ബി.ജെ.പിക്ക് അയോധ്യ വീണ്ടും രാഷ്ട്രീയ ആയുധമാകും
Monday 11 November 2019 4:16 AM UTC
NEW DELHI Nov 11: കുതിപ്പു കിതപ്പായും പിന്നെ വിട്ടുമാറാത്ത തലവേദനയായും മാറിയ അയോധ്യ, ബി.ജെ.പിക്കു വീണ്ടും കുതിക്കാനുള്ള രാഷ്ട്രീയ ആയുധമാകുന്നു. ഭരണപരമായ തീരുമാനത്തിനപ്പുറത്തു കോടതി ഇടപെടലിലൂടെ സാധ്യതകള്‍ തുറന്നുകിട്ടിയ ആഹ്ലാദത്തിലാണു സംഘ് പരിവാര്‍.
അയോധ്യ പ്രക്ഷോഭം നയിച്ച അദ്വാനിയെ വെട്ടി അധികാരത്തിലെത്തിയ നരേന്ദ്രമോഡിക്കാണ് അയോധ്യയുടെ രണ്ടാംഘട്ട വിളവെടുപ്പിനുള്ള അവസരം ഒത്തുകിട്ടിയെന്നതും ശ്രദ്ധേയം.
കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ രൂപീകരിക്കപ്പെടുന്ന ട്രസ്റ്റിനാണ് 2.77 ഏക്കര്‍ വരുന്ന തര്‍ക്കസ്ഥലത്തു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ചുമതല സുപ്രീം കോടതി െകെമാറിയത്.
ആര്.എസ്.എസുമായി നേരിട്ടു ബന്ധമില്ലാത്ത ക്ഷേത്രാരാധനാ സംഘടനകളായിരുന്നു അവകാവാദമുന്നയിച്ചു ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും ആര്‍ക്കും വിട്ടുനല്‍കാതെ കേന്ദ്രസര്‍ക്കാരിന്റെ ചുമതലയിലേക്കു മാറ്റി.
ഇതോടെ നിര്‍ദ്ദിഷ്ട ട്രസ്റ്റിന്റെ നിയന്ത്രണച്ചുമതയിലേക്കെത്തുന്ന മോഡിക്കു ക്ഷേത്രനിര്‍മ്മാണത്തിന്റെ ഘട്ടങ്ങളില്‍ രാഷ്ട്രീയപ്രയോഗത്തിനും അവസരം ഒത്തുകിട്ടി.
ഒപ്പം മോഡിക്കുശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമായി സംഘ്പരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹിന്ദുത്വ രാഷ്ട്രീയനഭസിലേക്കു കുതിച്ചുയരാനുള്ള സുവര്‍ണാവസരമായി.
1989ല്‍ നടന്ന ഹിമാചല്‍ പാലമ്പൂര്‍ സമ്മേളനത്തിലാണു ബി.ജെ.പി. ആദ്യമായി അയോധ്യാ പ്രക്ഷോഭം ഏറ്റെടുത്തത്. എ.ബി. വാജ്പേയി അടക്കമുള്ള മിതവാദികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും അന്നത്തെ പാര്‍ട്ടി പ്രസിഡന്റ് എ.കെ. അദ്വാനിയുടെ നിശ്ചയദാര്‍ഢ്യമാണ് ഇതിനു കാരണമായത്.
സംഘടനാ സെക്രട്ടറിയായിരുന്ന ഗോവിന്ദാചാര്യ തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. വിശ്വഹിന്ദു പരിഷത്ത് ഉത്തര്‍പ്രദേശില്‍മാത്രം ഒതുക്കിയ രാമജന്മഭൂമി പ്രക്ഷോഭത്തെ ബി.ജെ.പി. ദേശീയതലത്തില്‍ ആളിക്കത്തിച്ചു. പാര്‍ലമെന്റില്‍ ബി.ജെ.പിയുടെ അംഗസംഖ്യ രണ്ടില്‍നിന്ന് 82 ലേക്കു കുതിച്ചു.
ഗുജറാത്ത് ഘടകം സംഘടനാ സെക്രട്ടറിയായിരുന്ന മോഡി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേലുമായി ഉടക്കി രാഷ്ട്രീയ മുഖ്യധാരയില്‍നിന്നു മാറിനില്‍ക്കുന്ന കാലമായിരുന്നു.
1992ല്‍ കര്‍സേവകര്‍ ബാബ്റി മസ്ജിദ് പൊളിച്ചതോടെ ബി.ജെ.പിയുടെ റോള്‍ ഏതാണ്ട് അവസാനിച്ചു. രാമക്ഷേത്രം നിര്‍മ്മിക്കുമെന്നു വാഗ്ദാനമേകി തുടര്‍ന്ന് അധികാരത്തിലെത്തിയെങ്കിലും വാക്കു പാലിക്കാതെ വന്നതോടെ അയോധ്യ തിരിച്ചടിച്ചു.
