തുമെന്ന് വി.മുരളീധരന്‍

Friday 16 August 2019 12:42 AM UTC

ലണ്ടന്‍ Aug 16: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയാറായതിനെ തുടര്‍ന്നാണ് ഗ്രേസ് വണ്‍ എണ്ണകപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴിയൊരുക്കിയത്.

എന്നാല്‍ അമേരിക്ക എതിര്‍പ്പ് അറിയിച്ചതോടെ കപ്പല്‍ ഉടന്‍ വിട്ടുനല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. മലയാളികളായ റെജിന്‍, പ്രജിത്ത്, അജ്മല്‍ എന്നിവര്‍ ഗ്രേസ് വണ്ണിലുണ്ട്.

മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരും ഉടന്‍ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതോടെ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്കും മോചനത്തിന് സാധ്യത തെളിഞ്ഞു.

കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ പി.പുരുഷോത്തമന്റെ മകന്‍ തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത്(33), മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കിടുകിടുപ്പന്‍ വീട്ടില്‍ അബ്ബാസിന്റെ മകനായ ജൂനിയര്‍ ഓഫീസര്‍ കെ.കെ. അജ്മല്‍(27), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫീസര്‍ റെജിന്‍(40) എന്നിവരാണ് കപ്പലിലുള്ളത്.

ഇറാനിയന്‍ കമ്പനിക്കെതിരായ നിയമനടപടികള്‍ ജിബ്രാള്‍ട്ടര്‍ അവസാനിപ്പിച്ചു. ഉപരോധം ലംഘിച്ചുള്ള എണ്ണക്കയറ്റുമതി ആരോപിച്ച് കഴിഞ്ഞ ജൂലൈ നാലിനാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്. മലയാളികളടക്കം 24 ഇന്ത്യക്കാരാണ് മോചനം കാത്ത് കഴിഞ്ഞിരുന്നത്.

ഇന്ത്യക്കാരില്‍ നാലുപേര അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കപ്പല്‍ വിട്ടുനല്‍കുകയാണെങ്കില്‍ ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പല്‍ സ്‌റ്റെന ഇംപേേെറാ വിട്ടുനല്‍കാനുള്ള സാധ്യതയും തെളിയും.

കപ്പല്‍ അധികം വൈകാതെ തന്നെ വിട്ടു കിട്ടുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM