ബ്രാഹ്‌മണര്‍ക്ക്‌ പ്രത്യേക ശൗചാലയം; വിവാദമായപ്പോള്‍ ഒഴിവാക്കി – UKMALAYALEE

ബ്രാഹ്‌മണര്‍ക്ക്‌ പ്രത്യേക ശൗചാലയം; വിവാദമായപ്പോള്‍ ഒഴിവാക്കി

Friday 6 March 2020 4:36 AM UTC

തൃശൂര്‍ March 6: ക്ഷേത്രത്തോട്‌ ചേര്‍ന്ന്‌ ബ്രാഹ്‌മണര്‍ക്കു മാത്രമായുള്ള ശൗചാലയത്തിന്റെ ചിത്രം സാമൂഹികമാധ്യത്തില്‍ പ്രചരിച്ചതോടെ വിവാദമായി.
പരാതിയെത്തുടര്‍ന്ന്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ വിവാദ ബോര്‍ഡ്‌ നീക്കം ചെയ്‌തു.

രണ്ടു ദിവസമായി പൂരം നടക്കുന്ന തൃശൂര്‍ കുറ്റുമുക്ക്‌ മഹാദേവ ക്ഷേത്രത്തിനോട്‌ ചേര്‍ന്ന മൂന്ന്‌ ശൗചാലയങ്ങളിലൊന്നിലാണ്‌ ബ്രാഹ്‌മിന്‍സ്‌ എന്ന്‌ രേഖപ്പെടുത്തിയത്‌.

പുരുഷന്‍മാര്‍, സ്‌ത്രീകള്‍ എന്നിങ്ങനെ എഴുതിയ രണ്ട്‌ ശൗചാലയങ്ങളോട്‌ ചേര്‍ന്നാണ്‌ ബ്രാഹ്‌മിന്‍സ്‌ എന്നെഴുതിയ ബോര്‍ഡോടുകൂടിയ ശൗചാലയമുള്ളത്‌.

ക്ഷേത്രക്കുളത്തിനോട്‌ ചേര്‍ന്ന്‌ പൊതുറോഡിലേക്ക്‌ കയറുന്നിടത്താണ്‌ ശൗചാലയം. അര്‍വിന്ദ്‌ ജി. ക്രിസ്‌റ്റോ എന്ന യുവാവാണ്‌ ഈ ചിത്രം പകര്‍ത്തി സാമൂഹികമാധ്യത്തില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌.

ചിത്രം വിവാദമായതോടെ ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ നേതൃത്വം പരാതി നല്‍കി. തുടര്‍ന്ന്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ ബ്രാഹ്‌മിന്‍സ്‌ എന്ന ചുവരെഴുത്ത്‌ ശുചിമുറിയുടെ മുകളില്‍നിന്നു നീക്കംചെയ്‌തു.

CLICK TO FOLLOW UKMALAYALEE.COM