ബി.ഗോപാലകൃഷ്ണന് മറുപടിയുമായി അടൂര്‍ – UKMALAYALEE

ബി.ഗോപാലകൃഷ്ണന് മറുപടിയുമായി അടൂര്‍

Friday 26 July 2019 1:52 AM UTC

തിരുവനന്തപുരം July 26: ജയ്ശ്രീറാം വിളിയുടെ പേരില്‍ തന്നെ കടന്നാക്രമിച്ച ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന് മറുപടിയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ താന്‍ പോകാം. എല്ലാ വിഷയങ്ങളിലും പ്രതികരിക്കാന്‍ തങ്ങള്‍ പ്രതരികരണ തൊഴിലാളികളല്ല. അതിനു വേണ്ടിയുള്ള ഗ്രൂപ്പുമല്ല. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

മനുഷ്യര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിനെതിരെയുള്ള കടന്നുകയറ്റം വന്നപ്പോഴാണ് പ്രതികരിച്ചത്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ സമുദായ ലഹളയിലേക്കാണ് പോകുന്നത്.

മുന്‍പും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. തങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരെയും വിമര്‍ശിച്ചിട്ടില്ലെന്നും അടൂര്‍ പറഞ്ഞു.
സംവിധായകനെന്ന നിലയില്‍ തനിക്ക് ഈ രാജ്യത്ത് കിട്ടാവുന്ന എല്ലാ അവാര്‍ഡുകളും ലഭിച്ചുകഴിഞ്ഞു.

അത് അദ്ദേഹത്തിന് അറിയാന്‍ പാടില്ലാത്ത കാര്യമാണ്. ഇനി വല്ല ഭക്ഷണസാധനങ്ങളും വേണമെങ്കില്‍ പാഴ്‌സലായി അയച്ചാല്‍ മതി- കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒന്നും കിട്ടാത്തതിനോ കിട്ടാന്‍ വേണ്ടിയോ ആണ് അടൂര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന ബി.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആള്‍ക്കൂട്ടക്കൊലയില്‍ പലരും ശിക്ഷിക്കപ്പെടാതെ പോകുകയാണ്. അതുകൊണ്ട് ആള്‍ക്കൂട്ടക്കൊലപാതങ്ങള്‍ പലരും മറയാക്കുകയാണ്. ആള്‍ക്കൂട്ടക്കൊലകളില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പറയാനുള്ളത്.

ഭരണകക്ഷിക്കോ സര്‍ക്കാരിനോ എതിരായി ഒന്നും പറഞ്ഞിട്ടില്ല. പ്രതികരിക്കുന്നവരെ ശത്രുക്കളായി കാണുന്നത് വലിയ തെറ്റാണ്. ഭൂതകാലത്ത് ഈ രാജ്യത്ത് വേണ്ടാത്ത പല കാര്യങ്ങളും നടന്നിട്ടുണ്ട്. അത് ഇനി നടക്കാന്‍ പാടില്ല.

അവര്‍ പറയുന്ന ഓരോ അബദ്ധങ്ങള്‍ക്കും മറുപടി പറയാന്‍ താന്‍ ഇല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹിയിലെ ചില ചാനലുകളില്‍ നിന്ന് തന്നെ വിളിച്ചിരുന്നു.

താന്‍ പറഞ്ഞത് അവര്‍ ഹിന്ദിയില്‍ തെറ്റായി വ്യാഖ്യാനം ചെയ്യുന്നത് കണ്ടപ്പോള്‍ വളരെ ബുദ്ധിമുട്ട് തോന്നി. അതുകണ്ടിട്ടാവണം വടക്കേ ഇന്ത്യയില്‍ നിന്ന് ചിലര്‍ തന്നെ വിളിച്ച് വളരെയധികം ക്ഷോഭിച്ചു സംസാരിച്ചു. അതുകേട്ടപ്പോള്‍ ആളുകള്‍ക്ക് ഇത്രമാത്രം ഭ്രാന്തുണ്ടോ എന്നാണ് തോന്നിയത്.

അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാളെ അധിക്ഷേപിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടുമെന്ന് ബി.ഗോപാലകൃഷ്ണന്‍ കരുതിക്കാണുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

കേരളത്തില്‍ വ്യക്തികളെ തെരഞ്ഞുപിടിച്ച് ആക്രമണം തുടരുകയാണെന്നും കമല്‍ പറഞ്ഞു. ഇന്ത്യയില്‍ എല്ലായിടത്തും ഇത്തരം ആക്രമണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും മോഡി സര്‍ക്കാരിന്റെ രണ്ടാം വരവോടെയുള്ള ധാര്‍ഷ്ട്യമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്ന് ടി.വി ചന്ദ്രന്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM