LONDON Jan 2: തന്റെ ബ്രക്സിറ്റ് കരാര്‍ പാസാക്കിയെടുക്കാന്‍ എല്ലാ അടവും പയറ്റി പ്രധാനമന്ത്രി തെരേസ മേ. പുതുവര്‍ഷം രാജ്യം പുതിയൊരു അധ്യായത്തിലേയ്ക്ക് പ്രവേശിക്കുകയാണെന്നും എംപിമാരെല്ലാം രാജ്യത്തിനായി ഒന്നിച്ചു നില്‍ക്കണമെന്നും തന്റെ പുതുവത്സര സന്ദേശത്തില്‍ തെരേസ മേ പറഞ്ഞു.
കരാറിനെ പിന്തുണച്ചാല്‍ എംപിമാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഹൗസിംഗ് പ്രതിസന്ധി മുതല്‍ എന്‍എച്ച്എസിലെ വിഷയവും പരിഹരിക്കാമെന്നാണ് വാഗ്ദാനം.
2019ല്‍ യുകെയ്ക്ക് പുതിയ അധ്യായം കുറിയ്ക്കാന്‍ സാധിക്കും. പാര്‍ലമെന്റ് ഒരു കരാറിനെ പിന്തുണച്ചാല്‍ ബ്രിട്ടന് വഴിത്തിരിവിലെത്തും.
രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും, ശുഭാപ്തിവിശ്വാസവും പ്രതീക്ഷയുമുള്ള ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിയ്ക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതിനായി അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അടുത്ത ബുധനാഴ്ച കരാറില്‍ എംപിമാര്‍ ചര്‍ച്ചകള്‍ ആരംഭിക്കും. ഇതിന് ശേഷം അന്തിമ വോട്ടിംഗും നടക്കും.
ബ്രസല്‍സില്‍ നിന്നും വെറും കൈയോടെ മടങ്ങേണ്ടിവന്നതും കരാറിനെതിരെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ രംഗത്തുവരികയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുകയും ചെയ്തതിനു പിന്നാലെയാണ് തെരേസ മന്ത്രിസഭ കരാറില്ലാതെയും പുറത്തു പോകാന്‍ സന്നദ്ധത അറിയിച്ചത്.
ധാരണകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന് വിട്ടാല്‍ യൂണിയനിലെ ഓരോ അംഗരാജ്യവുമായും പ്രത്യേകം കരാറുകളുണ്ടാക്കേണ്ട ഗതികേടിലാകും ബ്രിട്ടീഷ് സര്‍ക്കാര്‍. വാണിജ്യ വ്യാവസായിക രംഗത്തും വലിയ തിരിച്ചടികള്‍ ഉണ്ടാകും.
CLICK TO FOLLOW UKMALAYALEE.COM