1996 ലും 98 ലും വാഗ്ദാനത്തുടര്ച്ച ബി.ജെ.പിയെ സഹായിച്ചു. 1999 മുതല്‍ 2004 വരെ വാജ്പേയി സര്‍ക്കാര്‍ ഭരിച്ചെങ്കിലും അയോധ്യയില്‍ ക്ഷേത്രം ഉയര്‍ന്നില്ല. വീണ്ടും ഇതേ വാഗ്ദാനവുമായി രംഗത്തിറങ്ങിയതോടെ പരമ്പരാഗത വോട്ടര്‍മാര്‍ മുഖംതിരിച്ചു. 2004, 2009 വര്‍ഷങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതോടെ അയോധ്യ ബി.ജെ.പിക്കു തലവേദനയായി.
ഇതോടെയാണ് അദ്വാനിയെ മാറ്റി സംഘ് നേതൃത്വം മോഡിയെ രംഗത്തിറക്കിയത്. രാമനെ മാറ്റി മോഡി തരംഗത്തിലൂടെയാണു ബി.ജെ.പി. 2014 ലും 2019 ലും അധികാരത്തിലെത്തിയത്.
അയോധ്യാ പ്രക്ഷോഭവുമായി നേരിട്ടു ബന്ധമില്ലാത്തതിനാല്തന്നെ പ്രധാനമന്ത്രിയായതില്‍ പിന്നെ മോഡി അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രം സന്ദര്‍ശിച്ചിട്ടില്ല.
എന്നാല്‍, കോടതി വിധിയോടെ സാഹചര്യം പാടേ മാറി. അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തിന്റെ ചുമതലയും അധികാരവും കേന്ദ്രസര്‍ക്കാരിന്റെ തലവനെന്ന നിലയില്‍ മോഡിയില്‍ വന്നുചേര്‍ന്നു; അതും സുപ്രീംകോടതി ഉത്തരവിലൂടെ.
അയോധ്യാ പ്രക്ഷോഭത്തിനു തന്ത്രംമെനഞ്ഞ ഗോവിന്ദാചാര്യ, വാജ്പേയി ബി.ജെ.പിയുടെ മുഖംമൂടിയാണെന്ന പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നു പുറത്തായതോടെയാണ് ജനറല്‍ സെക്രട്ടറിമാത്രമായിരുന്നു മോഡി അന്നു സംഘടനാ ചുമതലയിലേക്കെത്തിയത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സോമനാഥ ക്ഷേത്രം പുതുക്കിപ്പണിയുന്നതിനും ഇതേ മാതൃകയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ട്രസ്റ്റ് രൂപീകരിച്ചത്.
ക്ഷേത്രനിര്‍മ്മാണത്തിനും പരിപാലനത്തിനും ആഗ്രഹിച്ചു വി.എച്ച്.പി. അടക്കമുള്ള വിവിധ ഹിന്ദു സംഘടനകളെ ഒതുക്കാനും അയോധ്യയുടെ പേരില്‍ വോട്ട് പിടിക്കാതെതന്നെ നിര്‍മ്മാണ ചുമതലയിലേക്ക് ഉയരാനും കോടതി ഉത്തരവിലൂടെ ഒരേസമയം മോഡിക്കു സാധിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തന്ത്രപ്രധാന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നേടിയെടുത്ത ആധിപത്യം അരക്കിട്ടുറപ്പിക്കാനും കോടതി വിധിയിലൂടെ ബി.ജെ.പിക്കു സാധിക്കും. മുന്‍ യു.പി. മുഖ്യമന്ത്രി കല്യാണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാദേശിക രഥയാത്രകളാണ് അവിടെ ബി.ജെ.പിയെ വളര്‍ത്തിയത്.
എന്നാല്‍, ക്ഷേത്രനിര്‍മ്മാണം നീണ്ടതോടെ 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റായി കുറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നല്കി മോഡി പ്രചാരണം നയിച്ചതോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കവേ രക്തചൊരിച്ചിലില്ലാതെ അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനു കളമൊരുങ്ങിയതു യോഗിക്കും വലിയ നേട്ടമാകും.
92ല്‍ അദ്വാനിയുടെ നേതൃത്വത്തില്‍ കര്‍സേവകര്‍ മസ്ജിദ് പൊളിച്ചതാണ് ഇന്നലത്തെ ചരിത്ര വിധിയിലേക്കു നയിച്ച പ്രധാനഘടകം. മസ്ജിദ് നിലനില്‍ക്കുന്ന സാഹചര്യമായിരുന്നെങ്കില്‍ പൊളിച്ചുമാറ്റി ക്ഷേത്രം പണിയാനുള്ള ഉത്തരവ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാവില്ലായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മസ്ജിദ് തകര്‍ത്തതിലും ഗൂഢാലോചനയിലുമെല്ലാം അദ്വാനിയും കല്യാണ്‍സിങ്ങും അടക്കം ഉന്നതനേതാക്കള്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിവിധ കോടതികളില്‍ വിചാരണ നടക്കുകയുമാണ്.
CLICK TO FOLLOW UKMALAYALEE.COM